thiruvananthapuram local

ഇടതു ഭൂരിപക്ഷ പഞ്ചായത്തുകളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരെ നിശ്ചയിച്ചു; സിപിഐയില്‍ അമര്‍ഷം

കിളിമാനൂര്‍: കിളിമാനൂര്‍ ബ്ലോക്കിലെ ഇടതു ഭൂരിപക്ഷ പഞ്ചായത്തുകളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരെ നിശ്ചയിച്ചു. ഇന്നലെ ചേര്‍ന്ന സിപിഎം ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എന്നാല്‍ ഒരിടത്തും സിപിഐക്ക് ഇരു പദവികളും ഇല്ല. ഇതില്‍ സിപിഐ നേതൃത്വം അസംതൃപ്തരാണ്. പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തില്‍ സിന്ധുവും കിളിമാനൂരില്‍ രാജലക്ഷ്മി അമ്മാളും പ്രസിഡന്റാവും .ഇവരുടെ ആറു മാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം തുടരണമോ വേണ്ടയോ എന്നുതീരുമാനിക്കും. പുളിമാത്ത് പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള വിഷ്ണുവും, നഗരൂരില്‍ എം രഘുവും, കരവാരത്ത് പട്ടികജാതി വനിത സംവരണ സീറ്റില്‍ ദീപയും പള്ളിക്കലില്‍ അടുക്കൂര്‍ ഉണ്ണിയും പ്രസിഡന്റ് ആവും. നാവായിക്കുളത്തു ഭൂരിപക്ഷം കോണ്‍ഗ്രസിനാണ്. മടവൂരില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലങ്കിലും കക്ഷിരഹിതരെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് ഭരണത്തിനു ശ്രമം ആരഭിച്ചു. പഴയകുന്നുമ്മേലില്‍ കെ രാജേന്ദ്രനും കിളിമാനൂരില്‍ ദേവദാസും വൈസ് പ്രസിഡന്റായി എത്തും. എന്നാല്‍ പള്ളിക്കല്‍, പുളിമാത്ത്, കരവാരം, നഗരൂര്‍ എന്നിവിടങ്ങളില്‍ വൈസ് പ്രസിഡന്റായി ആരു വേണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. സിപിഐയുടെ കൂടി അഭിപ്രായം തേടുമെന്ന് സിപിഎം നേതൃത്വം പറയുന്നുണ്ടങ്കിലും സിപിഐക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ ഇടയില്ലെന്നു തന്നെയാണ് പുറത്തുവരുന്ന വിവരം. കിളിമാനൂരില്‍ കഴിഞ്ഞ ഭരണസമിതിയില്‍ സി പിഐക്ക് വൈസ് പ്രസിഡന്റ് സ്ഥാനം ഉണ്ടായിരുന്നു. ഇത്തവണ ജയിച്ചു വന്ന മുന്‍ ബ്ലോക്ക് അംഗം ബി എസ് റജി വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് ജില്ലാ നേതൃത്വം വഴി ആവശ്യം ഉയര്‍ത്തികഴിഞ്ഞു. എല്ലാ പഞ്ചായത്തിലും സിപിഐക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കി സിപിഐയെ ഒതുക്കാനാണ് സിപിഎം പദ്ധതിയിടുന്നത്. വ്യാഴാഴ്ച ആണ് പഞ്ചായത്തുകളില്‍ പ്രസിഡന്റ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
Next Story

RELATED STORIES

Share it