Idukki local

ഇടതു ഭരണസമിതിക്കെതിരേ അവിശ്വാസത്തിന് നോട്ടീസ് നല്‍കാനാവാതെ പ്രതിപക്ഷം

തൊടുപുഴ: വെള്ളിയാമറ്റം പഞ്ചായത്തിലെ ഇടതു ഭരണസമിതിക്കെതിരേ അവിശ്വാസത്തിന് നോട്ടീസ് നല്‍കാനാവാതെ പ്രതിപക്ഷം. 12ാം വാര്‍ഡില്‍ നിന്ന് വിജയിച്ച സ്വതന്ത്രന്‍ അനൂപ്കുമാര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് പഞ്ചായത്തില്‍ ഭരണപ്രതിസന്ധിയുണ്ടായത്. 15 അംഗ ഭരണസമിതിയില്‍ അനൂപ് ഉള്‍പ്പെടെ എട്ടുപേരുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നടത്തിവന്നത്. എന്നാല്‍ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് അനൂപ്കുമാര്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ചതായി സെക്രട്ടറിക്ക് കത്ത് നല്‍കി.  ഇതോടെ എല്‍ഡിഎഫിന് ഏഴുപേരുടെ പിന്തുണ മാത്രമായി മാറി. ഇതേ തുടര്‍ന്നാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരേ അവിശ്വാസനീക്കം ആരംഭിച്ചത്. കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങളും കോണ്‍ഗ്രസ് വിമതരായി വിജയിച്ച രണ്ടുപേരും കേരള കോണ്‍ഗ്രസിലെ (എം) ഒരു അംഗവും ഉള്‍പ്പെടെ അഞ്ചുപേരാണ് നിലവില്‍ അവിശ്വാസ നോട്ടീസ് നല്‍കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. അവിശ്വാസം ചര്‍ച്ചയ്ക്ക് വരുമ്പോള്‍ എല്‍ഡിഎഫ് ഭരണത്തിനെതിരേ നിലപാട് സ്വീകരിക്കാമെന്ന് ബിജെപിയും അറിയിച്ചിട്ടുെന്നാണ് സൂചന. ഒരു ബിജെപി അംഗവും ഒരു സ്വതന്ത്രനുമാണ് ഇവര്‍ക്കുള്ളത്. ഇവരും പ്രമേയത്തെ അനുകൂലിച്ചാല്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമാവും. പിന്തുണ പിന്‍വലിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവിശ്വാസ നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷത്തിനായിട്ടില്ല. ആദ്യം പിന്തുണ അറിയിച്ച അനൂപ് നിലപാട് മാറ്റിയതാണ് അവിശ്വാസപ്രമേയം ആവശ്യപ്പെടാന്‍ വൈകുന്നതിനുപിന്നിലെന്നാണ് സൂചന. ഇതിനിടെ അനൂപിനെ തങ്ങളുടെ പക്ഷത്തേക്ക് മടക്കിക്കൊണ്ടുവന്ന് ഭരണം നിലനിര്‍ത്താന്‍ സിപിഎം നീക്കം ആരംഭിച്ചു. സിപിഎമ്മിലെ ഷീബ രാജശേഖരനാണ് വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ്. അതേസമയം പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുകളിമൂലം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതരായി മല്‍സരിച്ച് വിജയിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ രാമന്‍, മെംബര്‍ മോഹന്‍ദാസ് പുതുശേരി എന്നിവരെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it