ഇടതു ചേരികള്‍ ഐക്യപ്പെടണം: സുധാകര്‍ റെഡ്

കൊല്ലം: ഇടതുചേരികളുടെ ശാക്തീകരണമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നു മനസ്സിലാക്കി സമാന സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി.
സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനോട് അനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശാലമായ ഇടത് സഖ്യവും മതേതര ജനാധിപത്യകക്ഷികളുടെ സഖ്യവുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. മതസൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍ അത് തകര്‍ക്കുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ് സംഘപരിവാരശക്തികള്‍ പ്രവര്‍ത്തിക്കുന്നത്.
നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ എല്ലാ മൂല്യങ്ങളും തച്ചുടയ്ക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം തകര്‍ത്തു. മോദിയുടെ ഭരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ അദാനിയും അംബാനിയും മറ്റു ചില കുത്തകകളുമാണ്. എഴുത്തുകാര്‍, ശാസ്ത്രജ്ഞര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ഫാഷിസ്റ്റ് സംഘടനാ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണ്. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരെ കൊന്നൊടുക്കി.
ജമ്മുവിലെ കഠ്‌വയില്‍ ആറുവയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവംപോലും രാഷ്ട്രീയവല്‍ക്കരിക്കാനാണ് ഹിന്ദുത്വ സംഘടനകള്‍ ശ്രമിക്കുന്നത്. ഇത് തുടരുന്നത് അനുവദിക്കാനാവില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ കരുതലോടെ ചരിത്രപരമായ ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ടെന്നും സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.
പ്രതിനിധി സമ്മേളനത്തില്‍ രാഷ്ട്രീയ റിപോര്‍ട്ട് സുധാകര്‍ റെഡ്ഡിയും സംഘടനാ റിപോര്‍ട്ട് ഡി രാജയും പൊളിറ്റിക്കല്‍ റിവ്യൂ റിപോര്‍ട്ട് ഷെമിം ഫൈസിയും അവതരിപ്പിച്ചു. റിപോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച ഇന്നും നാളെയും തുടരും.
Next Story

RELATED STORIES

Share it