thrissur local

ഇടതുസര്‍ക്കാര്‍ ജനവാസ കേന്ദ്രങ്ങളില്‍ മദ്യശാലകള്‍ തുറക്കുന്നു: ഫാ. ദേവസി പന്തല്ലൂക്കാരന്‍



തൃപ്രയാര്‍: ഇടതുസര്‍ക്കാര്‍ ജനവാസ കേന്ദ്രങ്ങളില്‍ മദ്യവില്‍പന ശാലകള്‍ തുറക്കുകയാണെന്നും മദ്യത്തിനെതിരേ ബോധവല്‍ക്കരണം നടത്തുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ബോധം ഇല്ലാതാക്കുകയാണെന്നും കെസിബിസി മദ്യവിരുദ്ധസമിതി തൃശൂര്‍ അതിരൂപത ഡയറക്ടര്‍ ഫാ. ഡോ. ദേവസി പന്തല്ലൂക്കാരന്‍ പറഞ്ഞു. എടമുട്ടം ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിവറേജസ് വിരുദ്ധ ജനകീയ സമിതി ഔട്ട്‌ലെറ്റിന് മുന്‍പില്‍ രണ്ടരമാസക്കാലമായി നടത്തുന്ന സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ മര്യാദപോലും കാണിക്കാതെയാണ് ഇടതുസര്‍ക്കാര്‍ ജനവാസ കേന്ദ്രങ്ങളില്‍ മദ്യവില്‍പനശാലകള്‍ തുറക്കുന്നതെന്ന് ഫാ. പന്തല്ലൂക്കാരന്‍ പറഞ്ഞു. അതിരൂപത മുന്‍ പ്രസിഡന്റ് ജോസ് ആലപ്പാട്ട് അധ്യക്ഷനായിരുന്നു. മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി സി സി സാജന്‍, യുവമോര്‍ച്ച മുന്‍ ജില്ലാ ജനറല്‍സെക്രട്ടറി രതീഷ് അരിമ്പൂര്‍, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി കെ എ മുര്‍ഷിദ് എന്നിവര്‍ സംസാരിച്ചു. അതിരൂപത അനിമേറ്റര്‍ സിസ്റ്റര്‍ റോസ്‌ലിന്‍ സംസാരിക്കുന്നതിനിടെ ഔട്ട്‌ലെറ്റില്‍ നിന്നെത്തിയ യുവാവ് സമരക്കാരെ പരിഹസിച്ചത് പ്രതിഷേധത്തിനിടയാക്കി. സമരക്കാരെ നോക്കി മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഇയാളുടെ പരിഹാസം. ഇതോടെ ഇയാളെ സമരക്കാര്‍ വഴിയില്‍ തടഞ്ഞു. പ്രശ്‌നമാവുമെന്ന്കണ്ട് തെറ്റുപറ്റിയെന്ന് ഇയാള്‍ പറഞ്ഞെങ്കിലും സമരക്കാര്‍ വിട്ടില്ല. തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ വലപ്പാട് എസ്‌ഐ ഇ ആര്‍ ബൈജു യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മദ്യപിച്ചിരുന്ന ഇയാളെ പോലിസ് പിന്നീട് വിട്ടയച്ചു.
Next Story

RELATED STORIES

Share it