kannur local

ഇടതുസര്‍ക്കാര്‍ കേരളംകണ്ട ഏറ്റവും വലിയ മര്‍ദക സര്‍ക്കാര്‍: വി എം സുധീരന്‍

തലശ്ശേരി: കേരളം ഇതുവരെ കണ്ടതില്‍വച്ച് ഏറ്റവും വലിയ മര്‍ദക സര്‍ക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍. എടക്കാട് പോലിസ് സ്‌റ്റേഷനില്‍ ലോക്കപ്പ് മര്‍ദനത്തിനിരയായി മരണപ്പെട്ട ഉനൈസിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്കപ്പില്‍ ക്രൂരമര്‍ദനത്തിന് ഇരയായതിനെ തുടര്‍ന്ന് ചികില്‍സതേടിയ ആശുപത്രിയിലെ പരിശോധന റിപോര്‍ട്ടുകള്‍ ഉനൈസിന്റെ ഉമ്മയുടെ മൊഴികള്‍ ഉനൈസ് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് എന്നീ ശാസ്ത്രീയവും നിഷേധിക്കാനാവാത്ത നിരവധി തെളിവുകള്‍ ഉണ്ടായിട്ടും കുറ്റകൃത്യം നടത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ യാതൊരു നടപടിയും പ്രയോഗത്തില്‍ സ്വീകരിച്ചിട്ടില്ലെന്നത് പ്രതിഷേധാര്‍ഹമാണ്. കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതോടൊപ്പം ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആദ്യത്തെ പോലിസ് ക്രൂരത അരങ്ങേറിയത് തലശ്ശേരി കുട്ടിമാക്കൂലിലെ ദലിത് കുടുംബത്തിലെ രണ്ട്  പെണ്‍കുട്ടികള്‍ക്കും ഒരു കൈക്കുഞ്ഞിനുമെതിരേയായിരുന്നു. അധികാരഭ്രാന്തില്‍ പോലിസ് വഴിവിട്ട് സഞ്ചരിക്കുമെന്ന് അന്ന് തന്നെ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പോലിസ് അതിക്രമങ്ങള്‍ അനുസ്യൂതമായി പെരുകുന്നതിന്റെ നിരവധി ചിത്രങ്ങള്‍ കേരളത്തിലെ പോലിസിന്റെ മുഖമുദ്രയായി തീരുകയാണ്. വാരപ്പുഴ സംഭവം ഇതിന്റെ ഉദാഹരണമാണ്. ഉനൈസിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും നടപടികള്‍ അനിയന്ത്രിതമായി വൈകുന്നത് നിരവധി സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുവെന്ന് മാത്രമല്ല. സര്‍ക്കാര്‍ നടപടിയുണ്ടാവുന്നില്ലെന്ന സ്ഥിതി രൂപപ്പെടുത്തുകയാണ്. ഇതുവഴി ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ വളരുകയും തുടര്‍ന്ന് പോലിസ് യൂനിഫോമിനുള്ള മാന്യത ഇല്ലാതാക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷന്‍ അംഗം ഭാരതി, കെ വി ജയരാജന്‍, പി അശ്‌റഫ്, കെ വി രതീന്ദ്രന്‍, രാജീവന്‍ തോട്ടട, അബൂട്ടി പാച്ചക്കര, ഒ സത്യന്‍, ഹംസ എടക്കാട്, കെ വിജയന്‍ എന്നീ നേതാക്കളും സുധീരനൊപ്പം ഉനൈസിന്റെ വീട് സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it