ഇടതുമുന്നണി പ്രവേശനം ഉറപ്പിക്കാന്‍ ജനജാഗ്രതാ യാത്ര

സമീര്‍ കല്ലായി

മലപ്പുറം: 22 വര്‍ഷത്തിന്റെ സഹനവുമായി ഇടതുമുന്നണി പ്രവേശനം ഉറപ്പിക്കാന്‍ ഐഎന്‍എല്‍ ജനജാഗ്രതാ യാത്ര തുടങ്ങി. കഴിഞ്ഞ ദിവസം തുളുനാടിന്റെ മണ്ണില്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍ കൈമാറിയ പതാകയുമായി സംസ്ഥാന ജന. സെക്രട്ടറി പ്രഫ. എ പി അബ്ദുല്‍ വഹാബ് യാത്ര തിരിക്കുമ്പോള്‍ രണ്ടുപതിറ്റാണ്ടിലേറെ നീണ്ട മുന്നണി പ്രവേശനം യാഥാര്‍ഥ്യമാവുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.
അസഹിഷ്ണുതയ്ക്കും സാമുദായിക ധ്രുവീകരണത്തിനുമെതിരെ നടത്തുന്ന യാത്ര ഇത്രയും കാലം മുന്നണിയിലുള്‍പ്പെടുത്താതെ തങ്ങളെ അകറ്റി നിര്‍ത്തിയ സിപിഎമ്മിനെതിരേയുള്ള ഒരൊളിയമ്പു കൂടിയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഇന്ത്യന്‍ നാഷനല്‍ ലീഗിനെ സംബന്ധിച്ച് ഇത് ജീവന്‍മരണ പോരാട്ടമാണ്. കഴിഞ്ഞ തവണ മൂന്നു സീറ്റുകളാണ് എല്‍ഡിഎഫ് വിട്ടു നല്‍കിയത്. ഇതില്‍ വിജയസാധ്യതയുള്ള കൂത്തുപറമ്പ് സീറ്റില്‍ സംസ്ഥാന അധ്യക്ഷന്‍ എസ് എ പുതിയവളപ്പില്‍ ജനതാദളിലെ മന്ത്രി കെ പി മോഹനനു മുന്നില്‍ അടിയറവു പറയുകയായിരുന്നു. കാസര്‍കോട് അസീസ് കടപ്പുറത്തിനും വേങ്ങരയില്‍ കെ പി ഇസ്മായിലിനും പ്രതീക്ഷകളൊട്ടുമുണ്ടായിരുന്നില്ല. എങ്കിലും കാസര്‍കോട്ടേയും വേങ്ങരയിലേയും പോരാട്ടം ഐഎന്‍എല്ലിന് അഭിമാന പ്രശ്‌നമായിരുന്നു. കാസര്‍കോട് പാര്‍ട്ടി വിട്ട് ലീഗില്‍ ചേര്‍ന്ന എന്‍ എ നെല്ലിക്കുന്നായിരുന്നു എതിരാളിയെങ്കില്‍ വേങ്ങരയില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെയായിരുന്നു പോരാട്ടം. ഇത്തവണ അഞ്ച് സീറ്റെങ്കിലും ഐഎന്‍എല്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ രണ്ടു സീറ്റെങ്കിലും വിജയസാധ്യതയുള്ളതായിരിക്കണമെന്ന് പാര്‍ട്ടി സിപിഎമ്മിനോടാവശ്യപ്പെട്ടിട്ടുണ്ട്. വിഎസ് മന്ത്രിസഭാ കാലത്ത് ഐഎന്‍എലിന് നിയമസഭയില്‍ പ്രാതിനിധ്യമുണ്ടായിരുന്നു. കോഴിക്കോട് രണ്ടില്‍ നിന്ന് ജയിച്ച അഡ്വ. പി എം എ സലാം പിന്നീട് ലീഗില്‍ ചേര്‍ന്നു. ആട്ടും തുപ്പുമേറ്റ വ്യാഴവട്ടത്തിനു ശേഷം ഇടതുമുന്നണിയില്‍ മുന്തിയ പരിഗണന ലഭിക്കുന്നുണ്ടെങ്കിലും മുന്നണി പ്രവേശനം നീളുകയായിരുന്നു. സംസ്ഥാന അധ്യക്ഷന്‍മാരുടെ തുടരെയുള്ള മരണമാണ് ഐഎന്‍എല്ലിനെ ആദ്യം തളര്‍ത്തിയത്. സി കെ പി ചെറിയ മമ്മുക്കേയിയും പി എം അബൂബക്കറും യു എ ബീരാനും എം ജെ സക്കറിയ സേട്ടുമൊക്കെ അധ്യക്ഷന്‍മാരായിരിക്കെയാണ് മരണപ്പെട്ടത്. ആദ്യകാല നേതാക്കളായ ഷാഫി ചാലിയവും ജാഫര്‍ അത്തോളിയുമൊക്കെ പാര്‍ട്ടി വിട്ടതും ക്ഷീണമായി. ഏറ്റവും ഒടുവില്‍ പി എം എ സലാമിനൊപ്പം പാര്‍ട്ടി സ്ഥാപക അധ്യക്ഷന്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മക്കളും ലീഗിലേക്കു മടങ്ങി. എണ്ണത്തിലും വണ്ണത്തിലും സിപിഎമ്മും സിപിഐയും കഴിഞ്ഞാല്‍ എല്‍ഡിഎഫിലെ മൂന്നാംകക്ഷിയാണെങ്കിലും അതിനനുസരിച്ച പ്രാമുഖ്യം ഇനിയും ഐഎന്‍എല്ലിനു ലഭിച്ചിട്ടില്ല.
Next Story

RELATED STORIES

Share it