Flash News

ഇടതുമുന്നണിയുടെ ലക്ഷ്യം അഴിമതിരഹിത സര്‍ക്കാര്‍ : പിണറായി വിജയന്‍



കോഴിക്കോട്: അഴിമതി കുറഞ്ഞ സര്‍ക്കാരല്ല, അഴിമതിരഹിത സര്‍ക്കാരാണ് ഇടതുമുന്നണിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ അഴിമതി കുറഞ്ഞ സര്‍ക്കാര്‍ എന്ന ബഹുമതി കേരളത്തിനു ലഭിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ സംവിധാനത്തില്‍ മേല്‍ത്തട്ടിലെ അഴിമതി ഇല്ലാതായെന്നും എന്നാല്‍ സിവില്‍ സര്‍വീസില്‍ ചിലര്‍ ഇപ്പോഴും അതു തുടരുന്നുവെന്നും അത്തരക്കാരോട് സര്‍ക്കാരിന് ഒരു ദാക്ഷിണ്യവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയലുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കും. ഇ-ഗവേണന്‍സ് നടപ്പാക്കാന്‍ പോവുകയാണ്. എല്ലാ മുതിര്‍ന്ന ഓഫിസര്‍മാര്‍ക്കും മന്ത്രിമാര്‍ക്കും ഫയലുകളുടെ സ്ഥിതി അറിയാനാവും. നാട്ടിലെ എല്ലാ കാര്യങ്ങളിലും വര്‍ഗീയശക്തികള്‍ ഇടപെടാന്‍ കാത്തിരിക്കുകയാണ്. മനുഷ്യരുടെ ഭക്ഷണസ്വാതന്ത്ര്യത്തിലും വസ്ത്രസ്വാതന്ത്ര്യത്തിലും ഇടപെടാന്‍ ഒരു ശക്തിയെയും എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പത്മശ്രീ ജേതാക്കളായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, മീനാക്ഷി ഗുരുക്കള്‍ എന്നിവരെ ചടങ്ങില്‍ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ച് ഉപഹാരങ്ങള്‍ നല്‍കി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി തോമസ്, ടി പി രാമകൃഷ്ണന്‍,  കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സംവിധായകന്‍ രഞ്ജിത്, ജില്ലാ കലക്ടര്‍ യു വി ജോസ് സംസാരിച്ചു.
Next Story

RELATED STORIES

Share it