Idukki local

ഇടതുമുന്നണിയുടെ മിനി മധുവിന് അട്ടിമറി ജയം

തൊടുപുഴ: തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് അട്ടിമറി ജയം. അസാധുവിലൂടെയെത്തിയ ഭാഗ്യമാണ് നറുക്കെടുപ്പിലൂടെ നഗരസഭാ അധ്യക്ഷ സ്ഥാനത്തെത്താന്‍ സിപിഎമ്മിന്റെ മിനിമധുവിന് വഴിയൊരുക്കിയത്. 2000നു ശേഷം 18വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സിപിഎമ്മിന് നഗരസഭയുടെ ഭരണം കിട്ടുന്നത്.
നിലവിലെ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍നായരുടെ വോട്ട് കൈയ്യബദ്ധത്തിലൂടെ അസാധുവായതോടെയാണ് തുല്യവോട്ടുകള്‍ നേടാന്‍ ഇടതിന്റെ മിനി മധുവിന് കഴിഞ്ഞത്. അതേസയം, അസാധു വോട്ട് യുഡിഎഫില്‍ മറ്റൊരു വിവാദത്തിനും കളമൊരുക്കിയിരിക്കുകയാണ്.ഇതിനിടെ മുന്നണി ധാരണ പ്രകാരം വൈസ് ചെയര്‍മാന്‍ സ്ഥാനം സുധാകരന്‍നായര്‍ രാജിവെച്ചു. രാജിക്കത്ത് സെക്രട്ടറിക്ക് കൈമാറി.ആദ്യഘട്ടത്തില്‍ ശരിയായ നിലയിലാണ് സുധാകരന്‍ നായര്‍ വോട്ടു ചെയ്തിരുന്നത്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പിഴവു പറ്റിയതാണ് ആസൂത്രിതമെന്ന സംശയമുയര്‍ത്തുന്നത്.വോട്ടുചെയ്യാനെത്തുന്ന ഓരോ അംഗത്തോടും വോട്ടുചെയ്യേണ്ട വിധം വരണാധികാരി മൂന്നു തവണ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്നിട്ടും ബാലറ്റ്‌പേപ്പറില്‍ അടയാളം രേഖപ്പെടുത്തുന്നതിനു പകരം സ്വന്തം ഒപ്പിടുകയായിരുന്നു സുധാകരന്‍നായര്‍.അതോടെ വോട്ട് അസാധുവായി.
യുഡിഎഫ് ധാരണപ്രകാരം സഫിയ ജബ്ബാര്‍ രാജി വച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫിലെ മിനി മധുവിന് 13, യുഡിഎഫിലെ ജെസ്സി ആന്റണിയ്ക്ക് 14, ബി ജെ പിയിലെ ബിന്ദു പത്മകുമാറിന് എട്ട് എന്നിങ്ങനെ വോട്ടുകള്‍ ലഭിച്ചു.എല്‍ഡിഎഫ്-യുഡിഎഫ് നേരിട്ടു മല്‍സരം നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍നായരുടെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് മിനി മധുവിനും ജെസ്സി ആന്റണിക്കും 13 വോട്ടുകള്‍ വീതം ലഭിച്ചു. ബിജെപി അംഗങ്ങള്‍ വോട്ടുകള്‍ അസാധുവാക്കി.
ഇതേത്തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പിലാണ് ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി ചെയര്‍പേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ടത്.നഗരസഭയിലെ 25ാം വാര്‍ഡ് കൗണ്‍സിലറാണ് വീട്ടമ്മയായ മിനി മധു. ഒളമറ്റം കന്നുവീട്ടില്‍ കുടുംബാംഗമാണ്. തൊടുപുഴ നഗരസഭാ കൗണ്‍സിലില്‍ യുഡിഎഫ് പക്ഷത്ത് പതിനാലും എല്‍ഡിഎഫിന് പതിമൂന്നും ബിജെപി പക്ഷത്ത് എട്ടും അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണ ബിജെപി നിഷ്പക്ഷ നിലപാടു സ്വീകരിച്ചതിനാലാണു യുഡിഎഫിനു ഭരണം ലഭിച്ചത്. ഇത്തവണയും ബിജെപി നിഷ്പക്ഷ നിലപാടു സ്വീകരിച്ചതാണു ഇടതു-യുഡിഎഫ് മല്‍സരത്തിന് വേദിയൊരുക്കിയത്.
ഇടുക്കി ആര്‍ഡിഒ എം പി വിനോദായിരുന്നു റിട്ടേണിങ് ഓഫിസര്‍.
Next Story

RELATED STORIES

Share it