kozhikode local

ഇടതുഭരണത്തിലും പ്രസിഡന്റിനെ കണ്ടെത്താനാവാതെ ഭരണ സമിതി

താമരശ്ശേരി: ഭരണം കിട്ടി മൂന്നു വര്‍ഷമാവാറായിട്ടും സ്വന്തമായി പ്രസിഡന്റിനെ കണ്ടെത്താനാവാതെ ഇടതുമുന്നണി ത്രിശങ്കുവില്‍. കഴിഞ്ഞ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഞെട്ടിച്ച് ഇടതു മുന്നണി പുതുപ്പാടിയില്‍ ഭരണം പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി സംവരണമായതിനാല്‍ ഇടതുമുന്നമിയില്‍ നിന്നും ഒരാള്‍ പോലുമില്ലാതെ ഭരണം നേടിയിട്ടും പ്രസിഡന്റ് സ്ഥാനം യുഡിഎഫിനു വിട്ടുകൊടുക്കേണ്ട ഗതികേടിലായി. 21 അംഗങ്ങളില്‍ എല്‍ഡിഎഫിനു 12 പേരും യുഡിഎഫിനു ഒമ്പതുപേരുമാണ് വിജയിച്ചു ഭരണസമിതിയില്‍ എത്തിയത്.
ഇതില്‍ യുഡിഎഫില്‍ നിന്നും മൂന്ന് പട്ടിക ജാതിക്കാരെ വിജയിപ്പിച്ചപ്പോള്‍ ഇടതു മുന്നണിയില്‍ നിന്നും ഒരാളെ പോലും വിജയിപ്പിക്കാന്‍ സാധിച്ചില്ല. ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവരുടെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെ മനസ്സിലാവും. പ്രധാന നേതാക്കള്‍ എല്ലാം തന്നെ മല്‍സര രംഗത്തു നിന്നും മാറി നിന്നിരുന്നു. പ്രസിഡന്റ് ഇല്ലാതെ ഭരണം പ്രതിസന്ധിയിലായതോടെ യുഡിഎഫിനു പ്രസിഡന്റ് പദവി നല്‍കാന്‍ എല്‍ഡിഎഫ്് നിര്‍ബന്ധിതരായി. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെ അംബിക മംഗലത്ത് പ്രസിഡന്റായി ചുമതലയേറ്റു.
പ്രസിഡന്റും ഭരണ സമിതിയും തമ്മില്‍ അസ്വാരസ്യമായതോടെ ഇവര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിനു ഇടതുമുന്നണി തയ്യാറായപ്പോള്‍ ഭരണത്തെ പ്രതിസന്ധിയിലാക്കി അംബിക രാജിവെച്ചു. വീണ്ടും പ്രസിഡന്റ് ഇല്ലാതെ മാസങ്ങള്‍ കടന്നുപോയി.
ഇതേ തുടര്‍ന്ന് യുഡിഎഫില്‍ നിന്നും വീണ്ടു പ്രസിഡന്റിനെ തിരഞ്ഞെടുത്തു. കാവും പുറം വാര്‍ഡില്‍ നിന്നും സിപിഐ നേതാവിനെ പരാജയപ്പെടുത്തിയ ദലിത് ലീഗിലെ കെ കെ നന്ദകുമാര്‍ പ്രസിഡണ്ടായി ചുമതലയേറ്റു. ഇടതു കോട്ടയില്‍ സിപിഐയെ പരാജയപ്പെടുത്താന്‍ മുന്നണിക്കാര്‍ തന്നെ ചരടുവലിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. നന്ദകുമാറിനു സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ ഒരുവര്‍ഷവും ഒമ്പത് മാസത്തിനു ശേഷം അദ്ദേഹം സ്ഥാനം രാജിവെച്ചു.
തുടര്‍ന്ന് ഭരണ പ്രതിസന്ധി ഉടലെടുത്തു. ഇതിനെ തുടര്‍ന്ന് ഇന്നലെ പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം അംബിക മംഗലത്ത് വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥിയാക്കി. എന്നാല്‍ തിരഞ്ഞെടുപ്പ് എല്‍ഡിഎഫ് ബഹിഷ്‌കരിച്ചതോടെ ഗ്രാമപ്പഞ്ചായത്ത് ഭരണംപ്രതിസന്ധിയിലായി. ഗ്രാമപ്പഞ്ചായത്ത് ഭരണം കിട്ടി മൂന്ന് വര്‍ഷത്തോളമായിട്ടും പട്ടിക ജാതി വിഭാഗത്തില്‍ നിന്നും ഒരാളെ വിജയിപ്പിച്ചെടുക്കാന്‍ എല്‍ഡിഎഫിനു കഴിയാത്തത് ഏറെ ചര്‍ച്ചയാവുന്നു.
Next Story

RELATED STORIES

Share it