ഇടതുപക്ഷ ബദല്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു വീഴ്ചയുണ്ടായി- എസ്ആര്‍പി

തിരുവനന്തപുരം: രാജ്യത്ത് ഇടതുപക്ഷ രാഷ്ട്രീയ ബദല്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അടുത്ത കാലത്തു വീഴ്ചയുണ്ടായതായി സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഘടനാ പ്രവര്‍ത്തനം ഔപചാരികവും ചട്ടപ്പടിയുമായി ചുരുങ്ങിയിട്ടുണ്ട്. ഇതിനെയൊക്കെ മറികടക്കാന്‍ ഇടതുപക്ഷ എതിരാളികളെയും കമ്മ്യൂണിസ്റ്റ് ഇതരരെയും ഉള്‍പ്പെടുത്തി വിശാലമായ പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നാലാം കേരളപഠന കോണ്‍ഗ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താല്‍ക്കാലികമായി ഉണ്ടാക്കിയ ചില തിരഞ്ഞെടുപ്പ് സഖ്യങ്ങള്‍ ഇടതുപക്ഷ മതേതര ബദല്‍ എന്ന കാഴ്ചപ്പാടിനെ തളര്‍ത്തുന്നതിനിടയാക്കി. ഗ്രാമ-നഗരങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ കണക്കിലെടുത്ത് രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉണ്ടാക്കുന്നതിന് കൂടുതല്‍ ശ്രദ്ധിക്കണം. സംഘടനയെ ശക്തിപ്പെടുത്തിയാല്‍ മാത്രമേ ജനകീയ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ പ്രാപ്തമായ ഇടതുബദലുകള്‍ സൃഷ്ടിക്കാന്‍ സാധിക്കൂ. ബദലുകള്‍ സൃഷ്ടിച്ചാല്‍ മാത്രം പോരാ, പ്രക്ഷോഭങ്ങളുണ്ടാവണം. യുവാക്കളെയും സ്ത്രീകളെയും ആകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങളുണ്ടാവണം.
ദലിത്, ആദിവാസി വിഭാഗങ്ങളെ രക്ഷിക്കാന്‍ സാമൂഹിക ഇടപെടലുണ്ടാവണം. വര്‍ഗശക്തികളുടെ ശാക്തിക ബലാബലം പരിശോധിച്ചാല്‍ ഇന്ത്യയില്‍ ഇടതുപക്ഷം ദുര്‍ബലമാണ്. യുപിഎയും എന്‍ഡിഎയും പ്രദേശിക രാഷ്ട്രീയ കക്ഷികളുമെല്ലാം ബൂര്‍ഷ്വാരാഷ്ട്രീയം പിന്തുടരുകയാണ്. ഭൂരിപക്ഷ വര്‍ഗീയത എല്ലാ മേഖലയിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നു. ഈ സാഹചര്യത്തില്‍ ഇടതു ബദലുകളുടെ പ്രസക്തി വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it