ഇടതുപക്ഷത്തിന്റെ കോണ്‍ഗ്രസ് വിരോധം വേദനാജനകം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ബിജെപിക്കെതിരേ ഒന്നിച്ചുപോവേണ്ട സമയത്ത് ഇടതുപക്ഷം അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ മാറിനില്‍ക്കുന്നത് വേദനാജനകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125ാം ജന്‍മവാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടന്ന 'സഹിഷ്ണുതാദിന'സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുതയ്‌ക്കെതിരായി ഇന്ത്യയിലുടനീളം പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം ഉളവാക്കിയ തിരിച്ചടി അതിനുദാഹരണമാണ്. ഇതു തിരിച്ചറിയാനും തിരുത്താനും തയ്യാറായില്ലെങ്കില്‍ അത് മോദിഭരണത്തിന്റെ അന്ത്യം കുറിക്കും. സഹിഷ്ണുതയാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി. വിമര്‍ശനങ്ങളെ നെഹ്‌റു എല്ലായിപ്പോഴും സ്വാഗതം ചെയ്തിരുന്നു. ലോകത്തിനു തന്നെ അദ്ദേഹം മാതൃകയായിരുന്നു. പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ക്ക് നെഹ്‌റു വളരെയധികം പ്രാധാന്യം നല്‍കി. ഏതു പ്രശ്‌നവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിച്ചു. അതാണ് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയതെന്നും അതില്‍നിന്നു മോദി സര്‍ക്കാര്‍ പിറകോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍എസ്എസിന്റെ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഇന്ത്യയെങ്ങും ശ്രമം നടക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന, തമ്മിലടിപ്പിക്കുന്ന അധര്‍മത്തിന്റെ ശക്തിയായി ആര്‍എസ്എസ് മുന്നോട്ടുപോവുന്നു. ഇതിനെതിരേ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ജനങ്ങളുടെ കൂട്ടായ്മ രൂപപ്പെടണം.താല്‍ക്കാലിക രാഷ്ട്രീയനേട്ടത്തിനു വേണ്ടി നിലകൊള്ളുന്ന ആര്‍എസ്എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോദിഭരണകൂടം ഇന്നു ജനങ്ങള്‍ക്ക് ഭാരമായിത്തീര്‍ന്നിരിക്കുകയാണ്. അസഹിഷ്ണുതയെക്കുറിച്ച് ബ്രിട്ടനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്ന അവസരത്തില്‍ തന്നെയാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ കേരളീയജനതയുടെ ആത്മാഭിമാനത്തിന് പോറലേല്‍പ്പിക്കുന്ന വിധത്തിലുള്ള ലേഖനം പ്രസിദ്ധീകരിച്ചതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി
മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, മുന്‍ ഗവര്‍ണര്‍ എം എം ജേക്കബ്ബ്, ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ടി ശരത്ചന്ദ്രപ്രസാദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it