kannur local

ഇടതുകോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ യുഡിഎഫ്

ലിഗേഷ് വി സുബ്രഹ്മണ്യന്‍

പയ്യന്നൂര്‍: ഇടതു-വലതു മുന്നണികളില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയാണ് പയ്യന്നൂരിന്റെ തിരഞ്ഞെടുപ്പ് ചിത്രം പൂര്‍ത്തിയാക്കിയത്. സംസ്ഥാന നേതൃത്വത്തിന്റെ അവസാന തീരുമാനം ഇരു മുന്നണികള്‍ക്കും കാത്തിരിക്കേണ്ട വന്ന അപൂര്‍വം ചില മണ്ഡലങ്ങളില്‍ ഒന്ന്. പൊതുവെ ഇടതു കോട്ടയായ മണ്ഡലത്തില്‍ ഭൂരിപക്ഷം കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും ബിജെപിയും. ചിത്രം തെളിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംഎല്‍എ സി കൃഷ്ണനും യുഡിഎഫ് സ്ഥാനാര്‍ഥിയായി കാസര്‍കോട് ലോക്‌സഭാ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സാജിദ് മൗവ്വലുമാണ് അങ്കത്തട്ടിലുള്ള പ്രമുഖര്‍. ആലക്കോട് കാര്‍ത്തികപുരം സ്വദേശിനി ആനിയമ്മ രാജേന്ദ്രനാണു മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷം നേടിയാണ് സി കൃഷ്ണന്‍ മണ്ഡലത്തില്‍ വിജയിച്ചത്.
എന്നാല്‍ വികസനകാര്യങ്ങളിലെ പിറകോട്ടടി ചൂണ്ടിക്കാട്ടി ഇത്തവണ സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് ഒരുവിഭാഗം എതിര്‍പ്പുമായി രംഗത്തെത്തിയതോടെ ഇടതുകോട്ടയിലെ അസ്വാരസ്യം മറനീക്കി പുറത്തുചാടി. പതിവിനു വിപരീതമായി ഇടതുപക്ഷത്തു നിന്നുള്ള ആദ്യ വെടിയൊച്ചകള്‍ പയ്യന്നൂരിനെ ചര്‍ച്ചകള്‍ക്കുള്ള വേദിയുമാക്കി. ഒറ്റത്തവണ എംഎല്‍എ ആയവര്‍ക്ക് ഒരവസരം കൂടി നല്‍കണമെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം തള്ളിപ്പറയുന്ന തരത്തിലായിരുന്നു പിന്നീട് മണ്ഡലത്തിലെ മുറുമുറുപ്പുകള്‍. പരസ്യമായി രംഗത്തു വന്നില്ലെങ്കിലും അടിക്കടിയുണ്ടായ മണ്ഡലം കമ്മിറ്റി പ്രതികരണ ചര്‍ച്ചകള്‍ വാര്‍ത്തയായി.
സിറ്റിങ് എംഎല്‍എയെ മാറ്റി ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനനെ സ്ഥാനര്‍ഥിയാക്കണമെന്നായിരുന്ന പ്രധാന ആരോപണം. അല്ലെങ്കില്‍ മൂന്നാമതൊരാളെ കണ്ടെത്തണമെന്നും പ്രാദേശിക എതിര്‍പ്പുകളില്‍ ഉയര്‍ന്നു വന്നു. പ്രശ്‌നം മണ്ഡലം കമ്മിറ്റിയില്‍ നിന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ വരെ മുഖ്യ അജണ്ടയായി. ഏറ്റവും ഒടുവില്‍ പ്രാദേശിക എതിര്‍പ്പുകളെ തള്ളിക്കളഞ്ഞ് സംസ്ഥാന നേതൃത്വം സി കൃഷ്ണന്റെ പേരു തന്നെ പ്രഖ്യാപിച്ചതോടെ പ്രശ്‌നം ശാന്തമായി. എന്നാല്‍ ഇടതുകോട്ടയിലുണ്ടായ ഈ അസ്വാരസ്യം മുതലെടുക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിയെ തേടിയുള്ള യാത്രയിലായിരുന്നു അപ്പോഴും യുഡിഎഫ് ക്യാംപ്. കെപിസിസി നേതൃത്വം അവസാന സ്ഥാര്‍ഥി നിര്‍ണയത്തിനായി മാറ്റി വെച്ച മൂന്ന് മണ്ഡലങ്ങളില്‍ ഒന്ന് പയ്യന്നൂരായിരുന്നു. ജനകീയ മുഖം തേടിയുള്ള യാത്ര എന്നാല്‍ ഫലം കണ്ടില്ലെന്നതാണ് മറ്റൊരു സത്യം. ഡിസിസി പ്രസിഡന്റ് മുതല്‍ ഫോക്‌ലോര്‍ അക്കാദമി പ്രസിഡന്റുവരെ പട്ടികയില്‍ വന്നുപോയെങ്കിലും ഒന്നും നടന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. ബ്രിജേഷ് കുമാറിനെ മാറ്റി നിലവിലെ ലോക്‌സഭാ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സാജിദ് മൗവ്വലിനെ സ്ഥാനാര്‍ഥിയാക്കുന്നതാണ് പിന്നീടു കണ്ടത്. ഒരു ഘട്ടത്തില്‍ ആര്‍എസ്പിക്കു വേണ്ടി പയ്യന്നൂരിനെ വിട്ടു നല്‍കുമെന്നുള്ള തീരുമാനവും ഇതിനിടെയില്‍ ഉയര്‍ന്നു വന്നു. ആര്‍എസ്പി ജില്ലാ സെക്രട്ടറിയായ ഇല്ലിക്കല്‍ അഗസ്തിയെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍ കോണ്‍ഗ്രസ് ചരിത്രം ഉറങ്ങുന്ന പയ്യന്നൂരില്‍ ഘടക കക്ഷിയെ മല്‍സരിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രാദേശിക എതിര്‍പ്പ് പ്രകടമായി. മണ്ഡലത്തില്‍ മല്‍സരിക്കാന്‍ വേരോട്ടമില്ലെന്ന സത്യം ആര്‍എസ്പി നേതൃത്വത്തെയും പിറകോട്ടടിപ്പിച്ചു.
ഇതിനെതിരേ പോസ്റ്റര്‍ പ്രചരണവും ഉയര്‍ന്നതോടെ തീരുമാനം മാറി. യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീണ്ടതോടെ എല്‍ഡിഎഫ് മാത്രമായിരുന്നു ആഴ്ചകളോളം മണ്ഡലത്തിലെ പ്രചരണ പരിപാടികളില്‍ നിറഞ്ഞു നിന്നത്. മണ്ഡലത്തോടുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അവഗണന ചൂണ്ടിക്കാട്ടിയും മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരം.
ചുവരെഴുത്തുകളും ഫഌക്‌സ് ബോര്‍ഡുകളും ഇതിനകം മണ്ഡലത്തിലെ മിക്ക ഭാഗങ്ങളിലും ഉയര്‍ന്നു കഴിഞ്ഞു. ഇതിനു പുറമേ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി 15 ഓളം വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ സി കൃഷ്ണന്‍ പുറത്തിറക്കി. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ 32,124 വോട്ടിന്റെ ഭൂരപക്ഷത്തില്‍ ജയിച്ച ആത്മവിശ്വാസത്തിലാണ് സി കൃഷ്ണന്‍. ബീഡിത്തൊഴിലൂടെ സിഐടിയുവിലെത്തിയ ഇദ്ദേഹം പയ്യന്നൂര്‍ക്കാര്‍ക്ക് സുപരിചതിനായ കറകളഞ്ഞ നേതാവാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറിയും ഖാദി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി സംഘടനാ കാര്യത്തില്‍ പിറകോട്ടുപോവാത്ത നേതാവ്. സിപിഎമ്മിന്റെ അവിഭക്ത പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയായിരുന്നു 67 തികഞ്ഞ സി കൃഷ്ണന്‍. കരിവെള്ളൂര്‍ കുണിയനിലെ പരേതരായ പാവൂര്‍ കണ്ണന്‍- ചെറൂട്ട ചിരി ദമ്പതികളുടെ മകനാണ്. ഭാര്യ: തൈവളപ്പില്‍ രാജവല്ലി. മക്കള്‍: ഷിജിത്ത്, സജിത്ത്. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അനുഗ്രഹം വാങ്ങിയായിരുന്നു സാജിദിന്റെ മണ്ഡലത്തിലെ പ്രചാരണ തുടക്കം. ഇടതു സ്ഥാനാര്‍ഥികള്‍ മാത്രം ജയിക്കുന്ന മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് സാജിദ് വോട്ട് തേടുന്നത്. കാസര്‍കോട് പള്ളിക്കര പഞ്ചായത്തിലെ ബേക്കല്‍ മൗവ്വല്‍ സ്വദേശിയാണു 34 കാരനായ സാജിദ് മൗവ്വല്‍. കാസര്‍കോട് ജില്ലാ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്നു.
കണ്ണൂര്‍ സര്‍വകലാശാല ബോക്‌സിങ് ടീമിലും കാസര്‍കോട് ജില്ലാ ബോക്‌സിങ് ടീമിലും അംഗമായിരുന്നു. പരേതനായ കെ എം മുഹമ്മദ്-എം മൈമൂന ദമ്പതികളുടെ മകന്‍. ഭാര്യ: റോസിന. മകള്‍: ആയിഷ സിര്‍വ. ബിജെപി സ്ഥാനാര്‍ഥിയായ 51 വയസുകാരിയായ ആനിയമ്മ രാജേന്ദ്രന്‍ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റായി 2005 ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ മല്‍സരിച്ചിരുന്നു. കരുവഞ്ചാല്‍ ലിറ്റില്‍ ഫഌവര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്.
പരേതനായ കിഴക്കേപ്പറമ്പില്‍ കുരുവിള-റോസമ്മ ദമ്പതികളുടെ മകള്‍. ഭര്‍ത്താവ്: കെ ആര്‍ രാജേന്ദ്രന്‍ ബിജെപി ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റി അംഗമാണ്. മക്കള്‍: അമൃത, അഞ്ജലി, അതുല്യ. മൂന്ന് മുന്നണികള്‍ക്കും പുറമേ സിപിഎം (എല്‍) റെഡ്സ്റ്റാര്‍ സ്ഥാനാര്‍ഥിയും മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it