ഇടതില്‍ ധാരണ

സ്വന്തം  പ്രതിനിധിതിരുവനന്തപുരം: നിരവധി ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കുമിടെ ഇടതുമുന്നണിയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. ഇന്നലെ ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് സീറ്റുകള്‍ സംബന്ധിച്ചു തീരുമാനമായത്. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ സിപിഎം 92 സീറ്റിലും സിപിഐ 27 സീറ്റിലും ജനവിധി തേടും. കഴിഞ്ഞ തവണത്തെ അതേ സീറ്റുകളിലാവും സിപിഐ മല്‍സരിക്കുക. ജനതാദള്‍ എസിന് അഞ്ചും ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിനും എന്‍സിപിക്കും നാലുവീതവും സീറ്റുകള്‍ ലഭിച്ചപ്പോള്‍ ഐഎന്‍എല്ലിന് മൂന്നും കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം, കേരള കോണ്‍ഗ്രസ്-എസ്, കേരള കോണ്‍ഗ്രസ്-ബി, സിഎംപി, ആര്‍എസ്പി-എല്‍ കക്ഷികള്‍ക്ക് ഓരോ സീറ്റും കിട്ടി. എന്നാല്‍ ജെഎസ്എസിനും പി സി ജോര്‍ജിനും സീറ്റ് നല്‍കിയില്ല. സിപിഎം മല്‍സരിച്ചിരുന്ന ചങ്ങനാശ്ശേരി, പൂഞ്ഞാര്‍, ഇടുക്കി സീറ്റുകള്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന് വിട്ടുനല്‍കിയതാണ് ഏറ്റവും  ശ്രദ്ധേയം. പകരം അരുവിക്കരയിലും ഇരവിപുരത്തും സിപിഎം സ്ഥാനാര്‍ഥികളെ നിര്‍ത്തും. കേരളാ കോണ്‍ഗ്രസ് മല്‍സരിച്ചിരുന്ന തിരുവനന്തപുരം സെന്‍ട്രലും ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന് നല്‍കി. വടകര, ചിറ്റൂര്‍, അങ്കമാലി, കോവളം, തിരുവല്ല മണ്ഡലങ്ങളിലാണു ജനതാദള്‍-എസ് മല്‍സരിക്കുക. കുട്ടനാട്, ഏലത്തൂര്‍, പാലാ, കോട്ടക്കല്‍ സീറ്റുകളാണ് എന്‍സിപിക്ക്. കാസര്‍കോട്, കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ ഐഎന്‍എല്‍ മല്‍സരിക്കും. കോണ്‍ഗ്രസ്-എസ്സിന് നിലവിലെ കണ്ണൂര്‍ സീറ്റ് തന്നെ ലഭിച്ചു. കേരളാ കോണ്‍ഗ്രസ് സ്‌കറിയാ വിഭാഗത്തിന് കടുത്തുരുത്തിയും സിഎംപിക്ക് ചവറയും ആര്‍എസ്പി-ലെനിനിസ്റ്റിന് കുന്നത്തൂരും കേരളാ കോണ്‍ഗ്രസ്-ബിക്ക് പത്തനാപുരവുമാണു നല്‍കിയത്. സ്‌കറിയാ തോമസ് വിഭാഗത്തിനുണ്ടായിരുന്ന മൂന്ന് സീറ്റുകളില്‍ നിന്ന് തിരുവനന്തപുരം, കോതമംഗലം സീറ്റുകള്‍ എടുത്തുമാറ്റി കടുത്തുരുത്തി മാത്രം നിലനിര്‍ത്തി. മുന്നണിയിലും പുറത്തുമുള്ള എല്ലാ പാര്‍ട്ടികളുമായും ഉഭയകക്ഷി ചര്‍ച്ച നടത്തിയതിനു ശേഷമാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതെന്ന് എല്‍ഡിഎഫ് യോഗത്തിനു ശേഷം കണ്‍വീനര്‍ വൈക്കം വിശ്വന്‍ വ്യക്തമാക്കി. ഇന്നലെ വന്നോ മിനിഞ്ഞാന്നു വന്നോ എന്നു നോക്കിയല്ല  പാര്‍ട്ടികള്‍ക്ക് സീറ്റ് നല്‍കിയത്. ജയസാധ്യത തന്നെയാണു മാനദണ്ഡം.  പി സി ജോര്‍ജിനെ ചതിച്ചിട്ടില്ലെന്നാണു തന്റെ വിശ്വാസം. സീറ്റ് കൊടുക്കാതിരുന്നാല്‍ മാത്രം ചതിയായി വിലയിരുത്താനാവില്ല. ഓരോ സ്ഥലത്തെയും പ്രത്യേകത അനുസരിച്ചാണ് ഓരോ പാര്‍ട്ടിക്കും സീറ്റുകള്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അടുത്തമാസം ഏഴിനകം എല്ലാ മണ്ഡലങ്ങളിലും കണ്‍വന്‍ഷനുകള്‍ ചേരാന്‍ തീരുമാനിച്ചു. എല്‍ഡിഎഫിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
Next Story

RELATED STORIES

Share it