Kottayam Local

ഇടതിനും വലതിനും ബിജെപിക്കും ഇന്നു സ്വതന്ത്രയുടെ സത്യവാചകം

എരുമേലി: 23ല്‍ 14 നേടി എരുമേലി ഭരിക്കാനൊരുങ്ങുന്ന ഇടതിനും ഏഴ് അംഗങ്ങളുള്ള പ്രതിപക്ഷത്തിനും ബിജെപിയുടെ ഏക അംഗത്തിനും ഇന്നു സ്വതന്ത്ര അംഗം സത്യവാചകം ചൊല്ലി അധികാര കൈമാറ്റം നടത്തും. എരുമേലിയിലാണു വിധി നിര്‍ണയിച്ചതിനു ശേഷമുള്ള അപ്രതീക്ഷിതമായി സ്വതന്ത്രയുടെ സത്യവാചകത്തില്‍ അംഗങ്ങള്‍ ചുമതലയേല്‍ക്കുന്നത്.
പഞ്ചായത്ത് അംഗമായി വിജയിച്ച 23 പേരില്‍ ഏറ്റവും മുതിര്‍ന്ന അംഗം മുട്ടപ്പള്ളി വാര്‍ഡില്‍ നിന്നു വിജയിച്ച കുഞ്ഞമ്മ ടീച്ചറാണ്. മുതിര്‍ന്ന അംഗമാണ് സത്യവാചകം ചൊല്ലി മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നിര്‍വഹിക്കുന്നത്. ഇത്തവണ എരുമേലിയിലെ മുതിര്‍ന്ന അംഗം കുഞ്ഞമ്മടീച്ചറാണ്. ഇതു വിധിയുടെ നിയോഗമാണെന്ന് ടീച്ചര്‍ പറയുന്നു. ഇടതിനെയും വലതിനെയും ബിജെപിയെയും തോല്‍പ്പിച്ച് അംഗമാവാന്‍ എരുമേലിയില്‍ ഇത്തവണ ഭാഗ്യം ലഭിച്ചത് ടീച്ചര്‍ക്കാണ്. മുന്നണികളെയും സ്വതന്ത്രരെയും കടത്തിവെട്ടി വിജയിക്കാന്‍ ടീച്ചര്‍ക്ക് വഴിയൊരുക്കിയത് ടീച്ചറെ പുറത്താക്കിയ സിപിഎം ആണ്. ഇടതുപക്ഷത്തെ ധാരണപ്രകാരം സിപിഐക്കായിരുന്നു സീറ്റ്. എന്നാല്‍ സിപിഎം അംഗമായി ടീച്ചര്‍ പിന്മാറാതെ മല്‍സര രംഗത്ത് തുടര്‍ന്നു. ഒടുവില്‍ എല്ലാവരെയും പരാജയപ്പെടുത്തി ടീച്ചര്‍ വിജയിച്ചു. ഇതിനിടെ ടീച്ചറെ പുറത്താക്കിയതായി സിപിഎം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇതു പേരിനു മാത്രമാണെന്നു ഫലം പുറത്തുവന്നപ്പോള്‍ വ്യക്തമായി. പുറത്താക്കിയ പാര്‍ട്ടിയുടെ സഹായത്തോടെയാണ് ടീച്ചര്‍ വിജയിച്ചതെന്ന് ഇടതുപക്ഷത്ത് ആരോപണമുണ്ട്. വിജയിച്ചതോടെ ടീച്ചറുടെ പുറത്താക്കല്‍ നടപടി മരവിപ്പിച്ച് തിരിച്ചെടുക്കാനാണ് ശ്രമം. എന്നാല്‍ ഇതിനെതിരേ വാര്‍ഡിലെ യുവജന പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ വച്ച് പ്രതിഷേധിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it