Flash News

വീനീത് രക്ഷകനായി; ആവേശ ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത്‌

വീനീത് രക്ഷകനായി; ആവേശ ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത്‌
X

പൂനെ: ഒരിക്കല്‍കൂടി സികെ വിനീത് അവസാന നിമിഷം കത്തിക്കയറിയപ്പോള്‍ കരുത്തരായ പൂനെ സിറ്റി എഫ്‌സിക്കെതിരേ കേരളബ്ലാസ്റ്റേഴ്‌സിന് ആവേശജയം. പൂനെയെ അവരുടെ തട്ടകത്തില്‍ 2-1നാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്. മല്‍സരം 1-1ന്റെ സമനിലയില്‍ കലാശിക്കാനിരിക്കെ എക്‌സ്ട്രാടൈമില്‍ സികെ വിനീത് പൂനെ വലയില്‍ ഗോളെത്തിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി. ഹ്യൂമേട്ടനെ മുന്നില്‍ നിര്‍ത്തി 4-2-3-1 എന്ന ശൈലിയില്‍ ഡേവിഡ് ജെയിംസ് ബ്ലാസ്‌റ്റേഴ്‌സിനെ കളത്തിലിറക്കിയപ്പോള്‍ എമിലിയാനോ അല്‍ഫാരോയെ ആക്രമണച്ചുമതലയേല്‍പ്പിച്ച് അതേ ശൈലിയിലാണ് റാങ്കോ പോപോവിച്ച് പൂനെയെ വിന്യസിപ്പിച്ചത്. ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ബെര്‍ബറ്റോവിനെ പുറത്തിരുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് പന്തുതട്ടിയത്. കളം നിറഞ്ഞ് കളിക്കുന്നതിലും ആധിപത്യത്തിലും ബ്ലാസ്റ്റേഴ്‌സിനെക്കാള്‍ ഒരുപടി മുന്നില്‍ നിന്ന പൂനെയെ ഗോളടിക്കുന്നതില്‍ നിന്ന് തടഞ്ഞു നിര്‍ത്തിയ ഗോള്‍ കീപ്പര്‍ സുഭാശിഷ് ചൗധരിയുടെ പരിശ്രമമാണ് പൂനെയുടെ ജയം അന്യമാക്കിയത്. പൂനെ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിലേക്ക് 15 ഗോള്‍ശ്രമങ്ങള്‍ നടത്തിയെങ്കിലും ആറെണ്ണം മാത്രമാണ് വല ലക്ഷ്യമാക്കി പാഞ്ഞത്. ഇതില്‍ ഗോളെന്നുറച്ച അഞ്ച് ഷോട്ടുകള്‍ തട്ടിയകറ്റിയാണ് ചൗധരി ഇന്നലെ താരമായത്. ബ്ലാസ്റ്റേഴ്‌സിന് ആകെ നാല് ഷോട്ടുകളാണ് ലക്ഷ്യത്തിലേക്ക് ഉതിര്‍ക്കാനായത്. ആദ്യ പകുതിയില്‍ ഇരുടീമിനും ഗോള്‍ രഹിതസമനിലയില്‍ പിരിയേണ്ടി വന്നു. കളി തുടങ്ങിയത് മുതല്‍ ഇരുടീമുകളും പരസ്പരം യുദ്ധ സന്നാഹമെന്നോണം ഇരു പോസ്റ്റിലേക്കും ഇരച്ചുകയറിയെങ്കിലും ആദ്യ പകുതിയില്‍ ഗോളുകളെക്കാള്‍ കളം നിറഞ്ഞത് മഞ്ഞക്കാര്‍ഡായിരുന്നു. ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ലാല്‍റുത്താരയ്ക്കും ലാകിച്ച് പെസിച്ചിനും നേരെ റഫറി മഞ്ഞക്കാര്‍ഡ് ഉയര്‍ത്തിയപ്പോള്‍ പൂനെ നിരയില്‍ ലോപെസും മാഴ്‌സലീനോയും മഞ്ഞക്കാര്‍ഡ് വാങ്ങി.രണ്ടാം പകുതിയിലെ 58ാം മിനിറ്റില്‍ ജാക്കിചന്ദ് സിങാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആദ്യ ഗോള്‍ കണ്ടെത്തിയത്. ഗുഡ്‌ജോണ്‍ ബാള്‍ഡ് വിന്‍സന്റെ അസിസ്റ്റിലായിരുന്നു ജാക്കിചന്ദിന്റെ ഗോള്‍ നേട്ടം. പിന്നീട് 78ാം മിനിറ്റില്‍ വീണുകിട്ടിയ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് പൂനെ സമനില പിടിച്ചു. പൂനെയ്ക്ക് വേണ്ടി ഷോട്ടെടുത്ത അല്‍ഫാരോ മനോഹരമായി ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിലേക്ക് പന്ത് കോരിയിട്ടു. പിന്നീട് ഗോളുകളൊന്നും പിറക്കാതിരുന്നതോടെ മല്‍സരം സമനിലയിലേക്ക് കലാശിക്കുമെന്ന് തോന്നിച്ചെങ്കിലും ഒരിക്കല്‍കൂടി വിനീത് ബ്ലാസ്റ്റേഴ്‌സിന്റെ ദൈവമായെത്തി.  ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ പെനല്‍റ്റി ബോക്‌സിന് പുറത്ത് വച്ച് അത്യുഗ്രന്‍ ഷോട്ടോടെ വിനീത് പൂനെ വല ചലിപ്പിച്ചപ്പോള്‍ കേരളം 2-1ന്റെ ആവേശജയവുമായി സ്‌റ്റേഡിയം വിട്ടു.ജയത്തോടെ 20 പോയിന്റുകള്‍ അക്കൗണ്ടിലാക്കിയ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ 22 പോയിന്റുള്ള പൂനെ മൂന്നാം സ്ഥാനത്താണ്.
Next Story

RELATED STORIES

Share it