Flash News

ഇങ്ങനെ കളിനിര്‍ത്തേണ്ടി വരുമെന്ന് കരുതിയില്ല: കണ്ണീരടക്കാതെ ബഫണ്‍

ഇങ്ങനെ കളിനിര്‍ത്തേണ്ടി വരുമെന്ന് കരുതിയില്ല: കണ്ണീരടക്കാതെ ബഫണ്‍
X


ഇറ്റലിയുടെ ഗോള്‍വലക്കുമുന്നിലെ നെഞ്ചുറപ്പുള്ള ചുണക്കുട്ടിയായിരുന്നു ജിയാന്‍ ലൂജി ബഫണ്‍. പ്രതിരോധത്തില്‍ എതിരാളികള്‍ക്ക് മുന്നില്‍ പത്മവ്യൂഹമൊരുക്കി കാല്‍പന്തില്‍ കളിമെനഞ്ഞ കരളുറപ്പേറെയുള്ള ഇറ്റലിയുടെ കാവല്‍ക്കാരന്‍ തന്റ ഫുട്‌ബോള്‍ കരിയറിന് വിരാമമിട്ടു. ഇറ്റലിയുടെ ചരിത്ര നിമിഷങ്ങളില്‍ ഉരുക്കിന്റെ കാവല്‍തീര്‍ത്ത ബഫണ്‍ വിടപറയുമ്പോള്‍ ലോക ഫുട്‌ബോളിന് നഷ്ടമാവുന്നത് ഇതിഹാസത്തെ. 2018 ലോകകപ്പിന് ശേഷം ഫുട്‌ബോള്‍ കരിയറിനോട് വിടപറയുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്ന ബഫണിന് പക്ഷേ നാണക്കേടിന്റെ ചരിത്രത്തില്‍ ചവിട്ടിനിന്ന് പടിയിറങ്ങേണ്ടി വന്നു.മിലാനിലെ സാന്‍ സിരോയിലെ എഴുപതിനായിരത്തിലേറെ വരുന്ന ഇറ്റലിയുടെ ആരാധകര്‍ക്ക് നെഞ്ചുറപ്പുള്ള ബഫണിനെയല്ല കാണാന്‍ കഴിഞ്ഞത്. മറിച്ച് നാല് തവണ ലോകകപ്പ് സ്വന്തമാക്കിയ ടീമിന് ലോകകപ്പില്‍ യോഗ്യത പോലും നേടാനാവാതെ മടങ്ങേണ്ടി വന്നതില്‍ ഹൃദയം നുറുങ്ങിയ വേദനയോടെ നിന്ന ഇറ്റലിക്കാരില്‍ ഒരാളെയാണ്. ഇറ്റലിയുടെ ചരിത്ര നേട്ടങ്ങള്‍ക്കൊപ്പം ഉറപ്പോടെ നിന്ന  ബഫണിന്  ഇറ്റലിയുടെ  ദുരന്തത്തിനുംസാക്ഷിയാവേണ്ടി വന്നു.  വരുത്തിയ പിഴുകള്‍ ഏറ്റുപറയാമെങ്കിലും അടഞ്ഞ വാതിലുകള്‍ ഇനി തുറക്കില്ല. നിരാശയും സങ്കടവും നിറഞ്ഞ മുഖവുമായി കണ്ണീരോടെ ബഫണ്‍ പറഞ്ഞ വാക്കുകള്‍ ഇറ്റലിക്കുള്ള പാഠങ്ങളാണ്. എല്ലാവര്‍ക്കും മാപ്പ്, എന്റെ അവസാന മല്‍സരത്തില്‍ ഇറ്റലിക്ക് ലോകകപ്പ് യോഗ്യത നേടാന്‍ കഴിയാതെ പോയത് നാണക്കേടാണ്. കരിയറിന്റെ അവസാനം ഇങ്ങനെയാവുമെന്ന് ഒരിക്കലും വിചാരിച്ചില്ല. തോല്‍വിയില്‍ ആരെയും പഴിക്കാനില്ല. തോല്‍വിയിലും ജയത്തിലും എല്ലാം ഞങ്ങള്‍ ഒന്നിച്ചാണ്. ഈ തോല്‍വിയിലൂടെ ഇറ്റലിക്ക് ഏറെ പഠിക്കാനുണ്ട്. കഴിഞ്ഞ 10 വര്‍ഷക്കാലമായി എനിക്കൊപ്പംകളിക്കുന്ന ചെല്ലിനിയെയും ബാര്‍സയെയും ലിയോയെയും ഒരിയാലിയെയുമെല്ലാം ആലിംഗനം ചെയ്യണമെന്നുണ്ട്. പ്രതിഭകള്‍ ഏറെയുള്ള ടീമില്‍ നിന്നാണ് ഞാന്‍ വിടപറയുന്നത്. മല്‍സരശേഷം കണ്ണീരോടെ ബഫണ്‍ പറഞ്ഞു.അണ്ടര്‍ 15 ടീം മുതല്‍ ഇറ്റലിയുടെ ഒന്നാം നമ്പര്‍ ജഴ്‌സിയണിഞ്ഞ ബഫണ്‍ 1997ല്‍ നാലാമത്തെ ഗോള്‍കീപ്പറായാണ് ദേശീയ ടീമിലേക്ക് വരുന്നത്. 1998ല്‍ ആദ്യമായി ലോകകപ്പ് ടീമില്‍ ഇടം നേടിയ ബഫണ്‍ 2002 ലോകകപ്പിന്റെ ആദ്യ ഇലവനിലും സ്ഥാനം നേടി. 2006ല്‍ കിരീടം നേടിയ ടീമിന്റെ ഗോള്‍കീപ്പറായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍  ബഫണിന്റെ വലയില്‍ ആകെ വീണത് രണ്ട് ഗോളാണ്. യുവേഫ ഫുട്‌ബോളര്‍ അവാര്‍ഡ് നേടിയ ഏക ഗോള്‍കീപ്പര്‍ എന്ന ചരിത്ര നേട്ടവും ബഫണിന് സ്വന്തമാണ്.ക്ലബ്ബ് ഫുട്‌ബോളില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റിസിന്റെ താരമാണ് ബഫണ്‍.
Next Story

RELATED STORIES

Share it