kozhikode local

ഇഖ്‌റാ ആശുപത്രിക്കെതിരായ നീക്കത്തിനെതിരേ പ്രതിഷേധമിരമ്പി

കോഴിക്കോട്: ഇഖ്‌റാ ആശുപത്രി പൂട്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ ജീവനക്കാരും പൊതുസമൂഹവും കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. സാധാരണക്കാരായ രോഗികളുടെ ആശാകേന്ദ്രവും ആയിരത്തില്‍പരം ജീവനക്കാര്‍ ജോലി ചെയ്യുന്നതുമായ സ്ഥാപനത്തിനെതിരായ ദുഷ്പ്രചാരണത്തിനുള്ള ശക്തമായ താക്കീതായി മാര്‍ച്ച് മാറി. വടക്കന്‍ കേരളത്തിലെയും ലക്ഷദ്വീപുകളിലെയും സാധാരണജനങ്ങള്‍ ആരോഗ്യ പരിരക്ഷയ്ക്കായി ഏറെ ആശ്രയിക്കുന്ന സ്ഥാപനം ഇല്ലാതാവുന്നത് സമൂഹത്തിന് കനത്ത നഷ്ടമാണ് വരുത്തുകയെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
നൂറുകണക്കിന് വൃക്കരോഗികള്‍ക്ക് സൗജന്യമായും മിതമായ നിരക്കിലും ഡയാലിസിസ് നടത്തിക്കൊടുക്കുന്ന സ്ഥാപനമാണ് ഇഖ്‌റാ ആശുപത്രിയെന്നും അതിനാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തികൊണ്ടുപോവാന്‍ ആവശ്യമായ നടപടിയെടുക്കണമെന്നും ജില്ലാ ഭരണകൂടത്തോട് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. നാട്ടുകാരും രോഗികളും ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളുമെല്ലാം മാര്‍ച്ചില്‍ പങ്കാളികളായി.
എല്ലാ വിധ അനുമതികളോടെയും ലൈസന്‍സുകളുമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കെതിരേ ബിജെപിയാണ് സമരമവുമായി രംഗത്തെത്തിയിരുന്നത്.
ആശുപത്രിയില്‍ നിന്ന് മാലിന്യവും മറ്റും പുറന്തള്ളുവെന്ന് ആരോപിച്ച് ആശുപത്രി പൂട്ടിക്കാനുള്ള ശ്രമമാണ് ഇവരുടെ ഭാഗത്തുനിന്നുള്ളത്. ധര്‍ണ സ്റ്റാഫ് പ്രതിനിധി മുഹമ്മദ് ജസീല്‍ ഉദ്ഘാടനം ചെയ്തു. ഡോ. എസ് കെ സുരേഷ് കുമാര്‍, ഡോ. ശംസുദ്ദീന്‍, മെര്‍ലിന്‍ ബെറ്റില, നഈം, ഇഖ്‌റ ആശുപത്രി ഡയാലിസിസ് രോഗികളുടെ പ്രതിനിധി ബഷീര്‍, ഇഖ്‌റ ലെയന്‍സ് ഓഫിസര്‍ ജയപ്രകാശന്‍, സാജിദ് ടി എസ് സംസാരിച്ചു.
മാര്‍ച്ചിനെ തുടര്‍ന്ന് തൊഴിലാളി പ്രതിനിധികള്‍ കോഴിക്കോട് ആര്‍ഡിഒ ഹിമാന്‍ഷൂ കുമാര്‍ റായ് (ഐഎഎസ്) മായി ചര്‍ച്ച നടത്തുകയും ആശുപത്രി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് പൂര്‍വ സ്ഥിതി പുനസ്ഥാപിക്കുന്നതിനുള്ള തീരുമാനം അദ്ദേഹം തൊഴിലാളി പ്രതിനിധികളെ അറിയിച്ചു. വേണ്ടി വന്നാല്‍ ആശുപത്രിക്ക് പോലിസ് സംരക്ഷണം നല്‍കുമെന്നും ആര്‍ഡിഒ ഉറപ്പുനല്‍കി.
Next Story

RELATED STORIES

Share it