ഇക്വഡോറില്‍ ഭൂചലനം; മരണം 233 കവിഞ്ഞു

ക്വറ്റോ: ഇക്വഡോറിന്റെ തീരമേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 233 ആയി. 1500ഓളം പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി സര്‍ക്കാര്‍ അറിയിച്ചു. പ്രാദേശിക സമയം കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണു സംഭവം.
സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും വ്യാപാരകേന്ദ്രങ്ങളും വാഹനങ്ങളും തകര്‍ന്നു. പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ഇക്വഡോര്‍-കൊളംബിയ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. തീരമേഖലയില്‍നിന്ന് നിരവധിപേരെ ഒഴിപ്പിച്ചിരുന്നു. രാജ്യത്തെ ആറു പ്രവിശ്യകളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
1970നു ശേഷം ഇക്വഡോറിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്. തലസ്ഥാനമായ ക്വറ്റോയില്‍ ചലനം 40 സെക്കന്റോളം നീണ്ടു. 5.6 വരെ തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും ഉണ്ടായി. പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍നിന്ന് പുറത്തേക്കോടി. വൈദ്യുതിയും ടെലിഫോണ്‍ സംവിധാനങ്ങളും താറുമാറായി. കണ്‍ട്രോള്‍ ടവര്‍ ഭാഗികമായി തകര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന വിമാനത്താവളം അടച്ചിട്ടു. 10,000 സൈനികരും 3,500 പോലിസും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. ഭക്ഷണവും മറ്റു അവശ്യ വസ്തുക്കളും വിതരണം ചെയ്തു. വെനിസ്വേല, മെക്‌സിക്കോ എന്നിവിടങ്ങളില്‍നിന്നാണ് ഇവ ആദ്യമെത്തിച്ചത്.
വത്തിക്കാനിലുള്ള ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറിയ സന്ദര്‍ശനം വെട്ടിച്ചുരുക്കി രാജ്യത്തേക്ക് തിരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it