Flash News

ഇഎസ്‌ഐ റീജ്യനല്‍ ഓഫിസുകളുടെ ലയനം. തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിയുടെ നിര്‍ദേശം

കൊല്ലം: കൊല്ലം, കോഴിക്കോട് ഉള്‍പ്പെടെയുള്ള സബ് റീജ്യനല്‍ ഓഫിസുകള്‍ നിര്‍ത്തലാക്കി തൊട്ടടുത്തുള്ള റീജ്യനല്‍ ഓഫിസുകളുമായി ലയിപ്പിക്കാനുള്ള ഇഎസ്‌ഐ കോര്‍പറേഷന്റെ തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്ര തൊഴില്‍വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി സന്തോഷ്‌കുമാര്‍ ഗാങ്‌വാര്‍ ഇഎസ്‌ഐ കോര്‍പറേഷന്‍ ഡയറക്ടര്‍ ജനറല്‍ രാജ്കുമാറിനു നിര്‍ദേശം നല്‍കി. സബ് റീജ്യനല്‍ ഓഫിസുകള്‍ ലയിപ്പിക്കുന്നതു സംബന്ധിച്ച് തേജസ് നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു കൊടിക്കുന്നില്‍ സുരേഷ് എംപി, കേന്ദ്ര തൊഴില്‍മന്ത്രിയെ നേരില്‍ക്കണ്ട് തൊഴിലാളികളുടെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ആറിനു ഡല്‍ഹിയില്‍ ചേരുന്ന ഇഎസ്‌ഐ കോര്‍പറേഷന്റെ ഉന്നതതല യോഗത്തില്‍ ഇഎസ്‌ഐ സബ് റീജ്യനല്‍ ഓഫിസുകള്‍, റീജ്യനല്‍ ഓഫിസുകളുമായി ലയിപ്പിക്കാനുള്ള അജണ്ട ഉള്‍പ്പെടുത്തേണ്ടെന്നു കേന്ദ്ര തൊഴില്‍മന്ത്രി നിര്‍ദേശം നല്‍കി. ചെലവു ചുരുക്കലിന്റെ ഭാഗമായാണു കൊല്ലം, കോഴിക്കോട് ഉള്‍പ്പെടെയുള്ള രാജ്യത്തെ 18 ഇഎസ്‌ഐ സബ് റീജ്യനല്‍ ഓഫിസുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കം ഇഎസ്‌ഐ കോര്‍പറേഷന്‍ ആരംഭിച്ചത്. ഇതിനെതിരേ വ്യാപകമായ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണു കൊടിക്കുന്നില്‍ സുരേഷ് എംപി മന്ത്രിയെ സന്ദര്‍ശിച്ച് ഈ ഓഫിസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്നു കോര്‍പറേഷനെ പിന്തിരിപ്പിക്കാന്‍ വേണ്ടി അഭ്യര്‍ഥിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഎസ്‌ഐ കോര്‍പറേഷന്‍ ഡയറക്ടര്‍ ജനറലിനോട് ആറിനു നടക്കുന്ന ബോര്‍ഡ് യോഗത്തിന്റെ അജണ്ടയില്‍ നിന്ന് ഈ വിഷയം മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടതെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.കൊല്ലം ജില്ലയിലെ വിളക്കുടി, കുന്നത്തൂര്‍ കുലശേഖരപുരം എന്നീ ഇഎസ്‌ഐ ഡിസ്‌പെ ന്‍സറികളും കോട്ടയം ജില്ലയിലെ വടവാളൂര്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറി കെട്ടിടവും ജനുവരി രണ്ടാം വാരം ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് ഉറപ്പു നല്‍കി.  പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിഞ്ഞാല്‍ ഉടന്‍ തന്നെ കേരളം സന്ദര്‍ശിക്കുകയും ആ സമയത്ത് ഈ ഡിസ്‌പെന്‍സറികളുടെ ഉദ്ഘാടനം നടത്തുമെന്നു മന്ത്രി അറിയിച്ചതായും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
Next Story

RELATED STORIES

Share it