Kollam Local

ഇഎസ്‌ഐ മെഡിക്കല്‍ കോളജുകള്‍ തിരികെ ഏറ്റെടുക്കുന്നത് പരിഗണനയിലില്ലെന്ന്

കേന്ദ്ര മന്ത്രി    കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ഇഎസ്‌ഐ കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയ ഇഎസ്‌ഐ മെഡിക്കല്‍ കോളജുകള്‍ തിരികെ ഏറ്റെടുക്കാനുള്ള നിര്‍ദ്ദേശം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് ലോക്‌സഭയില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപി ഉന്നയിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ്‌കുമാര്‍ ഗാംങ്‌വാര്‍ ഉത്തരം നല്‍കി. ഇഎസ്‌ഐ കോര്‍പ്പറേഷന്റെ മെഡിക്കല്‍ കോളജുകള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയ നടപടി നിയമവിരുദ്ധമാണെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ നല്‍കുമെന്നും മന്ത്രി ലോക്‌സഭയില്‍ ഉറപ്പുനല്‍കി. ലോക്‌സഭയില്‍ മന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ തിരികെ ഏറ്റെടുക്കുമെന്നുള്ള ആശങ്ക ഇല്ലാതായിരിക്കുകയാണ്. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ ഇഎസ്‌ഐ കോര്‍പ്പറേഷന്‍ സുപ്രീംകോടതിയില്‍ എസ്എല്‍പി ഫയല്‍ ചെയ്യുന്നതിലൂടെ കോടതിവിധിക്ക് മാറ്റമുണ്ടാകുമെന്ന പ്രത്യാശയാണുള്ളത്. എന്നാല്‍ സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ ഹൈക്കോടതിയില്‍ സിപിഎം ഫയല്‍ ചെയ്തിട്ടുള്ള കേസുകളില്‍ യാതൊരു തുടര്‍നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ സമീപനം സംശയാസ്പദമാണ്. മെഡിക്കല്‍ കോളജ് സംസ്ഥാന സര്‍ക്കാരില്‍ തന്നെ നിലനില്‍ക്കുമെന്ന ഉറപ്പ് കേന്ദ്രത്തില്‍ നിന്നും ലഭിച്ച സാഹചര്യത്തിലെങ്കിലും അടുത്ത രണ്ട് വര്‍ഷത്തെ പ്രവേശനം തടഞ്ഞുകൊണ്ടുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഉത്തരവ് മാറ്റിക്കിട്ടുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മനഃപൂര്‍വ്വം കുറവുകള്‍ സൃഷ്ടിച്ച് കോളജിന്റെ പ്രവേശനം അട്ടിമറിച്ചതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുവാനും ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനും മുഖ്യമന്ത്രി ഇടപെടണമെന്നും എന്‍കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it