malappuram local

ഇഎസ്‌ഐ ഡിസ്‌പെന്‍സറി മഞ്ചേരി വിടുന്നു

മഞ്ചേരി: ഏറെ കൊട്ടിഘോഷിച്ചു മഞ്ചേരിയില്‍ തുടങ്ങിയ ഇഎസ്‌ഐ ഡിസ്‌പെന്‍സറി നഗരം വിടുന്നു. ആതുരാലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങി രണ്ടുവര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് നഗരമധ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്‌പെന്‍സറി പുതിയ സങ്കേതം തേടുന്നത്. നിലവില്‍ കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന ചികില്‍സാ കേന്ദ്രം മലപ്പുറം റോഡില്‍ അരുകിഴായക്കും 22ാം മയിലിനുമിടയിലുള്ള വാടക കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. ഇതിനായി ഇഎസ്‌ഐ കോര്‍പറേഷന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് ഡിസ്‌പെന്‍സറി അധികൃതര്‍. 2016 ജനുവരി എട്ടിനാണ് മഞ്ചേരിയില്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറി ആരംഭിക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള 1300ല്‍ പരം പേര്‍ നിലവില്‍ മഞ്ചേരി ഡിസ്‌പെന്‍സറിക്കു കീഴിലുണ്ട്. ദിവസവും 25 മുതല്‍ 30 രോഗികളാണ് ചികില്‍സ തേടി കേന്ദ്രത്തിലെത്തുന്നത്. ഡോക്ടറടക്കം എട്ടു ജീവനക്കാരും അത്യാവശ്യ മരുന്നുകളുമുള്ള കേന്ദ്രം ജനോപകാരപ്രദമായ സ്ഥലത്തു നിന്നു മാറ്റേണ്ടതിന്റെ പ്രധാന കാരണം നഗരസഭയുടെ നിഷേധാത്മക നിലപാടാണെന്ന വാദം ശക്തമാണ്. ബസ് ടെര്‍മിനലിലെ കേന്ദ്രത്തില്‍ ഡിസ്‌പെന്‍സറിക്ക് പ്രവര്‍ത്തിക്കാനാവുന്ന മികച്ച സ്ഥല സൗകര്യങ്ങളാണുള്ളത്. എന്നാലിപ്പോള്‍ മാറാനുദ്ദേശിക്കുന്ന കേന്ദ്രത്തില്‍ നാമമാത്രമായ സൗകര്യങ്ങള്‍ മാത്രമാണുള്ളതെന്ന് രോഗികളും ജീവനക്കാരും പറയുന്നു. ചികില്‍സാ കേന്ദ്രത്തില്‍ വെള്ളവും വൈദ്യുതി സംവിധാനവുമില്ല. നഗരസഭയ്ക്ക് 8,000 രൂപ പ്രതിമാസ വാടക നല്‍കിയാണ് കേന്ദ്രം തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്നത്. വാടകക്കാര്‍ക്ക് നിര്‍ബന്ധമായും ഒരുക്കേണ്ട വെള്ളലഭ്യത വര്‍ഷം രണ്ടു കഴിഞ്ഞിട്ടും നഗരസഭ ഉറപ്പാക്കിയിട്ടില്ല. വൈദ്യുതി ബന്ധവും താല്‍ക്കാലികമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. വെള്ള ലഭ്യതയുടെ അഭാവത്താല്‍ രോഗികളും വനിതാ ജീവനക്കാരുമടക്കമുള്ളവര്‍ക്ക് കെട്ടിടത്തിലെ പൊതു ശുചിമുറികളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. മുറിവു കെട്ടാന്‍ പോലും വെള്ള ലഭ്യതയില്ലായ്മ കേന്ദ്രത്തില്‍ പ്രതിസന്ധി തീര്‍ക്കുന്നു. വൃക്ക രോഗികളും പ്രമേഹരോഗികളുമടക്കമുള്ളവര്‍ ഇവിടെ ചികില്‍സയ്‌ക്കെത്തുന്നുണ്ട്. ഇവര്‍ക്കുള്ള മരുന്നുകള്‍ ശീതീകരണിയില്ലാതെ സൂക്ഷിക്കാനാവില്ല. റഫ്രിജറേറ്ററിന് വകുപ്പുതലത്തില്‍ ഡിസ്‌പെന്‍സറിക്ക് അനുമതി ലഭിച്ചെങ്കിലും സ്ഥിരം വൈദ്യുതി കണക്്ഷനില്ലാത്തതിനാല്‍ വാങ്ങി ഉപയോഗിക്കാനായില്ല. വെള്ളവും വൈദ്യുതിയും ഇല്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ നഗരസഭയെ രേഖാമൂലം നിരവധി തവണ അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ഡിസ്പന്‍സറി തുടങ്ങുന്ന ഘട്ടത്തില്‍ എല്ലാ സംവിധാനങ്ങളും നല്‍കുമെന്നു പറഞ്ഞിരുന്ന നഗരസഭ പിന്നീടിക്കാര്യത്തില്‍ നിന്നു പിന്നാക്കം പോവുകയായിരുന്നു. രണ്ടു വര്‍ഷത്തിനിടെ പ്രശ്‌ന പരിഹാരത്തിന് പരാതി നല്‍കിയതല്ലാതെ നടപടികളുണ്ടാവാത്ത സാഹചര്യത്തിലാണ് ഇഎസ്‌ഐ ഡിസ്‌പെന്‍സറി പുതിയ സ്ഥലം തേടുന്നത്. ക്‌ചേരിപ്പടി ബസ് സ്റ്റാന്റ് കെട്ടിടത്തിലെ ചികില്‍സാ കേന്ദ്രം സ്ഥലം മാറുന്നത് രോഗികള്‍ക്കാണ് ഏറെ പ്രയാസം സൃഷ്ടിക്കുക.
Next Story

RELATED STORIES

Share it