malappuram local

ഇഎസ്‌ഐയുടെ പണം റിലയന്‍സിന് നല്‍കാനുള്ള നീക്കം പിന്‍വലിക്കണം

മലപ്പുറം: ഇഎസ്‌ഐ കോര്‍പറേഷന്റെ 60 കോടിയില്‍പരം രൂപ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. എഐടിയുസി മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊവിഡണ്ട് ഫണ്ടില്‍ നിന്നു കോടിക്കണക്കിന് രൂപ തൊഴിലാളി വിഹിതം ഓഹരി കമ്പോളത്തില്‍ നിക്ഷേപിച്ച കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പ്രൊവിഡണ്ട് ഫണ്ടിലുള്ള തൊഴിലാളി വിഹിതമായ 42,000 കോടി രൂപ കുത്തക മുതലാളിമാര്‍ക്ക് കൈമാറാനുള്ള ശ്രമത്തിലാണ്. ഇത്തരം തൊഴിലാളി ദ്രോഹ നയത്തില്‍ നിന്നു കേന്ദ്ര സര്‍ക്കാറിനെ പിന്തിരിപ്പിക്കാന്‍ തൊഴിലാളികള്‍ ഒന്നടക്കം പ്രക്ഷോഭത്തിന്റെ പാതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളന നഗരിയില്‍ മുതിര്‍ന്ന ട്രേഡ് യൂനിയന്‍ നേതാവ് ടി കെ സുന്ദരന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി പി സുനീര്‍, സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, എഐടിയുസി നേതാക്കളായ കെ ജി പങ്കജാക്ഷന്‍, കെ മല്ലിക സമ്മേളനത്തില്‍ സംസാരിച്ചു. പി സുബ്രഹ്മണ്യന്‍, കെ പി ബാലകൃഷ്ണന്‍, എ കെ ജബ്ബാര്‍, ഇ സുജാത, വി ഹംസ എന്നിവരടങ്ങിയ പ്രസീഡിയത്തെയും അഡ്വ. കെ മോഹന്‍ദാസ്, കെ എന്‍ ഉദയന്‍, എം ഉമ്മര്‍, മാനേരി ഹസ്സന്‍, ഒ കെ അയ്യപ്പന്‍, ജി സുരേഷ് കുമാര്‍ എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it