thrissur local

ഇഎംഎസ് സ്മൃതി 13, 14 തിയ്യതികളില്‍

തൃശൂര്‍: ഇരുപതാമത് ഇഎംഎസ് സ്മൃതി 13, 14 തിയതികളില്‍ തൃശൂര്‍ റീജിയണല്‍ തീയേറ്ററില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13ന് രാവിലെ പത്തിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
മാര്‍ക്‌സിസവും സാങ്കേതിക വിദ്യയും വിഷയമാണ് ഇത്തവണ ചര്‍ച്ച ചെയ്യുന്നത്. ഇഎംഎസ് സമൃതിയുടെ തുടക്കം മുതലുള്ള സംഘാടകനായിരുന്ന ടി ആര്‍ ചന്ദ്രദത്ത് മാസ്റ്റര്‍ അനുസ്മരണം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
സംഘാടക സമിതി ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സിപിഐ ദേശീയ കൗണ്‍സില്‍ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം, മന്ത്രി എ സി മൊയ്തീന്‍, കോസ്റ്റ്‌ഫോര്‍ഡ് ഡയറക്റ്റര്‍ വി എന്‍ ജിതേന്ദ്രന്‍, ചെയര്‍മാന്‍ ഡോ. കെ പി കണ്ണന്‍ പങ്കെടുക്കും.
ഡിജിറ്റല്‍ കുത്തകകളും സാമ്രാജ്യത്വ നിരീക്ഷണ നിയന്ത്രണങ്ങളും, മാധ്യമങ്ങളും വാര്‍ത്താവിനിമയ സാധ്യതകളും ഇന്റര്‍നെറ്റ് യുഗത്തില്‍, സ്വതന്ത്ര ശാസ്ത്രം വിജ്ഞാന കുത്തക അവകാശം വിഷയങ്ങളിലെ ചര്‍ച്ചകളില്‍ പ്രമുഖര്‍ പങ്കെടുക്കും.
14ന് രാവിലെ 9.30ന് ദേബീ പ്രസാദ് ചതോപാധ്യയ അനുസ്മരണ പ്രഭാഷണം സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തും.
തുടര്‍ന്ന് മൂന്നു സെഷനുകളില്‍ സംവാദം നടക്കും. എസ് രാമചന്ദ്രന്‍പിള്ള, എം എ ബേബി, മന്ത്രി സി രവീന്ദ്രനാഥ്, റോയ് സിങ്കം, പ്രഫ. ആര്‍ രാംകുമാര്‍, വിജയ് പ്രഷാദ്, ഡോ. ബി ഇക്ബാല്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, എം ബി രാജേഷ് എംപി, വിജുകൃഷ്ണന്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 700 പേരാണ് പ്രതിനിധികളായി പങ്കെടുക്കുക. ചന്ദ്രദത്തിനെപ്പറ്റി പ്രമുഖര്‍ അനുസ്മരിക്കുന്ന ഓര്‍മ പുസ്തകം, സി പി ചന്ദ്രശേഖരന്റെ ‘മാര്‍ക്‌സ് കേപിറ്റല്‍ ആന്‍ഡ് പ്രസന്റ് ടൈംസ്’ പുസ്തകത്തിന്റെ മലയാളം പതിപ്പിന്റെ പ്രകാശനവും നടക്കും.
ഇന്ത്യയിലെ വിവിധ യൂനിവേഴ്‌സിറ്റികളിലെ 50 വിദ്യാര്‍ഥികളും ഇത്തവണ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു. സംഘാടക സമിതി കണ്‍വീനര്‍ പ്രഫ എം മുരളീധരന്‍, യു പി ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it