thrissur local

ഇഎംഎസ് ഭവന നിര്‍മാണ പദ്ധതി: സാമ്പത്തിക ക്രമക്കേടെന്ന ്‌വിജിലന്‍സ്

എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ 2009-10 ലെ ഇഎംഎസ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായി വിജിലന്‍സ് കണ്ടെത്തി. അനര്‍ഹമായി പണം പറ്റിയ ഗുണഭോക്താക്കള്‍ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് ഉത്തരവ്. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന വിഇഒയ്‌ക്കെതിരെ ശിക്ഷാ നടപടിയ്ക്കും ശുപാര്‍ശ. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 2010 ലെ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് നടപ്പിലാക്കിയ ഇഎംഎസ് ഭവന നിര്‍മ്മാണ പദ്ധതിയിലാണ് വ്യാപക ക്രമക്കേട് നടത്തിയിട്ടുള്ളതായി വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. അനര്‍ഹരായ 51 ഗുണഭോക്താക്കള്‍ക്കാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പണം നല്‍കിയിരിക്കുന്നത്. ഒരു വീടിന് സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കിയിട്ടുള്ളത് അന്‍പതിനായിരം രൂപയാണ്. 600 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകള്‍ നിര്‍മ്മിക്കുന്ന നിര്‍ധന കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നത്. എന്നാല്‍ അനര്‍ഹരായ ഫണ്ട് കൈപറ്റിയ 51 ഗുണഭോക്താക്കളില്‍ ഭൂരിഭാഗവും നിശ്ചിത അളവിന് മുകളില്‍ വീടുകള്‍ നിര്‍മ്മിച്ചവരാണ്. ഇതിന് പുറമെ റേഷന്‍ കാ ര്‍ഡ് ഉള്‍പ്പടെയുള്ള രേഖകള്‍ ഇല്ലാത്തവരും പണം കൈപറ്റി ചിലവഴിക്കാത്തവരും ഇതില്‍ ഉള്‍പ്പെടുന്നു. അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന സുബൈദ ഉള്‍പ്പടെ ഏഴ് പേരെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഭവന നിര്‍മ്മാണ പദ്ധതിയുടെ മറവില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടുള്ളത്. വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനര്‍ഹരാണെന്ന് കണ്ടെത്തിയ 51 ഗുണഭോക്താക്കളില്‍ നിന്നും 18 ശതമാനം പലിശ സഹിതം തുക തിരിച്ച് ഈടാക്കാന്‍ തിരുവനന്തപുരം ഗ്രാമവികസന കമ്മീഷണര്‍ പഞ്ചായത്ത് സെക്രട്ടറിക്കും ഡിഡിപിയ്ക്കും ഉത്തരവ് നല്‍കിയിട്ടുണ്ട്. 51 പേരില്‍ നിന്നുമായി ഇരുപത് ലക്ഷത്തി അയ്യായിരം രൂപ ഒരു മാസത്തിനകം തിരിച്ച് പിടിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. അനര്‍ഹരായവരുടെ പേരുവിവരങ്ങളും ഉത്തരവിനോടൊപ്പം നല്‍കിയിട്ടുണ്ട്. പണം തിരിച്ചടച്ചില്ലെങ്കില്‍ കൈപറ്റിയവര്‍ ജപ്തി ഉള്‍പ്പടെയുള്ള നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടി വരും. ഇതിനുപുറമെ മാര്‍ഗരേഖകള്‍ പാലിക്കാതെ അനര്‍ഹരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തിയതിന് അന്നത്തെ വിഇഒ എ കെ രവീന്ദ്രനെതിരെ പ്രധാന ശിക്ഷകള്‍ക്കുള്ള വകുപ്പ് ചുമത്തി അച്ചടക്ക നടപടി സ്വീകരിക്കുവാനും അന്വേഷണ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it