Ramadan Special

ഇഅ്തികാഫ് : ശ്രേഷ്ഠതയും അനിവാര്യതയും



അല്ലാഹുവിന്റെ തൃപ്തി ലാക്കാക്കി പള്ളിയില്‍ താമസിക്കുന്നതിനാണ് ഇഅ്ത്തികാഫ് എന്നു പറയുന്നത്. കൃത്യമായി ജമാഅത്ത് നടക്കുന്ന പള്ളികളില്‍ അനുഷ്ഠിക്കാമെങ്കിലും ജുമുഅ നടക്കുന്ന പള്ളികളില്‍ നിര്‍വഹിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠകരം. കഴിയുന്നതും ഈ അമലിനെ സജീവമാക്കാന്‍ മുസ്‌ലിം ലോകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പുണ്യ റമദാനിന്റെ പ്രത്യേക ആരാധനകളില്‍ ഒന്നാണ് ഇഅ്തികാഫ്. പ്രത്യേകിച്ച് അവസാനത്തെ പത്ത് മുഴുവനും രാപകല്‍ ഭേദെമന്യേ ഇഅ്ത്തികാഫ് നിര്‍വഹിക്കല്‍ അതിശക്തമായ സുന്നത്താണ്. ആയിരം മാസത്തേക്കാള്‍ സവിശേഷതയുള്ള രാത്രിയെ (ലൈലത്തുല്‍ ഖദ്ര്‍) പ്രാപിക്കാന്‍ കഴിയുന്നു എന്നുള്ളതാണ് ഇഅ്ത്തികാഫിന്റെ ഏറ്റവും വലിയ നേട്ടം. റസൂലുല്ലാഹി (സ:അ) പുണ്യ മദീനയിലേക്ക് ഹിജ്‌റ (പാലായനം) ചെയ്തത് മുതല്‍ ജീവിതാന്ത്യം വരെ 10 വര്‍ഷം പതിവായി നിര്‍വഹിച്ച പുണ്യകര്‍മമായിരുന്നു ഇഅ്ത്തികാഫ്. വിശുദ്ധ ഖുര്‍ആനിലും ഹദീസിലും ഇഅ്ത്തികാഫിനെ പറ്റിയുള്ള പരാമര്‍ശം ഉണ്ട്. ഭൂമിയിലുള്ള ഏറ്റവും ഉല്‍കൃഷ്ടമായ സ്ഥലമാണ് പള്ളിയെന്ന് പ്രബലമായ ഹദീസ് (മുസ്‌ലിം) വിളിച്ചോതുന്നുണ്ട്. എന്റെ പാപങ്ങളും ആവലാതികളും നിറവേറ്റിത്തരാതെ ഞാന്‍ നിന്റെ ഭവനത്തില്‍ നിന്ന് മടങ്ങുകയില്ലെന്നുള്ള ദൃഢനിശ്ചയം ഇഅ്ത്തികാഫിന്റെ പിന്നില്‍ ഒളിഞ്ഞുകിടപ്പുണ്ട്. സ്വഭവനത്തില്‍ വന്നവരെ എത്ര മോശമായ സമീപനങ്ങള്‍ പുലര്‍ത്തുന്നവരാണെങ്കിലും അവരെ ആട്ടിയോടിക്കുകയും അവഹേളിക്കുകയും ചെയ്യുക എന്നത് മാന്യമായ ഒരു വ്യക്തിയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാവുന്ന ഒരു കാര്യമല്ല എന്നുള്ളത് ലോകം അംഗീകരിക്കുന്ന തത്ത്വമാണ്. അപ്പോള്‍ ആദരണീയരില്‍ ഏറ്റവും ആദരണീയനും മാന്യന്മാരില്‍ ഏറ്റവും മാന്യനും ദയാലുക്കളില്‍ ഏറ്റവും ദയാശീലനും ആയ അല്ലാഹു തആല തന്റെ ഭവനത്തില്‍ പ്രവേശിച്ച് ഇഅ്ത്തികാഫ് ചെയ്യുന്ന ദാസന്മാരുടെ ആവലാതികളും ആവശ്യങ്ങളും പൂര്‍ണമായി തന്നെ നിറവേറ്റിക്കൊടുക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. ഭരണാധികാരികളുടെയും നീതിപാലകരുടെയും നിയമപാലകരുടെയും ഭാഗത്തുനിന്ന് അനീതിയും നീതിനിഷേധവും മനുഷ്യത്വരഹിതവുമായ തീരുമാനങ്ങളാല്‍ മുസ്‌ലിം സമൂഹം വരിഞ്ഞുമുറുക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ദുരന്ത കാലഘട്ടത്തില്‍ മുസ്‌ലിം ഉമ്മത്തിന് അഭയകേന്ദ്രമാണ് അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികള്‍. ഈ നീതിനിഷേധങ്ങളുടെ പേരില്‍ വിശിഷ്യ ഡോ. ഹാദിയയെ പോലുള്ള സത്യാന്വേഷികളുടെയും സമുല്‍കൃഷ്ട ജീവിതകാംക്ഷികളുടെയും നേരെ നീതിപാലകരും നിയമപാലകരും സ്വീകരിച്ചിട്ടുള്ള അധാര്‍മിക നിലപാടില്‍ വ്രണിതഹൃദയത്തോടു കൂടി ജീവിതം തള്ളിനീക്കിക്കൊണ്ടിരിക്കുന്ന മുസ്‌ലിം സമൂഹം ഒറ്റക്കെട്ടായി റമദാനിന്റെ അവസാനത്തെ ദിനരാത്രങ്ങളില്‍ ഇഅ്ത്തികാഫില്‍ കഴിഞ്ഞുകൂടി ഇരുകരങ്ങളും ഉയര്‍ത്തി സ്രഷ്ടാവായ അല്ലാഹുവിനോട് കേണപേക്ഷിക്കാം:  കരുണാവാരിധേ, സര്‍വരാലും അവഗണിക്കപ്പെട്ട ഈ സമുദായത്തെ നീ  രക്ഷിക്കേണമേ.
Next Story

RELATED STORIES

Share it