Flash News

ഇംറാന്‍ ഖാന്‍ അധികാരത്തിലേക്ക്

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പൊതുസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയം പ്രഖ്യാപിച്ച് പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ്(പിടിഐ) നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇംറാന്‍ ഖാന്‍. തന്റെ ജയത്തിന് ദൈവത്തിനും സൈനികര്‍ക്കുമാണ് അദ്ദേഹം നന്ദി രേഖപ്പെടുത്തിയത്.
തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പിടിഐ 272ല്‍ 120 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് 137 സീറ്റ് ലഭിക്കണമെന്നിരിക്കെ പാകിസ്താനില്‍ തൂക്കുസഭയ്ക്കു സാധ്യതയേറുകയാണ്. മറ്റു പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് അധികാരത്തിലെത്തുമെന്ന സൂചനയാണ് ഇംറാന്‍ ഖാന്‍ നല്‍കിയത്.
തന്റെ 22 വര്‍ഷത്തെ പോരാട്ടത്തിന്റെ വിജയമാണിത്. പാകിസ്താനില്‍ ജനാധിപത്യം ശക്തിപ്പെട്ടെന്നും ഇത് പുതുയുഗപ്പിറവിയാണെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു. പാവങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരാകും വരാന്‍ പോവുന്നത്. ജിന്നയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അവസാനഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 76 സീറ്റില്‍ പാര്‍ട്ടി വിജയിക്കുകയും 44 സീറ്റില്‍ മുന്നിട്ടുനില്‍ക്കുകയുമാണ്. 49 ശതമാനം പോളിങ് ബൂത്തുകള്‍ എണ്ണിയപ്പോള്‍ 61 സീറ്റ് (43 സീറ്റില്‍ വിജയിക്കുകയും 18 സീറ്റില്‍ ലീഡും) നേടിയ നവാസ് ശരീഫിന്റെ പിഎംഎല്‍-എന്‍ രണ്ടാമതും ബിലാവല്‍ ഭൂട്ടോയുടെ പിപിപി 40 സീറ്റുമായി (18 സീറ്റില്‍ വിജയിച്ചു; 22 സീറ്റില്‍ ലീഡ്) മൂന്നാമതുമാണ്.
മതവിഭാഗ പാര്‍ട്ടികളുമായി സഖ്യമുള്ള മുത്തഹിദെ മജ്‌ലിസെ അമല്‍ പാര്‍ട്ടിയും മുത്തഹിദെ ഖൗമി മൂവ്‌മെന്റും എട്ടു സീറ്റില്‍ വീതം മുന്നിട്ടുനില്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ട്രോണിക് റിസല്‍ട്ട് ട്രാന്‍സ്മിഷന്‍ സംവിധാനം തകരാറിലായതുകൊണ്ട് ഔദ്യോഗിക ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുകയാണ്.
അതിനിടെ, ഫലം അംഗീകരിക്കില്ലെന്ന് പിഎംഎല്‍-എന്‍ നേതാവും നവാസ് ശരീഫിന്റെ സഹോദരനുമായ ഷഹബാസ് ശരീഫ് പറഞ്ഞു.
പല മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് ഫോറം 45 നല്‍കിയില്ലെന്നും പോളിങ്ബൂത്തുകളില്‍ വോട്ടെണ്ണല്‍ നടക്കുമ്പോള്‍ ഏജന്റുമാരെ പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു. പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോയും ഫലത്തിനെതിരേ രംഗത്തുണ്ട്.
എന്നാല്‍, തിരഞ്ഞെടുപ്പില്‍ യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. 342 അംഗങ്ങളാണ് പാക് പൊതുസഭയിലുള്ളത്. ഇതില്‍ 272 സീറ്റിലേക്കാണ് നേരിട്ട് തിരഞ്ഞെടുപ്പ് നടക്കുക. ഇവരില്‍ നിന്നു വിജയിച്ച അംഗങ്ങളാണ് ബാക്കിവരുന്ന 70 പേരെ തിരഞ്ഞെടുക്കുന്നത്. അതേസമയം, തൂക്കുസഭയ്ക്ക് കളമൊരുങ്ങിയതോടെ പിപിപിയുടെ നിലപാട് നിര്‍ണായകമാവുമെന്നാണു വിലയിരുത്തല്‍.
Next Story

RELATED STORIES

Share it