ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതിനെതിരായ ഹരജി കോടതിയില്‍ നടന്നത് ചൂടേറിയ വാദപ്രതിവാദം

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരേ നല്‍കിയ ഹരജി പിന്‍വലിച്ചത് ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍. കേസില്‍ ഇന്നലെ വാദം കേള്‍ക്കാം എന്നു മുതിര്‍ന്ന ജഡ്ജി ജെ ചെലമേശ്വര്‍ തിങ്കളാഴ്ച പറഞ്ഞതിനു പിന്നാലെ അന്നുതന്നെ അപ്രതീക്ഷിതമായി ജസ്റ്റിസ് എ കെ സിക്രിയുടെ അധ്യക്ഷതയില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിനെയാണു ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദ്യംചെയ്തത്.
ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്‍, സുനില്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ഹാജരായത്. രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരായി.
മുതിര്‍ന്ന ജഡ്ജിമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയി, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരെ ഒഴിവാക്കി  ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിലെ അപാകതഹരജിക്കാരുടെ അഭിഭാഷകര്‍ ചോദ്യം ചെയ്തു. കേസില്‍ ഇന്നലെ വാദം കേട്ട ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളായ വരില്‍ സീനിയോറിറ്റിയില്‍ ജസ്റ്റിസ് സിക്രി ആറാമതും ജസ്റ്റിസ് ബോബ്‌ഡെ ഏഴാമതും ജസ്റ്റിസ് രമണ എട്ടാമതും ജസ്റ്റിസ് അരുണ്‍ മിശ്ര ഒമ്പതാമതും ജസ്റ്റിസ് ഗോയല്‍ 10ാമതുമാണ്.
അതേസമയം, ഹരജിയില്‍ വാദം കേള്‍ക്കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച ഉത്തരവിന്റെ ഉറവിടം തേടി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ വിവരാവകാശ അപേക്ഷ നല്‍കി. ഹരജി ഭരണഘടനാ ബെഞ്ചിനു വിടാനുള്ള തീരുമാനം അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവാണോ എന്നാരാഞ്ഞാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ഓര്‍ഡര്‍ ആണെങ്കില്‍ ആരാണു പുറപ്പെടുവിച്ചത്. ഈ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കണം എന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it