Flash News

ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി, ഉപരാഷ്ട്രപതിയുടെ നടപടി നിയമവിരുദ്ധമെന്ന് കോണ്‍ഗ്രസ്

സിദ്ദീഖ് കാപ്പന്‍  
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷകക്ഷികള്‍ നല്‍കിയ ഇംപീച്ച്‌മെന്റ് പ്രമേയ നോട്ടീസ് രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ എം വെങ്കയ്യ നായിഡു തള്ളി. പ്രമേയത്തിന് മതിയായ യോഗ്യത ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നായിഡു നോട്ടീസ് തള്ളിയത്.
71 രാജ്യസഭാ അംഗങ്ങള്‍ ഒപ്പുവച്ച ഇംപീച്ച്‌മെന്റ് പ്രമേയം വെള്ളിയാഴ്ചയാണ് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദിന്റെ നേതൃത്വത്തില്‍ ഉപരാഷ്ട്രപതിക്ക് സമര്‍പ്പിച്ചത്. ഏഴു പ്രതിപക്ഷ കക്ഷികളില്‍നിന്നായി പ്രമേയത്തില്‍ ഒപ്പുവച്ചിരുന്ന 71 പേരില്‍ ഏഴുപേര്‍ ഈയിടെ രാജ്യസഭയില്‍ നിന്ന് കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, രാജ്യസഭയിലെ 50 അംഗങ്ങള്‍ ഒപ്പുവച്ചാല്‍ രാജ്യസഭാ അധ്യക്ഷന് പ്രമേയം പരിഗണിക്കാവുന്നതാണ്. ഹ്രസ്വസന്ദര്‍ശനത്തിനായി ഹൈദരാബാദില്‍ പോയിരുന്ന വെങ്കയ്യ നായിഡു യാത്ര വെട്ടിച്ചുരുക്കി ഡല്‍ഹിയിലെത്തിയാണ് വിഷയത്തില്‍ അടിയന്തരമായി തീരുമാനമെടുത്തത്.
അതേസമയം, ഉപരാഷ്ട്രപതിയുടെ തീരുമാനം അസാധാരണവും നിയമവിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ വ്യക്തമാക്കി. സംശയങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസിനെതിരേ അഴിമതിയും പെരുമാറ്റദൂഷ്യവും ആരോപിച്ചിരിക്കുന്നതെന്നും ഇത് അദ്ദേഹത്തെ ഇംപീച്ച്‌മെന്റ് ചെയ്യാന്‍ മതിയായ കാരണമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് നായിഡു പ്രമേയം തള്ളിയത്.
എന്നാല്‍, ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം ജസ്റ്റിസ് ലോയയുടെ ദുരൂഹമരണവുമായോ മറ്റേതെങ്കിലും കേസുമായോ ബന്ധപ്പെട്ടുള്ളതല്ലെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പ്രതിപക്ഷത്തിന് മറ്റു മാര്‍ഗങ്ങളില്ല. അതിനാലാണ് ഇംപീച്ച്‌മെന്റ് നീക്കവുമായി മുന്നോട്ടുപോവുന്നത്. ഒരു അന്വേഷണ സമിതിയെ നിയോഗിക്കാതെ രാജ്യസഭാ അധ്യക്ഷന് നോട്ടീസ് തള്ളാനാവില്ല. ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് അധ്യക്ഷന്‍ പറയുന്നത്. എന്നാല്‍, അന്വേഷണം നടത്താതെ എങ്ങനെ സ്ഥിരീകരിക്കാനാവുമെന്ന് അദ്ദേഹം ചോദിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥനായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, വിരമിച്ച സുപ്രിംകോടതി ജഡ്ജി സുദര്‍ശന്‍ റെഡ്ഡി, ലോക്‌സഭയിലെ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുന്‍ നിയമ സെക്രട്ടറി പി കെ മല്‍ഹോത്ര, രാജ്യസഭാ മുന്‍ ലെജിസ്ലേറ്റീവ് സെക്രട്ടറി സഞ്ജയ് സിങ് എന്നിവരുമായി കൂടിയാലോചിച്ചതിനുശേഷമാണ് വെങ്കയ്യ നായിഡു ഇംപീച്ച്‌മെന്റ് പ്രമേയം തള്ളാനുള്ള തീരുമാനം എടുത്തതെന്നാണ് രാജ്യസഭാവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പാര്‍ലമെന്റ് അംഗങ്ങള്‍ നല്‍കിയ പ്രമേയത്തില്‍ അവരുന്നയിച്ച കേസുകളില്‍ അവര്‍ക്കു തന്നെ ഉറപ്പില്ലെന്നും പ്രമേയത്തിന്റെ ഒന്നാം പേജില്‍ തന്നെ പ്രസാദ് എജ്യൂക്കേഷന്‍ ട്രസ്റ്റ് അഴിമതിക്കേസില്‍ ചീഫ് ജസ്റ്റിസ് നിയമവിരുദ്ധമായി പ്രതിഫലം 'പറ്റിയിരിക്കാം' എന്നാണ് സൂചിപ്പിക്കുന്നതെന്നുമാണ് ഉപരാഷ്ട്രപതി ഇന്നലെ പുറത്തിറക്കിയ 10 പേജുള്ള ഉത്തരവില്‍ പറയുന്നത്. നോട്ടീസ് സംബന്ധിച്ച് എംപിമാര്‍ സഭയ്ക്കുള്ളില്‍ പൊതുചര്‍ച്ച നടത്തിയത് ചട്ടലംഘനമാണ്. രാജ്യസഭാ ചട്ടങ്ങള്‍ക്ക് ചേര്‍ന്നതല്ല ഈ നിലപാടെന്നും ഇതില്‍ വിശദീകരണം നല്‍കണമെന്നും ഉത്തരവില്‍ നായിഡു പറയുന്നുണ്ട്.
Next Story

RELATED STORIES

Share it