ഇംപീച്ച്‌മെന്റ് ഒരു വലിയ കുറ്റമാണോ?

ബോബി  കുഞ്ഞ്
പുരുഷകേന്ദ്രീകൃതവും ജാതിനിയന്ത്രിതവും ഫ്യൂഡല്‍ സ്വഭാവമുള്ളതുമായ നിലവിലെ അവസ്ഥ നിലനിര്‍ത്തുന്ന മേല്‍ക്കോയ്മയുമായി ബന്ധപ്പെട്ട ഒരു ധാരണയാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യണമെന്ന ആവശ്യത്തെ എതിര്‍ക്കുന്നവര്‍ക്കുള്ളത്. എന്തോ ഒരു മഹാപാതകത്തിനു പ്രതിപക്ഷ കക്ഷികള്‍ മുതിരുന്നുവെന്നു പ്രചരിപ്പിക്കുന്നവര്‍ രാജാവ് തെറ്റുചെയ്യില്ലെന്ന പുണ്യപുരാണ സങ്കല്‍പത്തിലാണ് കാലുറപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഏത് ഉന്നതപദവിയില്‍ ഇരിക്കുന്നവരും മനുഷ്യരാണ്. അവര്‍ക്ക് മാനുഷികമായ പിഴവുകള്‍ വരാന്‍ സാധ്യതയുണ്ടുതാനും. അധികാരത്തിന്റെ കോണിപ്പടി കയറുന്നതിനനുസരിച്ച് ഒരാളെ മാലാഖയായി മാറ്റുന്ന ജാലവിദ്യയൊന്നും ഭൂമിയിലില്ല. മറിച്ച്, അധികാരം ദുഷിപ്പിക്കുന്നു; കേവലാധികാരം കേവലമായി ദുഷിപ്പിക്കുന്നു എന്ന ചൊല്ലാണ് ഇത്തരുണത്തില്‍ കൂടുതല്‍ പ്രസക്തം. അതേയവസരം, ഒരു ജനാധിപത്യ സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന എല്ലാ ആരോപണങ്ങളും മുഖവിലയ്‌ക്കെടുത്തുകൊള്ളണമെന്നുമില്ല. അതുകൊണ്ടാണ് ഭരണഘടനാ ശില്‍പികള്‍ അധികാര ദുര്‍വിനിയോഗം തടയുന്ന ചില വ്യവസ്ഥകള്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചത്. അതില്‍ നിന്നു രാഷ്ട്രപതിയെപ്പോലും ഒഴിവാക്കിയിട്ടില്ല. ഭരണഘടനയിലെ 124(4) ഖണ്ഡിക സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അമിതാധികാരം പ്രയോഗിക്കുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ളതാണ്. ജനപ്രതിനിധിസഭയായ പാര്‍ലമെന്റിനാണ് ചീഫ് ജസ്റ്റിസിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനുള്ള അധികാരം.
ഒരു ഭരണഘടനാ വ്യവസ്ഥ ഉപയോഗിക്കാന്‍ പ്രതിപക്ഷം മുതിരുമ്പോള്‍ അത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന ആരോപണം ചിരിച്ചുതള്ളാനേയുള്ളൂ. എല്ലാ ഭരണഘടനാ അധികാരങ്ങളും ആവശ്യം വരുമ്പോള്‍ ഉപയോഗിക്കേണ്ടവയാണ്. അല്ലെങ്കില്‍ അവയ്‌ക്കെന്തു പ്രസക്തി? ഭരണഘടന അറിയുന്ന ഏതൊരു അഭിഭാഷകനും ഇത് സമ്മതിക്കും. ഭരണഘടനാപരമായ അധികാരമില്ലാതെ, ഒരു ഹൈക്കോടതി ജഡ്ജി കോടതിയലക്ഷ്യ കുറ്റം ചെയ്തതിനെതിരേ സുപ്രിംകോടതിയുടെ വക നടപടിയുണ്ടായപ്പോള്‍ മിണ്ടാതിരുന്നവരാണ് ഇപ്പോള്‍ തെറ്റായ കീഴ്‌വഴക്കത്തെക്കുറിച്ചു വാചാലരാവുന്നത്. ഈ വിവാദത്തിന്റെ സ്വഭാവമറിയാന്‍ നാം നീതിന്യായ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. ഭരണഘടനയില്‍ പറഞ്ഞ മൂന്നു ഭരണഘടനാ സ്ഥാപനങ്ങളില്‍ വൈവിധ്യവും പ്രാതിനിധ്യവും ഏറ്റവും കുറവുള്ളത് ജുഡീഷ്യറിയിലാണ്. വൈവിധ്യമില്ലായ്മയാണ് ഉയര്‍ന്ന ജുഡീഷ്യറിയെ പിറകോട്ട് വലിക്കുന്ന ഒരു ഘടകം. ജസ്റ്റിസ് ദീപക് മിശ്രയുടെ കാര്യം തന്നെ നോക്കൂ. ചീഫ് ജസ്റ്റിസായിരുന്ന രംഗനാഥ മിശ്രയുടെ അനന്തരവനാണ് അദ്ദേഹം. നിയമനിര്‍മാണ സഭകളിലും എക്‌സിക്യൂട്ടീവിലും എല്ലാ വര്‍ഗത്തിലും ജാതിയിലും ജോലിയിലും ലിംഗത്തിലുംപെട്ടവര്‍ കാണും. എന്നാല്‍, ഉയര്‍ന്ന ജുഡീഷ്യറി ഒരു അടഞ്ഞ വ്യവസ്ഥയാണ്. സ്വതന്ത്ര നീതിന്യായ വ്യവസ്ഥ എന്നതാവട്ടെ, ഒരു ക്ലിക്ക് നഗ്നത മറയ്ക്കാന്‍ ഉപയോഗിക്കുന്ന അത്തിയിലയും.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എങ്ങനെ ദുര്‍ബലമാക്കാമെന്നതിന്റെ തെളിവ് ജസ്റ്റിസ് മിശ്ര ചീഫ് ജസ്റ്റിസ് ആയതില്‍ തന്നെയുണ്ട്. കുറ്റവിചാരണ സംബന്ധമായി ഉപരാഷ്ട്രപതിക്ക് നല്‍കിയ നിവേദനത്തില്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ തന്നെ അതു കാണാം. ജുഡീഷ്യറി എക്‌സിക്യൂട്ടീവിനു വിധേയമാവുന്ന ആദ്യ സംഭവമല്ല ഇത്. 1973ല്‍ എ എന്‍ റായ്, 1977ല്‍ എം എച്ച് ബേഗ് എന്നിവര്‍ ചീഫ് ജസ്റ്റിസായത് അങ്ങനെയാണ്. പ്രവര്‍ത്തനരീതിയില്‍ അല്‍പം മാറ്റമുണ്ട് എന്നു മാത്രം. ഇപ്പോള്‍ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ശക്തമായി എന്നു മാത്രം. അതുകൊണ്ടുള്ള പരിക്ക് പരിഹരിക്കാന്‍ ദശാബ്ദങ്ങള്‍ വേണ്ടിവരുമെന്നത് ഗൗരവതരമാണ്. ജുഡീഷ്യറി തന്നെ ന്യായാധിപ നിയമനത്തില്‍ ആത്മപരിശോധന നടത്തുകയും നിയമനരീതി കൂടുതല്‍ വൈവിധ്യമുള്ളതും ജനാധിപത്യപരവും മൂല്യബദ്ധതയുള്ളതുമാക്കാന്‍ തയ്യാറാവുകയുമാണ് ഇതിനു പരിഹാരം.
ജുഡീഷ്യറി രാഷ്ട്രീയത്തില്‍ നിന്ന് ഒട്ടും വിമുക്തമല്ല കോണ്‍ഗ്രസ് എന്നതു നാം വിസ്മരിക്കരുത്. 1973ലും 77ലും നിയമത്തില്‍ കോണ്‍ഗ്രസ് ഇടപെട്ടു. നീതിന്യായ വ്യവസ്ഥ അതാര്യവും ഫ്യൂഡലുമായി തുടരുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും താല്‍പര്യമുണ്ട്. പി ചിദംബരം, കപില്‍ സിബല്‍, അഭിഷേക് മനു സിങ്‌വി എന്നിവരൊക്കെ അങ്ങനെ കരുതുന്ന ഒരു ക്ലിക്കിന്റെ ഭാഗമാണ്. ചീഫ് ജസ്റ്റിസിനെതിരായ പ്രതിപക്ഷ പരാതികളുടെ തുടക്കം കുറിക്കുന്ന വാചകം ശ്രദ്ധേയമാണ്: 'ഇങ്ങനെയൊരു ദിനമുണ്ടായിരുന്നില്ലെങ്കില്‍ എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.'
ഇന്നു നിലവിലിരിക്കുന്ന രാഷ്ട്രീയക്രമം വലതുപക്ഷ നിയന്ത്രിതമാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ വലത്തോട്ടു മാറിയ മധ്യമനിലയുള്ള പാര്‍ട്ടിയാണ്. ആദ്യ എന്‍ഡിഎ ഭരണത്തില്‍ തറക്കല്ലിട്ട നടപടികള്‍ സംഘപരിവാരം കഴിഞ്ഞ നാലു വര്‍ഷമായി നടപ്പാക്കിവരുകയാണ്. പലതരം ഭരണഘടനാ-സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നേരിട്ടുള്ള ഇടപെടലുകളെക്കുറിച്ചാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരും അന്വേഷണോദ്യോഗസ്ഥരും പരാതി പറയുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അതിന്റെ ഇരകളാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അവര്‍ക്ക് നീതി ലഭിക്കാനുള്ള വേദിയാണ് ജുഡീഷ്യറി. അതിനു പാരവയ്ക്കാനാണ് ചീഫ് ജസ്റ്റിസ് ശ്രമിക്കുന്നതെന്നവര്‍ കരുതുന്നു. ഈ സ്വഭാവം നിയന്ത്രിക്കാതിരിക്കുകയും വീണ്ടും ഒരു എന്‍ഡിഎ ഭരണം അധികാരമേറുന്ന സാഹചര്യമുണ്ടാവുകയും വഴക്കമുള്ള ഒരുവന്‍ പരമോന്നത കോടതിയുടെ അധ്യക്ഷനാവുകയും ചെയ്താല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളെ തകര്‍ക്കുക എളുപ്പമാവും. കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ പണത്തിന്റെ കുറവു കാരണം കഷ്ടത്തിലാണ്. ഈയൊരു സാഹചര്യമില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് ജനാധിപത്യവല്‍ക്കരണത്തില്‍ നിന്നു ജുഡീഷ്യറിയെ രക്ഷിക്കുന്ന പഴയ നയം തുടരുമായിരുന്നു.
ദീപക് മിശ്രയ്‌ക്കെതിരായ കുറ്റവിചാരണാ പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടാല്‍ പോലും തെളിയിക്കപ്പെടുമായിരുന്നുവോ എന്നതല്ല പ്രശ്‌നം. അതിന് മുമ്പുതന്നെ ഉപരാഷ്ട്രപതി അതിനു മതിയായ യോഗ്യതയില്ലെന്നു പറഞ്ഞ് തിരസ്‌കരിച്ചു. ഇനി പാര്‍ലമെന്റ് കുറ്റവിചാരണ നടത്തിയാല്‍ തന്നെ പ്രമേയം പാസാവാനുള്ള സാധ്യതയും കമ്മിയായിരുന്നു.  എന്‍ഡിഎ ദീപക് മിശ്രയെ പിന്തുണയ്ക്കുന്നതിനാല്‍ വിശേഷിച്ചും. പക്ഷേ, ഒന്നുണ്ട്. എന്തായാലും കുറ്റവിചാരണ ചെയ്യപ്പെടുന്നതിനു വേണ്ടി പ്രതിപക്ഷം പ്രമേയം കൊണ്ടുവന്ന ആദ്യ ചീഫ് ജസ്റ്റിസ് എന്ന ദുഷ്‌കീര്‍ത്തി അദ്ദേഹത്തിനുണ്ടാവും. ചീഫ് ജസ്റ്റിസ് എ എന്‍ റായിയേക്കാള്‍ വിവാദമുണ്ടാക്കിയ ചീഫ് ജസ്റ്റിസ് എന്ന ചരിത്രവും അദ്ദേഹത്തിന്റെ കൂടെയുണ്ടാവും.
കുറ്റവിചാരണ പാടില്ലെന്ന് അലമുറയിടുന്നവരെ അവഗണിച്ച് മറ്റു നടപടികളുമായി പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ടുപോവേണ്ടതുണ്ട്. നീതി നടപ്പാക്കിയാല്‍ പോരാ, അതു നടപ്പാക്കുന്നുവെന്നു സംശയരഹിതമായി ബോധ്യമാവുകയും വേണമെന്ന ജസ്റ്റിസ് ഹ്വവാര്‍ട്ടിന്റെ പ്രശസ്തമായ പ്രസ്താവന നിയമവ്യവസ്ഥയില്‍ ഇന്നും പ്രസക്തമാണ്. ജനാധിപത്യത്തിന് അതാര്യമായ സ്ഥാപനങ്ങള്‍ പാടില്ല. സുതാര്യതയില്ലായ്മയില്‍ അന്തസ്സും മേന്മയുമില്ല. ലൈംഗികപീഡനം, പൊതുജീവിതത്തിന്റെ നിഷ്‌കളങ്കത തുടങ്ങിയ വിഷയങ്ങളില്‍ ആരോപണങ്ങള്‍ പരവതാനിക്ക് കീഴെ മൂടിവയ്ക്കുന്ന സ്ഥാപനങ്ങള്‍ ജനാധിപത്യത്തിനു വേണ്ടതില്ല. വിഴുപ്പ് പരസ്യമായി അലക്കുന്നതിനു ധൈര്യം കാണിക്കുകയും തെറ്റുകള്‍ സമ്മതിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് രാജ്യത്തിനു വേണ്ടത്.
ദീപക് മിശ്രയല്ല, ജുഡീഷ്യറിയുടെ വിശ്വാസ്യതയാണ് പ്രധാനം. അതു പുനസ്ഥാപിക്കുന്നതില്‍ പാര്‍ലമെന്റംഗങ്ങള്‍ക്കും ഉപരാഷ്ട്രപതിക്കും ജുഡീഷ്യറിക്കും അഭിഭാഷകലോകത്തിനും മാധ്യമങ്ങള്‍ക്കും ചീഫ് ജസ്റ്റിസിനും നിര്‍ണായകമായ പങ്കുണ്ട്. വായ മൂടിക്കെട്ടാനുള്ള ശ്രമങ്ങള്‍ അന്തരീക്ഷം കൂടുതല്‍ മലിനമാക്കുകയേയുള്ളൂ.                                                        ി
Next Story

RELATED STORIES

Share it