Flash News

ഇംപീച്ച്‌മെന്റിന് ശുപാര്‍ശ

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ വിവാദത്തില്‍ ആരോപണം നേരിടുന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി എസ് നാരായണ്‍ ശുക്ലയെ ഇംപീച്ച്‌മെന്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ശുപാര്‍ശ. കോഴവിവാദം അന്വേഷിക്കാന്‍ നിയോഗിച്ച ജഡ്ജിമാരുടെ മൂന്നംഗ ആഭ്യന്തര സമിതി ശുക്ലയ്‌ക്കെതിരായി റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചതായാണ് റിപോര്‍ട്ടുകള്‍അലഹബാദ് ഹൈക്കോടതിയിലെ എട്ടാമത്തെ മുതിര്‍ന്ന ജഡ്ജിയാണ് നാരായണ്‍ ശുക്ല. അതിനിടെ, ജസ്റ്റിസ് ശുക്ല 90 ദിവസത്തെ അവധിയില്‍ പ്രവേശിച്ചിട്ടുണ്ട്. ശുക്ലയ്‌ക്കെതിരേ അന്വേഷണം നടത്തിയ ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ പാര്‍ലമെന്റില്‍ വോട്ടിനിട്ട ശേഷം ഇംപീച്ച്‌മെന്റ് നടപടികള്‍ തുടരാനാവൂ. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് കെ അഗ്‌നിഹോത്രി, മധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റിസ് പി കെ ജയ്‌സ്വാള്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് ശുക്ലയ്‌ക്കെതിരേ റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഇക്കഴിഞ്ഞ 23 മുതല്‍ ശുക്ലയുടെ ജുഡീഷ്യല്‍ അധികാരം നീക്കംചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അലഹബാദ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരിലൊരാളായ ശുക്ല 2005ലാണ് അധികാരമേറ്റത്. 2020 ജൂലൈ 17നാണ് ഇദ്ദേഹം വിരമിക്കേണ്ടിയിരുന്നത്. ഇതിനിടയ്ക്കാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ പുരോഗമിക്കുന്നത്. ലഖ്‌നോയിലെ സ്വകാര്യ മെഡിക്കല്‍ കോളജായ ജിസിആര്‍ജി മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2017-18 അക്കാദമിക് വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ 2017 ആഗസ്ത് 28ന് സുപ്രിംകോടതി തടഞ്ഞിരുന്നു. കോളജിനെ സുപ്രിംകോടതി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ശുക്ലയുടെ നേതൃത്ത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് സപതംബറില്‍ കോളജിന് ശുദ്ധിപത്രം നല്‍കുകയും പ്രവേശന നടപടികള്‍ തുടരാമെന്ന് ഉത്തരവിടുകയായിരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി തടഞ്ഞ, പ്രസാദ് എജ്യുക്കേഷന്‍ മെഡിക്കല്‍ കോളജിന് ഇടക്കാല ഉത്തരവിലൂടെ ശുക്ല അനുമതി നല്‍കിയെന്നും കണ്ടെത്തിയിരുന്നു. ജഡ്ജി എന്ന നിലയിലുള്ള ജീവിതത്തിന്റെ മൂല്യങ്ങള്‍ അവഗണിച്ച് കേസില്‍ ഇടപെട്ടുവെന്നും ജഡ്ജിയുടെ ഓഫിസിന്റെ അന്തസ്സ് ഇടിച്ചുകളഞ്ഞുവെന്നും സമിതി റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സമിതിയുടെ കണ്ടെത്തലുകളില്‍ ഞെട്ടലുളവാക്കുന്നതാണെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് ശുക്ലയ്‌ക്കെതിരേ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയത്.
Next Story

RELATED STORIES

Share it