ഇംപീച്ച്‌മെന്റിന് കോണ്‍ഗ്രസ് സമിതിയുടെ ശുപാര്‍ശ; ദില്‍മ റൂസഫിന്റെ പ്രസിഡന്റ് സ്ഥാനം അനിശ്ചിതത്വത്തില്‍

ബ്രസീലിയ: പ്രസിഡന്റ് ദില്‍മ റൂസഫിനെതിരേ ഇംപീച്ച്‌മെന്റ് നടപടികള്‍ക്കു ശുപാര്‍ശ ചെയ്ത് ബ്രസീല്‍ കോണ്‍ഗ്രസ് അധോസഭാ സമിതി. ഇന്നലെ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ സമിതി അംഗങ്ങള്‍ 27നെതിരേ 38 വോട്ടുകള്‍ക്ക് ഇംപീച്ച്‌മെന്റിനെ അനുകൂലിച്ചു.
ഇംപീച്ച്‌മെന്റ് ആവശ്യത്തില്‍ അധോസഭാ അംഗങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്ന വോട്ടെടുപ്പു ഞായറാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ മൂന്നില്‍ രണ്ട് അംഗങ്ങളും അനുകൂലമായി വോട്ട് ചെയ്താല്‍ വിഷയം സെനറ്റിന്റെ പരിഗണനയ്ക്കു വിടും. ഉപരിസഭയിലെ (സെനറ്റ്) വോട്ടെടുപ്പില്‍ ഇംപീച്ച്‌മെന്റിനെ പിന്തുണയ്ക്കുന്നവര്‍ക്ക് കേവല ഭൂരിപക്ഷം ലഭിച്ചാല്‍ പ്രസിഡന്റിനെതിരായ നടപടികള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആറുമാസത്തേക്ക് റൂസഫിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിനിര്‍ത്തും. ഇക്കാലയളവില്‍ സെനറ്റിന് റൂസഫിനെതിരായ വിചാരണാ നടപടികള്‍ പൂര്‍ത്തിയാക്കാം. വൈസ് പ്രസിഡന്റ് മൈക്കല്‍ തെമെറിനാകും ഈ കാലയളവില്‍ പ്രസിഡന്റിന്റെ അധിക ചുമതല.
2014ല്‍ വീണ്ടും ഭരണത്തിലെത്തുന്നതിനായി ബജറ്റ് നിയമങ്ങള്‍ ലംഘിച്ച കേസിലാണ് ദില്‍മയ്‌ക്കെതിരേ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നത്. 1992ലാണ് ബ്രസീലില്‍ അവസാനമായി പ്രസിഡന്റിനെതിരേ ഇംപീച്ച്‌മെന്റെ് നടപടികളുണ്ടായത്. അഴിമതി ആരോപണത്തെത്തുടര്‍ന്ന് അന്നത്തെ പ്രസിഡന്റ് ഫെര്‍ണാണ്ടോ കൊളര്‍ ഡെ മെല്ലോക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലായിരുന്നു നടപടി.
Next Story

RELATED STORIES

Share it