Flash News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിയെ സിറ്റി മുക്കി



ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി. മറുപടിയില്ലാത്ത ഒറ്റ ഗോളിന്റെ കരുത്തിലാണ് സിറ്റി ചെല്‍സിയെ അവരുടെ തട്ടകത്തില്‍ മുട്ടുകുത്തിച്ചത്. നീലപ്പടയുടെ തട്ടകത്തില്‍ സിറ്റി സര്‍വാധിപത്യം സ്ഥാപിക്കുന്ന കാഴ്ചയ്ക്കാണ് മല്‍സരം സാക്ഷ്യം വഹിച്ചത്. ഗോളകന്ന് നിന്ന ഒന്നാം പകുതിക്ക് ശേഷം മുന്‍ ചെല്‍സി താരം കെവിന്‍ ഡി ബ്രുയ്‌നാണ് സിറ്റിയ്ക്കായി വിയ ഗോള്‍ സ്വന്തമാക്കിയത്.പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. 3-5-1-1 ശൈലിയില്‍ ചെല്‍സി പന്ത് തട്ടിയപ്പോള്‍ 4-1-4-1 ശൈലിയിലാണ് സിറ്റി അണിനിരന്നത്. ഒന്നാം പകുതിയില്‍ ഇരു ടീമുകളുടെയും പ്രതിരോധം ശക്തി കാട്ടിയതോടെ ഗോള്‍ മുഖം ശൂന്യമായി കിടന്നു. ചെല്‍സിക്ക് വേണ്ടി മൊറാറ്റയും സിറ്റിക്ക് വേണ്ടി ഗബ്രിയേല്‍ ജീസസുമാണ് മുന്‍ നിരയില്‍ പടനയിച്ചത്.അവസാന മല്‍സരത്തിലെ ടീമില്‍ നിന്ന് മാറ്റങ്ങളുമായാണ് നീലപ്പട ഹോം ഗ്രൗണ്ടില്‍ പന്ത് തട്ടിയത്.  വിക്ടര്‍ മോസസിന് പകരം സെസാര്‍ ആസ്പിലിക്വറ്റ റൈറ്റ് വിങ് ബാക് പൊസിഷനില്‍ എത്തിയപ്പോള്‍ പ്രതിരോധത്തില്‍ റൂഡിഗര്‍ മടങ്ങിയെത്തി. യുവ താരം ക്രിസ്റ്റിയന്‍സനായിരുന്നു സസ്‌പെന്‍ഷനിലുള്ള ഡേവിഡ് ലൂയിസിന്റെ പകരക്കാരനായി എത്തിയത്.62 ശതമാന സമയത്തും പന്തടക്കിവെച്ച സിറ്റിക്ക് 17 തവണയാണ് ചെല്‍സി ഗോള്‍മുഖത്തേക്ക് ഇരമ്പിയടിച്ചത്. എന്നാല്‍ സിറ്റിയുടെ കളിമികവിന് മുന്നില്‍ നിഷ്പ്രഭമായ ചെല്‍സി താരങ്ങള്‍ക്ക് നാല് തവണ മാത്രമാണ് സിറ്റി ഗോള്‍പോസ്റ്റിനരികിലേക്ക് പന്തെത്തിക്കാനായത്.67ാം മിനിറ്റില്‍ ചെല്‍സിയുടെ ആരാധകരെ നിശബ്ദമാക്കി സിറ്റി ലക്ഷ്യം കണ്ടു. ഗബ്രിയേല്‍ ജീസസിന്റെ പാസിനെ പിടിച്ചെടുത്ത് മിന്നല്‍ വേഗത്തില്‍ ഡി ബ്രുയ്ന്‍ തൊടുത്ത ഷോട്ട് ഗോള്‍ പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് പറന്നിറങ്ങി. സിറ്റി 1-0ന് മുന്നില്‍.ഗോള്‍ മടക്കാന്‍ പകരക്കാരെ ഇറക്കി ചെല്‍സി പരീക്ഷിച്ചെങ്കിലും സിറ്റിയുടെ പ്രതിരോധ കോട്ടയ്ക്ക് മുന്നില്‍ ശ്രമങ്ങളെല്ലാം വിഫലമായി. ജയത്തോടെ  സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
Next Story

RELATED STORIES

Share it