Flash News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ഗണ്ണേഴ്‌സ് ഓണ്‍ ഫയര്‍



ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സി നേടിയെടുത്തെങ്കിലും ആദ്യ നാലില്‍ ഇടം പിടിക്കാനുള്ള പോരാട്ടം കടുക്കുന്നു. ലീഗിലെ പോരാട്ടങ്ങളില്‍ ആഴ്‌സനല്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് സ്‌റ്റോക് സിറ്റിയെ വീഴ്ത്തിയപ്പോള്‍ സ്വാന്‍സിയ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് സണ്ടര്‍ലാന്റി നേയും സതാംപ്റ്റന്‍ 2-1 ന് മിഡില്‍സ്‌ബ്രോയേയും പരാജയപ്പെടുത്തി. വാറ്റ് ഫോര്‍ഡിനെതിരേ എവര്‍ട്ടനും  ബ്യൂണ്‍ലിക്കെതിരേ ബേണ്‍മൗത്തും വിജയം കണ്ടു.

ആധികാരികം ആഴ്‌സനല്‍

ഈ സീസണില്‍ കപ്പുയര്‍ത്തുക എന്നത് ഇനി ദിവാസ്വപ്‌നമാണെങ്കിലും പോരാട്ടവീര്യം ചോരാത്ത പ്രകടനത്തോടെ ആഴ്‌സനല്‍ ജയിച്ചു. ആദ്യ നാലില്‍ ഇടം കണ്ടെത്താന്‍ ടീമുകള്‍ തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടം നടക്കവേ സ്‌റ്റോക് സിറ്റിയെ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് പീരങ്കിപ്പട നാണം കെടുത്തിയത്.  പതിയെ തുടങ്ങിയ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ആളിക്കത്തിയ ആഴ്‌സനല്‍ താരങ്ങള്‍ക്ക് മുന്നില്‍ സ്്‌റ്റോക്‌സിറ്റിക്ക് കാഴ്്ചക്കാരായി നില്‍ക്കേണ്ടി വന്നു.ആദ്യ പകുതിയില്‍ മികച്ച പോരാട്ടം തന്നെയാണ് സ്റ്റോക് സിറ്റിയുടെ യുവപോരാളികള്‍ പുറത്തെടുത്തത്. പ്രതിരോധത്തിലൂന്നിയ പ്രകടനം പുറത്തെടുത്ത് സ്റ്റോക് സിറ്റി ആദ്യ പകുതിയില്‍ ആഴ്‌സന്‍ വെങറുടെ കുട്ടികളെ നന്നായി വെള്ളം കുടിപ്പിച്ചു. ഗോള്‍ രഹിതമായി ആദ്യ പകുതി അവസാനിക്കുമെന്ന് തോന്നിക്കവേ 42ാം മിനിറ്റില്‍ ഒലിവര്‍ ജെറാഡ് ആഴ്‌സനലിന്റെ അക്കൗണ്ട് തുറന്നു. ഹെക്ടര്‍ ബെല്ലറിന്റെ പാസിനെ ഉന്നം തെറ്റാതെ ജെറാഡ് വലയിലെത്തിച്ചപ്പോള്‍ ആദ്യ പകുതി ആഴ്‌സനലിന് സ്വന്തം. 3-4-2- 1 ഫോര്‍മാറ്റിലിറങ്ങിയ ആഴ്‌സനലിനെ പൂട്ടാന്‍ പ്രതിരോധത്തില്‍ നാല് പേരെ അണിനിരത്തി 4-2-3-1 എന്ന ശൈലിയിലാണ് സ്‌റ്റോക് സിറ്റി ഇറങ്ങിയത്.

ഗോള്‍മഴ പെയ്ത രണ്ടാം പകുതി

രണ്ടാം പകുതിയില്‍ കളി ആഴ്‌സനലിന്റേതു മാത്രമായി. പന്തടക്കത്തിലെ മികവിനൊപ്പം അച്ചടക്കമുള്ള പാസുകളും തകര്‍പ്പന്‍ ഷോട്ടുകളുമായി ആഴ്‌സനല്‍ പട മൈതാനം കീഴടക്കി. കളിയുടെ 67 ശതമാനം സമയത്തും പന്ത് കൈവശം വെച്ച് കളിച്ച ആഴ്‌സനല്‍ 10 തവണ സ്റ്റോക് സിറ്റിയുടെ പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോള്‍ അതില്‍ നാലു തവണയും ലക്ഷ്യം കണ്ടു. സ്‌റ്റോക് സിറ്റിയുടെ ഗോളി ബറ്റ്‌ലാന്‍ഡിന്റെ മികവുകൂടിയില്ലായിരുന്നെങ്കിലും സ്‌റ്റോക് സിറ്റി പോസ്റ്റില്‍ ഗോള്‍ മഴ തന്നെ പെയ്‌തേനെ. പ്രതിരോധത്തിലേക്ക് മാത്രം ഊന്നി രണ്ടാം പകുതിയില്‍ മുന്നേറിയ സ്‌റ്റോക് സിറ്റിക്ക് 55 ാം മിനിറ്റില്‍ മസൂദ് ഓസില്‍ രണ്ടാം ഷോക്ക് നല്‍കി. അലക്‌സീസ് സാഞ്ചസിന്റെ അസിസ്റ്റില്‍ ഓസില്‍ ലക്ഷ്യം കണ്ടപ്പോള്‍ ആഴ്‌സനല്‍ 2-0 ന് മുന്നില്‍.ഗോള്‍ മടക്കാന്‍ സ്‌റ്റോക് സിറ്റി താരങ്ങള്‍ നടത്തിയ പ്രയത്‌നം 67ാം മിനിറ്റില്‍ ഫലം കണ്ടു. പീറ്റര്‍ ക്രൗച്ചിന്റെ മിന്നും ഷോട്ട് ആഴ്‌സനല്‍ പ്രതിരോധ കോട്ടയെ കീറിമുറിച്ച് വലകുലുക്കി. കളി 2-1 എന്ന നിലയില്‍. പിന്നീടങ്ങോട്ട് പന്ത് തൊടാന്‍ പോലും അവസരം നല്‍കാതെ ആഴ്‌സനല്‍ പട സ്റ്റോക് സിറ്റിയുടെ ഗോള്‍മുഖത്ത് ഇരമ്പിയടിച്ചു. 76ാം മിനിറ്റില്‍ അലക്‌സീസ് സാഞ്ചസ് ആഴ്‌സനലിന്റെ ലീഡുയര്‍ത്തി. ഹെക്ടര്‍ ബെല്ലറിന്റെ അസിസ്റ്റിലായിരുന്നു സാഞ്ചസിന്റെ ഗോള്‍ നേട്ടം. സാഞ്ചസിന്റെ 50ാം പ്രീമിയര്‍ ലീഗ് ഗോളുകൂടിയായിരുന്നു ഇത്. 80ാം മിനിറ്റില്‍ ഒലിവര്‍ ജെറാഡ് വീണ്ടും വലകുലുക്കിയതോടെ ആഴ്‌സനല്‍ ലീഡ് 4-1 ആയി ഉയര്‍ന്നു. അവസാന മിനിറ്റുകളില്‍ ആഴ്‌സനലിന് മുന്നില്‍ പൊരുതാന്‍ പോലുമാവാതെ 4-1 ന്റെ തോല്‍വിയോടെ സ്‌റ്റോക് സിറ്റിക്ക് കളം വിടേണ്ടി വന്നു. ജയത്തോടെ 36 മല്‍സരങ്ങളില്‍ നിന്ന് 69 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ് ആഴ്‌സനലുള്ളത്. 37 മല്‍സരങ്ങളില്‍ നിന്ന് 41 പോയിന്റുള്ള സ്‌റ്റോക് സിറ്റി 13ാം സ്ഥാനത്താണ്.

മിഡില്‍സ്‌ബ്രോയെ വീഴ്ത്തി സതാംപ്റ്റണ്‍

മിഡില്‍സ്‌ബ്രോ - സതാംപ്റ്റന്‍ പോരാട്ടത്തില്‍ 2-1 ന്റെ ജയം സതാംപ്റ്റനൊപ്പം. ഇരു ടീമുകളും തുല്യത പുലര്‍ത്തുന്ന പ്രകടനമാണ് പുറത്തെടുത്തതെങ്കിലും വിജയം സതാംപ്റ്റനൊപ്പം നിന്നു. ആദ്യ പകുതിയുടെ 42ാം മിനിറ്റില്‍ ജേയ് റോഡ്രിഗസാണ് സതാംപ്റ്റന്റെ അക്കൗണ്ട് തുറന്നത്. ഷേയ്ന്‍ ലോങിന്റെ മുന്നേറ്റത്തെ ലക്ഷ്യം പിഴക്കാതെ റോഡ്രിഗസ് വലയിലാക്കുകയായിരുന്നു. ആദ്യ പകുതി പിരിയുമ്പോള്‍ 1-0ന്റെ ആധിപത്യം പുലര്‍ത്തിയാണ് സതാംപ്റ്റന്‍ കളം വിട്ടത്.രണ്ടാം പകുതിയുടെ 57ാം മിനിറ്റില്‍ നധാന്‍ റെഡ്മണ്ടിലൂടെ സതാംപ്റ്റന്‍ ലീഡുയര്‍ത്തി. 64ാം മിനിറ്റില്‍ വീണുകിട്ടിയ പെനല്‍റ്റിയെ ഷെയ്ന്‍ ലോങ് പാഴാക്കി. ഗോള്‍മടക്കാനായി കിണഞ്ഞ് പരിശ്രമിച്ച മിഡില്‍സ്‌ബ്രോ താരങ്ങളുടെ ശ്രമത്തെ പാട്രിക് ബാംഫോര്‍ഡ് ലക്ഷ്യത്തിലെത്തിച്ചു. 77ാം മിനിറ്റിലായിരുന്നു ബാംഫോര്‍ഡിന്റെ ഗോള്‍ നേട്ടം. പിന്നീടുള്ള സമയങ്ങളില്‍ ഇരുകൂട്ടര്‍ക്കും ഗോള്‍ നേടാന്‍ സാധിക്കാതെ വന്നപ്പോള്‍ 2-1 ന്റെ ജയം സതാംപ്റ്റനൊപ്പം നിന്നു.മറ്റൊരു മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് വാറ്റ്‌ഫോര്‍ഡിനെ തകര്‍ത്ത് എവര്‍ട്ടന്‍ ഏഴാം സ്ഥാനം ഊട്ടിയുറപ്പിച്ചു. 56ാം മിനിറ്റില്‍ റോസ് ബര്‍ക്‌ലിയാണ് എവര്‍ട്ടന് വേണ്ടി വിജയ ഗോള്‍ നേടിയത്.
Next Story

RELATED STORIES

Share it