Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആന്‍ഫീല്‍ഡില്‍ ഒപ്പത്തിനൊപ്പം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ വമ്പന്‍മാരുടെ പോരാട്ടം സമനിലയില്‍. കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ചെല്‍സിയും മുന്‍ ജേതാക്കളായ ലിവര്‍പൂളും തമ്മിലുള്ള ത്രില്ലര്‍ 1-1നാണ് അവസാനിച്ചത്. ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ തോല്‍വിക്കു തൊട്ടരികില്‍ നിന്നാണ് ലിവര്‍പൂള്‍ സമനിലയോടെ രക്ഷപ്പെട്ടത്.
1-0ന്റെ ജയമുറപ്പിച്ച ചെല്‍സിയെ സ്തബ്ധരാക്കി ഇഞ്ചുറിടൈമിന്റെ മൂ ന്നാം മിനിറ്റില്‍ ലിവര്‍പൂള്‍ സമനില ഗോള്‍ പിടിച്ചുവാങ്ങുകയായിരുന്നു. ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ ബെന്‍ടെക്കെയാണ് ലിവര്‍പൂളിന്റെ രക്ഷകനായത്. നേരത്തേ മറ്റൊരു ബെല്‍ജിയന്‍ പ്ലേമേക്കര്‍ ഈഡന്‍ ഹസാര്‍ഡാണ് 32ാം മിനിറ്റില്‍ മനോഹരമായ ഗോളിലൂടെ ചെല്‍സിക്കു ലീഡ് നേടിക്കൊടുത്തത്.
ഈ സമനില പോയിന്റ് പട്ടികയില്‍ ഇരുടീമിന്റെയും സ്ഥാനത്തിനു മാറ്റമൊന്നും വരുത്തില്ല. ഒരു റൗണ്ട് മാത്രം ശേഷിക്കെ ലിവര്‍പൂള്‍ എട്ടാംസ്ഥാനത്തും ചെല്‍സി ഒമ്പതാംസ്ഥാനത്തുമാണ്. 37 മല്‍സരങ്ങളില്‍ നിന്നു 16 ജയവും 11 സമനിലയും 10 തോല്‍വിയുമടക്കം 59 പോയിന്റാണ് ലിവര്‍പൂളിന്റെ സമ്പാദ്യം. ഇത്രയും കളികളില്‍ നിന്ന് 12 ജയവും 13 സമനിലയും 12 തോല്‍വിയുമുള്‍പ്പെടെ ചെല്‍സിക്ക് 49 പോയിന്റുണ്ട്.
ചെല്‍സിക്കെതിരേ ലിവര്‍പൂള്‍ മികച്ച രീതിയിലാണ് തുടങ്ങിയത്. തുടരെയുള്ള നീക്കങ്ങളിലൂടെ ചെമ്പട ബ്ലൂസിനെ പ്രതിരോധത്തിലാക്കി. അഞ്ചാം മിനിറ്റില്‍ത്തന്നെ ലിവര്‍പൂള്‍ താരം ഫിലിപ്പെ കോട്ടീഞ്ഞോയുടെ ക്ലോസ്‌റേഞ്ച് ഷോട്ട് ബ്ലോക്ക് ചെയ്ത് ബാബ റഹ്മാന്‍ ചെല്‍സിയെ രക്ഷിച്ചു. 19ാം മിനിറ്റില്‍ ലിവര്‍പൂളിനു ലീഡ് നേടിക്കൊടുക്കാനുള്ള അവസരം റോബര്‍ട്ടോ ഫിര്‍മിനോ നഷ്ടപ്പെടുത്തി.
23ാം മിനിറ്റിലാണ് ചെല്‍സിയുടെ ആദ്യ ഗോള്‍നീക്കം കണ്ടത്. ലിവര്‍പൂള്‍ പ്രതിരോധം തകര്‍ത്ത് മുന്നേറിയ ഹസാര്‍ഡ് ബോക്‌സിനു പുറത്തുവച്ചു തൊടുത്ത ഷോട്ട് ഗോളി മിഗ്‌നോലെറ്റ് ഇടതുവശത്തേക്കു ഡൈവ് ചെയ്ത് വിഫലമാക്കുകയായിരുന്നു. 32ാം മിനിറ്റില്‍ ഹസാര്‍ഡ് ചെല്‍സിയുടെ അക്കൗണ്ട് തുറന്നു. നാലു ലിവര്‍പൂള്‍ താരങ്ങള്‍ക്കിടയിലൂടെ ചാട്ടുളി കണക്കെ കുതിച്ചെത്തിയ ഹസാര്‍ഡ് ഗോളിയെയും നിസ്സഹായനാക്കി നിറയൊഴിക്കുകയായിരുന്നു.
56ാം മിനിറ്റില്‍ ഹസാര്‍ഡിന്റെ മറ്റൊരു മനോഹരമായ ഷോട്ട് ലിവര്‍പൂള്‍ ഗോളി മിഗ്‌നോലെറ്റ് തടുത്തിട്ടു. 61ാം മിനിറ്റില്‍ ലിവര്‍പൂള്‍ ഒപ്പമെത്തേണ്ടതായിരുന്നു. ആദം ലല്ലാന നല്‍കിയ ത്രൂബോള്‍ സ്റ്റുറിഡ്ജ് വലയിലേക്ക് തൊടുത്തെങ്കിലും ഗോളി ബെഗോവിച്ചിന്റെ കൈകളില്‍ തട്ടിത്തെറിച്ചു.
ഇഞ്ചുറിടൈമില്‍ ബെന്‍ടെക്കെ ലിവര്‍പൂളിന്റെ സമനില ഗോള്‍ നിക്ഷേപിച്ചു. ഇടതുമൂലയില്‍ നിന്നുള്ള ഓജോയുടെ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബെന്‍ടെക്കെ ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it