Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലെസ്റ്ററിനരികെ ടോട്ടനം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലെസ്റ്ററിനരികെ  ടോട്ടനം
X
ipl-toteenam-stock-city

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയുടെ കിരീടപ്രതീക്ഷകള്‍ക്ക് വെല്ലുവിളിയുയര്‍ത്തി ടോട്ടനം ഹോട്‌സ്പറിന്റെ കുതിപ്പ്. കഴിഞ്ഞ ദിവസം നടന്ന ഏക മല്‍സരത്തില്‍ ടോട്ടനം എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് സ്‌റ്റോക്ക് സിറ്റിയെ തരിപ്പണമാക്കി. ഇരട്ടഗോള്‍ നേടിയ സൂപ്പര്‍ താരം ഹാരി കെയ്‌നും ബാമിദെലെ അലിയുമാണ് സ്പര്‍സിന്റെ വിജയം അനായാസമാക്കിയത്.
ടോട്ടനത്തിന്റെ നാലു ഗോളുകളില്‍ മൂന്നിലും പ്ലേമേക്കര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ പങ്കാളിയായി. ഈ മല്‍സരത്തിലെ ഇരട്ടഗോളോടെ കെയ്‌നിന്റെ സീസണിലെ ഗോള്‍സമ്പാദ്യം 23 ആയി ഉയര്‍ന്നു.
സീസണില്‍ ഇനി നാലു കളികള്‍ മാത്രം ശേഷിക്കെ തലപ്പത്തു നില്‍ക്കുന്ന ലെസ്റ്ററുമായുള്ള അകലം ടോട്ടനം അഞ്ചാക്കി കുറച്ചു. 34 മല്‍സരങ്ങളില്‍ നിന്ന് 21 ജയവും 10 സമനിലയും മൂന്നു തോല്‍വിയുമടക്കം ലെസ്റ്റററിന് 73 പോയിന്റാണുള്ളത്. 19 ജയവും 11 സമനിലയും നാലു തോ ല്‍വിയുമുള്‍പ്പെടെ ടോട്ടനത്തിന് 68 പോയിന്റുണ്ട്.
സ്വാന്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, എവര്‍ട്ടന്‍, ചെല്‍സി എന്നിവര്‍ക്കെതിരേയാണ് ലെസ്റ്ററിന്റെ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍. എന്നാല്‍ വെസ്റ്റ്‌ബ്രോം, ചെല്‍സി, സതാംപ്റ്റന്‍, ന്യൂകാസില്‍ യുനൈറ്റഡ് എന്നിവരുമായി ടോട്ടനം ഇനി കൊമ്പുകോര്‍ക്കും.
തൊട്ടുമുമ്പത്തെ കളിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തകര്‍ത്ത ടോട്ടനം അതേ ഫോം സ്‌റ്റോക്കിനെതിരേയും ആവര്‍ത്തിക്കുകയായിരുന്നു. മാഞ്ചസ്റ്ററിനെതിരേ കളിച്ച അതേ ഇലവനെതന്നെയാണ് ടോട്ടനം കോച്ച് മൗറിസിയോ പൊക്കെറ്റിനോ പരീക്ഷിച്ചത്.
കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ത്തന്നെ കെയ്ന്‍ ടോട്ടനത്തെ മുന്നിലെത്തിച്ചു. ഡെംബെ ലെ നല്‍കിയ പാസ് ബോക്‌സിന്റെ വലതുമൂലയില്‍ വച്ച് വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ കെയ്ന്‍ വലയ്ക്കുള്ളിലാക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യപകുതിയില്‍ സ്റ്റോക്ക് നിരന്തരം മുന്നേറ്റങ്ങള്‍ നടത്തി സ്പര്‍സിനെ സമ്മര്‍ദ്ദത്തിലാക്കി. 41ാം മിനിറ്റില്‍ ടോട്ടനം താരം എറിക്‌സണിന്റെ ഗോളെന്നുറച്ച ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.
രണ്ടാംപകുതിയില്‍ ടോട്ടനം പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തി. 67ാം മിനിറ്റില്‍ അലി ടോട്ടനത്തിന്റെ രണ്ടാം ഗോള്‍ നിക്ഷേപിച്ചു. നാലു മിനിറ്റിനകം കെയ്ന്‍ സ്‌കോര്‍ 3-0 ആക്കി. ഫൈനല്‍ വിസിലിന് എട്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ അലി ടീമിന്റെ ഗോള്‍പട്ടിക തികച്ചു.
Next Story

RELATED STORIES

Share it