ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: വാര്‍ഡി ഡബിളില്‍ ലെസ്റ്റര്‍ കുതിക്കുന്നു

ലണ്ടന്‍: തകര്‍പ്പന്‍ ജയത്തോടെ ലെസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. ഇന്നലെ നടന്ന 33ാം റൗണ്ട് മല്‍സരത്തില്‍ സണ്ടര്‍ലാന്റിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ലെസ്റ്റര്‍ തോല്‍പ്പിക്കുകയായിരുന്നു. ഇരട്ട ഗോള്‍ നേടിയ സ്‌ട്രൈക്കര്‍ ജാമി വാര്‍ഡിയാണ് ലെസ്റ്ററിന്റെ ഹീറോ.
ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം 66, 90 മിനിറ്റുകളിലാണ് വാര്‍ഡി ലെസ്റ്ററിനു വേണ്ടി നിറയൊഴിച്ചത്. ജയത്തോടെ രണ്ടാം സ്ഥാനക്കാരായ ടോട്ടനം ഹോട്‌സ്പറിനു മേല്‍ 10 പോയിന്റിന്റെ ആധികാരിക ലീഡ് നേടാനും ലെസ്റ്ററിന് സാധിച്ചു. സീസണില്‍ ലീഗില്‍ ഇനി അഞ്ച് മല്‍സരങ്ങളാണ് ലെസ്റ്ററിന് ശേഷിക്കുന്നത്. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റ് നേടാനായാല്‍ ലെസ്റ്ററിന് പ്രീമിയര്‍ ലീഗ് കിരീടത്തോടെ ചരിത്രത്തില്‍ ഇടംപിടിക്കാനാവും. നിലവില്‍ 33 മല്‍സരങ്ങളില്‍ നിന്ന് 72 പോയിന്റുമായാണ് ലെസ്റ്റര്‍ ലീഗില്‍ തലപ്പത്ത് തുടരുന്നത്. ഒരു മല്‍സരം കുറച്ചു കളിച്ച ടോട്ടനമിന് 62 പോയിന്റാണുള്ളത്.
അതേസമയം, ലീഗിലെ മറ്റൊരു മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് വെസ്റ്റ്‌ബ്രോമിനെ പരാജയപ്പെടുത്തി. സെര്‍ജിയോ അഗ്വേറോ (19ാം മിനിറ്റ്), സമീര്‍ നസ്‌റി (66) എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ സതാംപ്റ്റന്‍ 3-1ന് ന്യൂകാസിലിനെയും ക്രിസ്റ്റല്‍ പാലസ് 1-0ന് നോര്‍വിച്ചിനെയും തോല്‍പ്പിച്ചപ്പോള്‍ എവര്‍ട്ടനെ 1-1ന് വാട്‌ഫോര്‍ഡ് സമനിലയില്‍ തളച്ചു.
Next Story

RELATED STORIES

Share it