ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: നാലടിച്ച് വമ്പന്‍മാര്‍ കസറി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ 31ാം റൗണ്ട് മല്‍സരങ്ങളില്‍ വമ്പന്‍മാര്‍ക്ക് തകര്‍പ്പന്‍ ജയം. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി എന്നീ ടീമുകളാണ് തകര്‍പ്പന്‍ വിജയത്തോടെ മുന്നേറ്റം നടത്തിയത്.
നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ആസ്റ്റന്‍വില്ലയെ തകര്‍ത്തപ്പോള്‍ മുന്‍ ചാംപ്യന്‍മാരായ ആഴ്‌സനലിന്റെയും സിറ്റിയുടെയും ജയം ഇതേ ഗോള്‍ മാര്‍ജിനിലായിരുന്നു. ആഴ്‌സനല്‍ 4-0ന് വാട്‌ഫോര്‍ഡിനെയും സിറ്റി 4-0ന് ബേണ്‍മൗത്തിനെയുമാണ് പരാജയപ്പെടുത്തിയത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ നോര്‍വിച്ച് 3-2ന് ന്യൂകാസിലിനെ തോല്‍പ്പിച്ചപ്പോള്‍ സ്‌റ്റോക്ക് സിറ്റി-സ്വാന്‍സി, വെസ്റ്റ്ഹാം-ക്രിസ്റ്റല്‍ പാലസ് പോരാട്ടങ്ങള്‍ 2-2ന് അവസാനിച്ചു. സണ്ടര്‍ലാന്റും വെസ്റ്റ്‌ബ്രോം ഗോള്‍രഹിതമായി പിരിഞ്ഞു.
ഹോംഗ്രൗണ്ടില്‍ അലെക്‌സിസ് സാഞ്ചസ് (നാലാം മിനിറ്റ്), അലെക്‌സ് ഇവോബി (38), ഹെക്ടര്‍ ബെല്ലറിന്‍ (48), തിയോ വാല്‍കോട്ട് (90) എന്നിവരാണ് വാട്‌ഫോര്‍ഡിനെതിരേ ആഴ്‌സനലിനു വേണ്ടി സ്‌കോര്‍ ചെയ്തത്. ജയത്തോടെ ഒന്നാം സ്ഥാനക്കാരായ ലെസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് അകലം എട്ടാക്കി കുറയ്ക്കാനും മൂന്നാമതുള്ള ആഴ്‌സനലിന് സാധിച്ചു.
എന്നാല്‍, എവേ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയ പെഡ്രോയാണ് ചെല്‍സിക്ക് മികച്ച ജയം നേടിക്കൊടുത്തത്. 46, 59 മിനിറ്റുകളിലായിരുന്നു പെഡ്രോയുടെ ഗോള്‍ നേട്ടം. റുബെന്‍ ലോഫ്റ്റസ് ചീക്കും അലെക്‌സാഡ്ര പാറ്റോയുമാണ് ബ്ലൂസിന്റെ മറ്റു സ്‌കോറര്‍മാര്‍. ജയത്തോടെ ചെല്‍സി ഒമ്പതാം സ്ഥാനത്തേക്ക് കയറി.
അതേസമയം, ഫെര്‍ണാണ്ടോ (ഏഴാം മിനിറ്റ്), കെവിന്‍ ഡിബ്രുയന്‍ (12), സെര്‍ജിയോ അഗ്വേറോ (19) അലെക്‌സാണ്ടര്‍ കൊലറോവ് (90) എന്നിവരുടെ ഗോളുകളാണ് എവേ മല്‍സരത്തില്‍ ബേണ്‍മൗത്തിനെതിരേ സിറ്റിക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ആഴ്‌സനലിനു പിന്നിലായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് സിറ്റി.
Next Story

RELATED STORIES

Share it