Sports

ഇംഗ്ലണ്ട് ഐസായി

ഇംഗ്ലണ്ട് ഐസായി
X
Iceland-players-join-fans-i

പാരിസ്: അട്ടിമറി തോല്‍വിയോടെ കിരീടഫേവറിറ്റുകളിലൊന്നായ ഇംഗ്ലണ്ട് യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. കന്നി യൂറോ കപ്പ് കളിക്കുന്ന ഐസ്‌ലന്‍ഡിന് മുന്നിലാണ് ഇംഗ്ലണ്ട് ഐസായത്. ടൂര്‍ണമെന്റിന്റെ അവസാന പ്രീക്വാര്‍ട്ടറില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ 1-2ന് ഐസ്‌ലന്‍ഡ് ഞെട്ടിക്കുകയായിരുന്നു.
ഒരു ഗോളിന് മുന്നില്‍ നിന്നതിനു ശേഷമാണ് ഇംഗ്ലണ്ട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരും മുന്‍ ചാംപ്യന്‍മാരുമായ ഫ്രാന്‍സാണ് ഐസ്‌ലന്‍ഡിന്റെ എതിരാളികള്‍.
റാഗ്‌നര്‍ സിഗുര്‍സണും (ആറാം മിനിറ്റ്) കോള്‍ബിന്‍ സിഗ്‌തോര്‍സണുമാണ് (18) ഇംഗ്ലണ്ടിനെതിരേ ഐസ്‌ലന്‍ഡിന്റെ സ്‌കോറര്‍മാര്‍. ഇംഗ്ലണ്ടിന്റെ ഏക ഗോള്‍ നാലാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയുടെ വകയായിരുന്നു.
1950 ലോകകപ്പിനു ശേഷം ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ അട്ടിമറി തോല്‍വികളിലൊന്നാണ് ഐസ്‌ലന്‍ഡിനെതിരേയുള്ളത്. 1950ല്‍ അന്ന് താരതമ്യേന ദുര്‍ബലരായ അമേരിക്കയോട് 1-0ന് ശക്തരായ ഇംഗ്ലണ്ട് അടിയറവ് പറയുകയായിരുന്നു.
ഐസ്‌ലന്‍ഡിനെതിരേ ഇംഗ്ലണ്ടിനായിരുന്നു മുന്‍തൂക്കം. പന്തടക്കത്തില്‍ ഇംഗ്ലണ്ട് വ്യക്തമായ മുന്‍തൂക്കം നേടിയെങ്കിലും ആക്രമിച്ചു കളിക്കുന്നതില്‍ ഇരു ടീമും ഏതാണ്ട് ഒപ്പത്തിനൊപ്പം നിന്നു.
കളിയുടെ നാലാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങിനെ പെനാല്‍റ്റി ബോക്‌സില്‍ വച്ച് ഐസ്‌ലന്‍ഡ് ഗോള്‍കീപ്പര്‍ ഹന്നസ് ഹള്‍ഡോര്‍സണ്‍ ഫൗളിനിരയാക്കിയതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റി കിക്കെടുത്ത റൂണി അനായാസം പന്ത് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.
എന്നാല്‍, മിനിറ്റുകള്‍ക്കകം ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സിഗുര്‍സണ്‍ മല്‍സരത്തില്‍ ഐസ്‌ലന്‍ഡിനെ ഒപ്പമെത്തിച്ചു. കാരി അര്‍നാസണിന് അരോണ്‍ ഗണ്ണാര്‍സണ്‍ എറിഞ്ഞ ലോങ് ത്രോ ക്ലിയര്‍ ചെയ്യാനുള്ള റൂണിയുടെ ശ്രമം പാളിപ്പോവുകയായിരുന്നു. റൂണിയുടെ ഹെഡ്ഡര്‍ പിഴച്ചപ്പോള്‍ പന്ത് ലഭിച്ചത് ഇംഗ്ലണ്ട് ഗോള്‍ പോസ്റ്റിനരികിലുണ്ടായിരുന്ന സിഗുര്‍സണിന്റെ കാലിലാണ്. സിഗുര്‍സണ്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടിനെയും പ്രതിരോധനിരയെയും കാഴ്ചക്കാരാക്കി അനായാസം പന്ത് ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു.
ഗോള്‍ വീണതോടെ ലീഡുയര്‍ത്താന്‍ ഇംഗ്ലീഷ് പട പൊരുതി കളിച്ചു. കളിയുടെ 15, 17 മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ ഡെലെ അലിക്കും ഹാരി കെയ്‌നും ഗോളവസരം ലഭിച്ചെങ്കിലും ഇരുവരും പുറത്തേക്കടിച്ച് പാഴാക്കുകയായിരുന്നു.
18ാം മിനിറ്റില്‍ കിട്ടിയ രണ്ടാമത്തെ ഗോളവസരവും ഐസ്‌ലന്‍ഡ് മുതലാക്കി. ഇംഗ്ലണ്ട് ഗോളിയുടെയും പ്രതിരോധനിരയുടെയും പിഴവാണ് സിഗ്്‌തോര്‍സണിന്റെ ഗോളിനും വഴിയൊരുക്കിയത്. പിന്നീട് സമനില ഗോളിനായി ഇംഗ്ലണ്ട് കിണഞ്ഞു ശ്രമിച്ചു.
എന്നാല്‍, ഐസ്‌ലന്‍ഡ് പ്രതിരോധ കോട്ട കെട്ടി അവയെല്ലം നിഷ്പ്രഭമാക്കിയതോടെ ഇംഗ്ലണ്ടിന്റെ പതനവും പൂര്‍ത്തിയാവുകയായിരുന്നു.
Next Story

RELATED STORIES

Share it