Cricket

ഇംഗ്ലണ്ടിന് വമ്പന്‍ ജയം

ഇംഗ്ലണ്ടിന് വമ്പന്‍ ജയം
X

നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് തോല്‍വി. എട്ട് വിക്കറ്റിനാണ് ആതിഥേയരായ ഇന്ത്യയെ ഇംഗ്ലണ്ട് നിര നാണംകെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 113 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. നാലു വിക്കറ്റുകള്‍ പങ്കിട്ട ഡാനിയേല്‍ ഹെയ്‌സലും സോഫി എക്ലസ്‌റ്റോണുമാണ് ഇന്ത്യയെ തകര്‍ത്തത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡ് 31 റണ്‍സെത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത ദേവിക വൈദ്യ പുറത്ത്. പിന്നീട് പവലിയനിലേക്ക് ഇന്ത്യന്‍ താരങ്ങളുടെ ഘോഷ യാത്രയായിരുന്നു. മിതാലി രാജ് (4), ഹര്‍മന്‍പ്രീത് കൗര്‍ (3), വേദ കൃഷ്ണമൂര്‍ത്തി (9), പൂജ വസ്ത്രാകര്‍ (0) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ്  എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. വാലറ്റവും വന്നതുപോലെ മടങ്ങിയപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 113 എന്ന ചെറിയ സ്‌കോറില്‍ അവസാനിക്കുകയായിരുന്നു. 42 റണ്‍സെടുത്ത ഓപണര്‍ സ്മൃതി മന്ദാനയും 26 റണ്‍സെടുത്ത ദീപ്തി ശര്‍മ്മയുമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ഓപണര്‍മാരായ ഡാനിയേല്‍ വ്യാറ്റും (47) ടാമി ബ്യൂമോണ്ടും (39*) തിളങ്ങിയതോടെ അനായാസം ഇംഗ്ലണ്ട് ലക്ഷ്യം കാണുകയായിരുന്നു. ഹെതര്‍ നൈറ്റ് (26*) പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ഏകതാ ബിഷിത് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
Next Story

RELATED STORIES

Share it