Flash News

ഇംഗ്ലണ്ടിന് മുന്നില്‍ ചിലി നിഷ്പ്രഭം

ഇംഗ്ലണ്ടിന് മുന്നില്‍ ചിലി നിഷ്പ്രഭം
X


- ഇംഗ്ലണ്ട്് 4 - ചിലി 0
- ഡോര്‍ട്മുണ്ട് യുവ താരം സാഞ്ചോയ്ക്ക് ഇരട്ട ഗോള്‍

കൊല്‍ക്കത്ത: സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി ഇംഗ്ലണ്ടിന്റെ കാല്‍പന്ത് ഗര്‍ജനം. ത്രീ ലയണ്‍സ് എന്നു വിളിപ്പേരുള്ള ഇംഗ്ലണ്ട് കൗമാരപ്പട ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ചിലിയെ കീഴടക്കിയത്. യൂറോപ്യന്‍- ലാറ്റിനമേരിക്കന്‍ കരുത്തര്‍ ശക്തി പരീക്ഷിച്ച മല്‍സരത്തില്‍ ഡോര്‍ട്മുണ്ട് യുവതാരം ജാഡന്‍ സാഞ്ചോയുടെ ഇരട്ട ഗോളുകളാണ് ജയം അനായാസമാക്കിയത്. ഹഡ്‌സണ്‍ ഒഡോയ്, ഏയ്ഞ്ചല്‍ ഗോമസ് എന്നിവരും ഇംഗ്ലണ്ടിനു വേണ്ടി വല കുലുക്കി.
കാല്‍പന്ത് കളിയുടെ സൗന്ദര്യം നിറഞ്ഞ കളിക്കളത്തില്‍ ഏയ്ഞ്ചല്‍ ഗോമസിനെ ബെഞ്ചിലിരുത്തി 4-5-1 ശൈലിയിലാണ് ഇംഗ്ലണ്ട് ബൂട്ടണിഞ്ഞത്. മറുവശത്ത് 4-3-3 ശൈലിയില്‍ ചിലിയും അണിനിരന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വണ്ടര്‍ കിഡ് എന്നറിയപ്പെടുന്ന ഗോമസ് ഇല്ലാത്ത ആദ്യ ഇലവനില്‍ ആരാധകര്‍ക്കു പോലും വലിയ പ്രതീക്ഷകളുണ്ടായിരുന്നില്ല. എന്നാല്‍ അഞ്ചാം മിനിറ്റില്‍ തന്നെ മിഡ്ഫീല്‍ഡര്‍ കാല്ലം ഹഡ്‌സണ്‍ ഒഡോയ് ചിലിയുടെ വല കീറി. സാഞ്ചോയുടെ പാസ്സില്‍ നിന്നായിരുന്നു ചെല്‍സി താരം ഹഡ്‌സന്റെ ഗോള്‍. ഒരു ഗോള്‍ വഴങ്ങിയതോടെ പിന്നിലേക്ക് പോവുന്ന ലാറ്റിനമേരിക്കന്‍ കരുത്താണ് പിന്നീട് കണ്ടത്. എഴുപതു ശതമാനം സമയവും പന്ത് കൈവശം വച്ച ഇംഗ്ലീഷ് കൗമാരപ്പട എട്ടുതവണയാണ് ഗോളിന് ശ്രമിച്ചത്.
ഒരു ഗോളിന്റെ ലീഡുമായി രണ്ടാംപകുതിയിലേക്ക് കടന്ന ഇംഗ്ലണ്ട് മിനിറ്റുകള്‍ക്കകം ലീഡുയര്‍ത്തി. 51ാം മിനിറ്റില്‍ വല കുലുക്കിയ സാഞ്ചോ തന്റെ കരുത്ത് പ്രകടമാക്കിയപ്പോള്‍ പകരക്കാരെ കളത്തിലിറക്കി ചിലി തന്ത്രം പയറ്റി. എന്നാല്‍, മക് ഏച്രന്റെ അസിസ്റ്റില്‍ തന്റെ രണ്ടാം ഗോളിലൂടെ 60ാം മിനിറ്റില്‍ സാഞ്ചോ ഇംഗ്ലീഷ് വിജയം ഉറപ്പിച്ചു. പിന്നീട് ചിത്രത്തിലേ ഇല്ലാതായ ചിലിയുടെ തോല്‍വിക്ക് പ്രഹരം വര്‍ധിപ്പിക്കാന്‍ 67ാം മിനിറ്റിലാണ് ഗോമസ് കളത്തിലിറങ്ങിയത്. 79ാം മിനിറ്റില്‍ ചിലിയന്‍ ഗോള്‍കീപ്പര്‍ ജുലിയോ ബോര്‍ക്വുസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. മൂന്ന് സബ്സ്റ്റിറ്റിയൂഷനുകളും പൂര്‍ത്തിയായ സമയത്തായിരുന്നു ഗോള്‍ കീപ്പര്‍ ചുവപ്പ് കാര്‍ഡ് വാങ്ങിയത്. അതോടെ പത്താം നമ്പര്‍ പ്രൊവസ്റ്റെ ഗോള്‍ കീപ്പറായി മല്‍സരം തുടര്‍ന്നു. കാര്യങ്ങള്‍ എളുപ്പമായ ഇംഗ്ലണ്ട് പട ഗോമസിലൂടെ 81ാം മിനിറ്റില്‍ നാലാം ഗോളും കണ്ടെത്തി. ഫ്രീ കിക്കിലൂടെയായിരുന്നു ഗോമസിന്റെ ഗോള്‍. ലോകകപ്പില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ ഏറ്റവും മനോഹരമായതെന്ന് വിശേഷിപ്പിക്കാവുന്ന കളിയില്‍ അതോടെ ജയം ഇംഗ്ലണ്ടിന് സ്വന്തം.
Next Story

RELATED STORIES

Share it