Editorial

ആ നോട്ടം നമ്മെ വേട്ടയാടുക തന്നെ ചെയ്യും

ആ നോട്ടം നമ്മെ വേട്ടയാടുക തന്നെ ചെയ്യും
X


അവകാശങ്ങള്‍ നിഷേധങ്ങള്‍ /അംബിക
മധുവിന്റെ ആ നോട്ടം നമ്മളെ ഓരോരുത്തരെയും വേട്ടയാടുക തന്നെ ചെയ്യും. അട്ടപ്പാടിയിലെ മുഴുവന്‍ ആദിവാസികളുടെയും ദയനീയവും നിഷ്‌കളങ്കവുമായ നോട്ടമാണ് കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ് നമുക്കു നേരെ മധു നോക്കിയത്! മധുവിന്റെ മരണത്തിന് നമ്മള്‍ ഓരോരുത്തരും ഉത്തരവാദികളാണ്. അതിനുള്ള ശിക്ഷ സ്വയം ഏറ്റുവാങ്ങുകയേ നിവൃത്തിയുള്ളൂ. മുമ്പ് ഏതാണ്ട് രണ്ടുവര്‍ഷത്തോളം അട്ടപ്പാടിയില്‍ ജീവിച്ചൊരാളാണു ഞാന്‍. അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ പലപ്പോഴായി പോവാനും തങ്ങാനും കഴിഞ്ഞിട്ടുമുണ്ട്; മധു ജനിച്ചുവളര്‍ന്ന ചിണ്ടക്കിയിലും. അന്നു തോന്നിയിരുന്നു, ഇത്രയ്ക്ക് നിഷ്‌കളങ്കരായി എങ്ങനെയാണ് മനുഷ്യര്‍ക്ക് ജീവിക്കാനാവുക എന്ന്. അന്നന്നത്തെ വിശപ്പിനപ്പുറം അവരെ ഒന്നും അലട്ടുന്നില്ല; അന്നും ഇന്നും. കുറേപേര്‍ വിദ്യാഭ്യാസവും അതില്‍ കുറച്ചുപേര്‍ തൊഴിലും നേടിയിട്ടുണ്ടെന്നതു നേരാണ്. ആദിവാസികളെ അവരുടെ മണ്ണില്‍ നിന്നു പൂര്‍ണമായി കുടിയിറക്കി, ജീവിതസാഹചര്യങ്ങളില്‍ നിന്ന് ആട്ടിയകറ്റി എല്ലാ അര്‍ഥത്തിലും നിരാലംബരും നിസ്സഹായരുമാക്കി എന്നതാണ് ഇക്കാലമത്രയും നടന്ന വികസനപ്രവര്‍ത്തനങ്ങളുടെ ബാക്കിപത്രം.
നാലുലക്ഷത്തില്‍ താഴെ മാത്രം വരുന്ന കേരളത്തിലെ മുഴുവന്‍ ആദിവാസികളുടെയും ജീവിതസാഹചര്യം മെച്ചപ്പെടുത്താനാവശ്യമായ പണവും പദ്ധതികളും അട്ടപ്പാടിയിലേക്കു മാത്രം ഒഴുകിയിട്ടുണ്ട്. എന്നിട്ടും അവിടത്തെ ആദിവാസികളുടെ ജീവിതനിലവാരം എത്യോപ്യയിലേതിനു സമാനമാണ്. ഇത് വെറുതെ പറയുന്നതല്ല. കണക്കുകളുണ്ട്. ഇന്നും 75 ശതമാനം ഊരുകളിലും വൈദ്യുതിയോ കക്കൂസോ ഇല്ല. ദാരിദ്ര്യരേഖാ നിര്‍ണയത്തുകയായി ഇന്ത്യന്‍ സര്‍ക്കാര്‍ നിജപ്പെടുത്തിയത് 26 രൂപ(അതുതന്നെ എത്ര തുച്ഛം!)യാണ്. എന്നാല്‍, അട്ടപ്പാടിയിലെ ആളോഹരി ദിവസ വരുമാനം 16 മുതല്‍ 18 രൂപ മാത്രമാണ്.
90 ശതമാനം ഊരുകളിലും ശുദ്ധജല ലഭ്യതയില്ല. ശുദ്ധജല പ്ലാന്റിനുള്ള പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അവര്‍ക്കു പക്ഷേ, കുടിവെള്ളം വല്ലപ്പോഴും മാത്രം കിട്ടുന്ന ഒന്നായി അവശേഷിക്കുന്നു. കോടികള്‍ ചെലവിട്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ആദിവാസികളെ വഞ്ചിക്കുകയാണ് ഭരണകൂടങ്ങള്‍ ഇക്കാലമത്രയും ചെയ്തത്.
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരം നടന്ന ബെനിഫിറ്റ് ട്രാക്കിങ് ഓഡിറ്റിങിലൂടെ പുറത്തുവന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. അട്ടപ്പാടിയിലെ ഒരു കുടുംബത്തിന് സര്‍ക്കാര്‍ വര്‍ഷം ചെലവഴിക്കുന്നത് 1,29,540 രൂപയാണ്. അഗളി, പുതൂര്‍, ഷോളയൂര്‍ എന്നിങ്ങനെ മൂന്നു പഞ്ചായത്തുകളാണ് അട്ടപ്പാടിയിലുള്ളത്. ഇവിടെയുള്ള 193 ഊരുകളിലായി 8,589 ആദിവാസി കുടുംബങ്ങള്‍ക്കായാണ് 111.26 കോടി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പക്ഷേ, ഈ പണമെല്ലാം എത്തുന്നത് ആരുടെ കൈകളിലേക്കാണ്? മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, കോണ്‍ട്രാക്ടര്‍മാര്‍, ചൂഷണലക്ഷ്യത്തോടെ മാത്രം അവിടെയെത്തുന്ന എന്‍ജിഒകള്‍, വിവിധ മാഫിയകള്‍. ഇവര്‍ തടിച്ചുകൊഴുക്കുകയും ആദിവാസികള്‍ വംശനാശഭീഷണിയിലെത്തുകയും ചെയ്തിരിക്കുന്നു.
ആദിവാസികളുടെ പോഷകസമൃദ്ധമായിരുന്ന തനതു ഭക്ഷണരീതിയില്‍ നിന്നും ജീവിതസാഹചര്യങ്ങളില്‍ നിന്നുമുള്ള വ്യതിയാനം അവരുടെ സന്താനോല്‍പാദനശേഷി കുറയുന്നതിന് ഇടയാക്കിയിരിക്കുന്നു. കുഞ്ഞുങ്ങള്‍ പിറക്കുന്നതു തന്നെ വളരെ കുറവ്. പിറന്ന കുഞ്ഞുങ്ങള്‍ അഞ്ചുവയസ്സിനപ്പുറം കടക്കുന്നതിനു മുമ്പേ അനാരോഗ്യം കാരണം മരിക്കുന്നു. കുടുംബശ്രീ വഴി ഭക്ഷണം പാകംചെയ്തു നല്‍കുന്ന പദ്ധതി ഇപ്പോള്‍ നടപ്പാക്കിയിട്ടുണ്ട്. പക്ഷേ, പട്ടിണിയും ശിശുമരണങ്ങളും വിളര്‍ച്ച ബാധിച്ചുള്ള സ്ത്രീകളുടെയും ഗര്‍ഭിണികളുടെയും മരണവും തുടര്‍ക്കഥയാവുന്നു. പലപ്പോഴും ഇതൊന്നും വാര്‍ത്തപോലും ആവുന്നില്ല. ഇതിനെ വംശഹത്യ എന്നല്ലാതെ എന്തുപേരിട്ടാണു വിളിക്കുക?
1951ലെ കണക്കനുസരിച്ച് 60,000 ഉണ്ടായിരുന്ന ജനസംഖ്യ ഇന്ന് 28,000ഓളമായി ചുരുങ്ങിയിരിക്കുന്നു. അട്ടപ്പാടിയില്‍ 1951ല്‍ 90 ശതമാനമുണ്ടായിരുന്ന ആദിവാസികള്‍ ഇന്ന് 44 ശതമാനം മാത്രമായി കുറഞ്ഞിരിക്കുന്നു. ദുരൂഹ മരണങ്ങളും കൊലപാതകങ്ങളും നിരവധി നടന്നിട്ടുണ്ടെങ്കിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാറില്ലെന്നതാണു വാസ്തവം. അതിന്റെ തുടര്‍ച്ചതന്നെയാണ് മധു.
കൊലയാളികള്‍ക്ക് മധുവിനെ കാണിച്ചുകൊടുത്ത ഫോറസ്റ്റ് ജീവനക്കാരടക്കം പ്രതിചേര്‍ക്കപ്പെടേണ്ടതുണ്ട്. വനത്തിനകത്തേക്ക് ഐഡി കാര്‍ഡില്ലാതെ ആദിവാസികളെ വരെ കയറ്റിവിടാത്ത ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അക്രമിസംഘത്തെ വിളിച്ചുവരുത്തിയാണ് മധുവിനെ കാണിച്ചുകൊടുത്തത്. ഈ ആക്രമിസംഘത്തിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാ പരമായി ശിക്ഷിക്കേണ്ടതുണ്ട്.
സദാചാര ഗുണ്ടായിസത്തിന്റെ തുടര്‍ച്ച തന്നെയാണ് ആള്‍ക്കൂട്ട കൊലകളും ആക്രമണങ്ങളും. അത് ഒരു അപരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണവുമാണ്. തങ്ങള്‍ മാത്രം എല്ലാം തികഞ്ഞവരാണെന്ന അഹങ്കാരം. ആദിവാസിയും ദലിതനും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും തൊഴില്‍ തേടിയെത്തിയ ഇതര ദേശക്കാരും മനോനില തെറ്റിയവരുമെല്ലാം ജീവിക്കാന്‍ അനര്‍ഹരാണെന്ന തോന്നല്‍. സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ ഒരു സാധു മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്നതുപോലും പ്രദര്‍ശിപ്പിക്കാമെന്ന 'മാനവികത'യിലേക്ക് മലയാളി വളര്‍ന്നിരിക്കുന്നു!              ി
Next Story

RELATED STORIES

Share it