ആ തെങ്ങിന്‍തൈ നിയമസഭാ വളപ്പിലുണ്ടോ?

പി  എ എം ഹനീഫ്

കുറച്ചു പഴയതും അത്യന്തം രസകരവുമാണ് ഈയാഴ്ച ലഭിച്ച വിഷയം. വര്‍ഷങ്ങള്‍ കുറച്ചായി. തിരുവനന്തപുരത്തുള്ള കാലം. പ്രസ്‌ക്ലബ്ബില്‍ നിന്നൊരു വിവരം അറിഞ്ഞു. 25 വര്‍ഷം പൂര്‍ത്തിയാക്കിയ സാമാജികര്‍ നിയമസഭാ വളപ്പില്‍ കേരവൃക്ഷത്തൈ നടുന്നു.  ഇതിനോളം കൗതുകം വേറൊന്നുണ്ടോ? അന്ന് 25 വര്‍ഷം പൂര്‍ത്തിയാക്കിയ 13 നിയമസഭാ സാമാജികരാണ് കുളിച്ചൊരുങ്ങിവന്ന് തെങ്ങിന്‍തൈ നട്ടത്. 45 വര്‍ഷം പൂര്‍ത്തിയാക്കിയ കെ ആര്‍ ഗൗരിയമ്മ, 34 വര്‍ഷ പാരമ്പര്യത്തോടെ  ഉമ്മന്‍ചാണ്ടി, അതേ പാരമ്പര്യത്തില്‍ പത്തനംതിട്ട സാമാജികന്‍ കെ കെ നായര്‍, 31 വര്‍ഷം ബഹളമയമായി പൂര്‍ത്തിയാക്കിയ ആര്‍ ബാലകൃഷ്ണപ്പിള്ള, 29 വര്‍ഷത്തെ ദീര്‍ഘപാരമ്പര്യം വലിയ കാര്യമല്ലെങ്കിലും സഭയ്ക്കുള്ളിലെ പായും പടക്കുതിരയായിരുന്ന സാക്ഷാല്‍ എം വി രാഘവന്‍, 26 വര്‍ഷ പാരമ്പര്യവുമായി കെ നാരായണക്കുറുപ്പ്, 25 വര്‍ഷം തികച്ച ഡോ. കെ സി ജോസഫ്, കാസര്‍കോട്ടെ സി ടി അഹമ്മദലി, വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ ക്രൈസ്തവ മാനേജ്‌മെന്റുകള്‍ കര്‍മശ്രേഷ്ഠ പുരസ്‌കാരം നല്‍കി 'സോപ്പിട്ട' നാലകത്ത് സൂപ്പി, ചങ്ങനാശ്ശേരി എംഎല്‍എ സ്ഥാനം മറ്റാര്‍ക്കും വിട്ടുനല്‍കില്ലെന്ന ദൃഢനിശ്ചയവുമായി നടക്കുന്ന കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ അസംതൃപ്ത എംഎല്‍എ സി എഫ് തോമസ് (തോമസ് സാര്‍ ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂളില്‍ എന്റെ സാറായിരുന്നു) തുടങ്ങി നോട്ടെണ്ണല്‍ യന്ത്രം സ്വന്തമായി ഒന്നിലധികമുണ്ടെന്ന് ശത്രുക്കള്‍ ആക്ഷേപിക്കുന്ന പാലായിലെ 37 വര്‍ഷം തികച്ച ബഹു. മാണിസാര്‍, അകാലേ അന്തരിച്ച, 27 വര്‍ഷം സഭയിലുണ്ടായിരുന്ന ടി എം ജേക്കബ് എന്നീ 13 സാമാജികരാണ് തെങ്ങിന്‍തൈ നടാന്‍ പഴയ നിയമസഭാവളപ്പില്‍ ഹാജരായത്. സകലരും ശുഭ്രവസ്ത്രധാരികള്‍.കടലപ്പിണ്ണാക്ക്, ഉപ്പുചാക്ക്, കരമന ആറ്റിലെ ശുദ്ധജലം ഒക്കെ നിയമസഭാ സ്റ്റാഫ് സജ്ജമാക്കിയിരുന്നു. തെങ്ങ് നടാന്‍ ആവശ്യമുള്ള 45 ഃ 45 ഃ 45 കുഴി ആറുമാസം മുമ്പ് എടുത്തിരിക്കണമെന്നാണ് കേന്ദ്ര തോട്ടവിള ഗവേഷണാലയം നിര്‍ദേശിക്കുന്നത്. സെക്രട്ടേറിയറ്റ് വളപ്പില്‍ ഇതൊക്കെ ഝടുതിയിലായിരുന്നു. മഴ തുടങ്ങുന്നതോടെ കുഴിക്കുള്ളില്‍ ചവര്‍ നിറച്ച് തൈ നടണമെന്നൊക്കെയാണ് ആചാരം. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഉണ്ടായിരുന്നു. അന്നു ചാനലുകാര്‍ ഇന്നത്തെയത്ര സജീവമല്ലാത്തതിനാല്‍ പത്ര പടമെടുപ്പുകാരേ ഉണ്ടായിരുന്നുള്ളൂ. കൊല്ലം പന്ത്രണ്ടിലധികം കഴിഞ്ഞു. ആ തെങ്ങിന്‍തൈകളില്‍ ഏതൊക്കെ പച്ചപിടിച്ചുവെന്നും വളര്‍ച്ചയെത്തി കാഫലം നല്‍കുന്നത് എത്രയെന്നും സെക്രട്ടേറിയറ്റ് ചിന്തിച്ചുവോ ആവോ? ഇളനീരെങ്കിലും കിട്ടുന്നുണ്ടോ? തെങ്ങിന്‍തൈ നട്ട ശൂരന്‍മാരില്‍ കെ കെ നായരും ഷണ്‍മുഖദാസും എം വി രാഘവനും കെ നാരായണക്കുറുപ്പുമൊക്കെ പരലോകം പൂകി. ആ തെങ്ങുകള്‍ ചിലതു മണ്ട ചീഞ്ഞ് കഷ്ടത്തിലായി. 'ഇന്ന് വരുന്നവനെ നാളെ കാണുന്നില്ല' എന്നു പറയുമ്പോലെ തങ്ങളുടെ ജൂബിലി വര്‍ഷം സ്വകരങ്ങളാല്‍ ഉപ്പും കടലപ്പിണ്ണാക്കും ചവറും വിതറി നട്ട തെങ്ങിന്‍തൈകള്‍ക്ക് എന്തു സംഭവിച്ചു? എംഎല്‍എ പെന്‍ഷന് മുടക്കമില്ലാത്ത സ്ഥിതിക്ക് തങ്ങള്‍ നട്ടുനനച്ച അമ്മവൃക്ഷത്തിന് എന്തു സംഭവിച്ചാല്‍ നമുക്കെന്ത്?ഏറ്റവും കുറഞ്ഞത്, തെങ്ങുകള്‍ എത്ര  തേങ്ങ തന്നുവെന്നതും മണ്ട ചീഞ്ഞ തെങ്ങുകള്‍ സംരക്ഷിക്കപ്പെടുന്നുണ്ട് എന്നതും ഉറപ്പാക്കുന്നത് പൊന്നാനി എംഎല്‍എയും സന്ധിവേദനക്കാരനും മുട്ടുകാല്‍ ചിരട്ട തെറ്റി കോയമ്പത്തൂര്‍ ചികില്‍സ കഴിഞ്ഞ് വിശ്രമിക്കുന്നവനുമായ സാക്ഷാല്‍ പി ശ്രീരാമകൃഷ്ണന്‍ എന്ന സ്പീക്കര്‍ (രോഗം വിശദീകരിക്കാന്‍ കാരണം ഓഖി വീശിയിടത്ത് പോയി മല്‍സ്യത്തൊഴിലാളികളുടെ രോഷം   ഏറ്റുവാങ്ങാനുള്ള നിര്‍ഭാഗ്യം ശ്രീരാമകൃഷ്ണനുണ്ടായില്ല എന്നതിനാലാണ്). തൈ നടുമ്പോള്‍ സാക്ഷ്യംവഹിച്ചു എന്നതു നേര്. പിന്നീടുള്ള അവസ്ഥ അറിയില്ല. ലക്ഷങ്ങള്‍ ചെലവിട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയ ഈ 'കല്‍പവൃക്ഷമാമാങ്ക'ത്തിന്റെ അവസ്ഥ പരിശോധിക്കുന്നതിന്  ബഹു. സ്പീക്കറോട് അഭ്യര്‍ഥിച്ചുകൊണ്ട് ഒരു സത്യം കൂടി: അന്ന് 37 വര്‍ഷം നിയമസഭാ സാമാജികത്വം പൂര്‍ത്തിയാക്കിയ കെ എം മാണി അവര്‍കള്‍ തൈ നട്ടതുമില്ല. അവിടെയാണ് സെക്രട്ടേറിയറ്റ് തെങ്ങിന്‍തൈയുടെ ആന്റി ക്ലൈമാക്‌സ്; ശുഭം!                                        ി
Next Story

RELATED STORIES

Share it