ആ ചിത മനസ്സിലെരിയട്ടെ!

അവകാശങ്ങള്‍  നിഷേധങ്ങള്‍ - അംബിക
ഏതു സമയവും ആത്മഹത്യ ചെയ്‌തേക്കാമെന്ന അവസ്ഥയില്‍ തങ്ങളുടെ വീട്ടുമുറ്റത്ത് ചിതയൊരുക്കി സമരത്തിലാണ് എടപ്പള്ളി പത്തടിപ്പാലം-മാനാത്തുപാടം ഷാജിയും കുടുംബവും. 310 ദിവസമായി അവര്‍ സമരമുഖത്താണ്. 19 ദിവസമാണ് കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ ഷാജിയുടെ ഭാര്യ പ്രീത ഷാജി വീട്ടുമുറ്റത്ത് നിരാഹാരം കിടന്നത്. കിടപ്പാടം നഷ്ടപ്പെടില്ലെന്ന സര്‍ക്കാര്‍ ഉറപ്പിന്‍മേലാണ് അവര്‍ നിരാഹാരസമരം അവസാനിപ്പിച്ചത്. അവരെ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞത് ഈ സമരം തന്റെ കുടുംബത്തിനു വേണ്ടി മാത്രമല്ല, ഇതുപോലെ എടുക്കാത്ത വായ്പയുടെ പേരില്‍ തെരുവിലെറിയപ്പെടുന്ന നിരവധി കുടുംബങ്ങള്‍ക്കു വേണ്ടി കൂടിയാണെന്നാണ്; ബാങ്കുകള്‍ക്ക് അമിതാധികാരം നല്‍കുന്ന സര്‍ഫാസി നിയമമടക്കമുള്ളവ പൊളിച്ചെഴുതണമെന്ന ആവശ്യവുമായാണെന്നാണ്.
ഷാജി തന്റെ തൊഴിലുടമയെ സഹായിക്കാന്‍ ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ നിന്ന് രണ്ടുലക്ഷം രൂപയുടെ വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരിലാണ് ഈ കുടുംബം കഴിഞ്ഞ 24 വര്‍ഷമായി വേട്ടയാടപ്പെട്ടതും തെരുവാധാരമാവുന്ന അവസ്ഥയിലേക്ക് എത്തിപ്പെട്ടതും. ജാമ്യം നിന്നതിന്റെ ഭാഗമാണെങ്കിലും തന്റെ സ്ഥലം വിറ്റ് ഇതിലെ ഒരുലക്ഷം രൂപ ഷാജി തന്നെ തിരിച്ചടച്ചിരുന്നു. എന്നാല്‍, ബാക്കിയുള്ള ഒരുലക്ഷത്തിന്റെ പലിശയും കൂട്ടുപലിശയുമായി കടം പെരുകി. തിരിച്ചടയ്ക്കാന്‍ തയ്യാറായപ്പോഴെല്ലാം വന്‍ തുകകളുടെ കണക്കു പറഞ്ഞ് മുടക്കി, അനാസ്ഥ കാണിച്ച ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ നിന്ന് ബാധ്യത സെഞ്ചൂറിയന്‍ ബാങ്കും പന്നീട് എച്ച്ഡിഎഫ്‌സിയും ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ രണ്ടുലക്ഷം രൂപയുടെ വായ്പ 2.7 കോടിയായി മാറിയെന്നാണ് ഇപ്പോള്‍ എച്ച്ഡിഎഫ്‌സിയുടെ അവകാശവാദം.
ബാധ്യത അവസാനിപ്പിക്കാന്‍ വില്ലേജ് ഓഫിസര്‍ 90 ലക്ഷം വിലമതിക്കുന്ന ഏഴര സെന്റ് അളന്നുതിരിച്ച് സ്‌കെച്ച് സഹിതം റിപോര്‍ട്ട് നല്‍കിയിട്ടും അത് അവഗണിച്ച് എച്ച്ഡിഎഫ്‌സി 37,80,000 രൂപയ്ക്ക് 2.50 കോടി വിലമതിക്കുന്ന ഷാജിയുടെ കിടപ്പാടം ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ (ഡിആര്‍ടി) റിക്കവറി ഓഫിസറുടെ പിന്തുണയോടെ ലേലം ചെയ്തു. കടക്കെണിയിലായവരുടെ വസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് ലേല നോട്ടീസ് ഇറക്കാന്‍ കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ സിബിഐ അറസ്റ്റ് ചെയ്ത എം രംഗനാഥ് ആയിരുന്നു ഇവരുടെ കേസിലും റിക്കവറി ഓഫിസര്‍! ഇത്തരത്തില്‍ കടക്കെണിയിലായവരുടെ വസ്തുക്കള്‍ തുച്ഛവിലയ്ക്ക് കൈക്കലാക്കാന്‍ വേണ്ടി നിലകൊള്ളുന്ന ഉദ്യോഗസ്ഥ-റിയല്‍ എസ്റ്റേറ്റ് മാഫിയാ കൂട്ടുകെട്ടുകളാണ് ഷാജിയെപ്പോലുള്ളവരെ തെരുവാധാരമാക്കുന്നത്. ഡിആര്‍ടിയുടെ മേല്‍ക്കോടതിയായ ചെന്നൈയിലെ അപ്പലറ്റ് ട്രൈബ്യൂണലില്‍ പോവാനുള്ള സാമ്പത്തികശേഷിയൊന്നും ഷാജിയുടെ കുടുംബത്തിനില്ല.
വസ്തുവിന്റെ വില നിര്‍ണയിക്കാനും ഏറ്റെടുക്കാനും ലേലത്തില്‍ വില്‍ക്കാനും അഭിഭാഷകരെ നിയമിക്കാനും റിക്കവറിക്കായി പോലിസ് സംരക്ഷണം നല്‍കാനുമുള്ള അധികാരം റിക്കവറി ഓഫിസര്‍മാര്‍ക്കാണ്. അഴിമതിക്കാരും മാഫിയാബന്ധമുള്ളവരുമായ ഇത്തരം ഓഫിസര്‍മാരാണ് കോഴലേലങ്ങള്‍ക്കു വഴിയൊരുക്കുന്നതെന്ന് ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധ സമിതി പ്രസിഡന്റ് പി ജെ മാനുവല്‍ പറയുന്നു. ഇത്തരം കോഴലേലങ്ങള്‍ നിയമപരമാക്കുന്നതിന് അവര്‍ക്കു കഴിയുന്നു. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ജില്ലാ ഭരണകൂടവും കളമശ്ശേരി നഗരസഭയും എംഎല്‍എമാരും സാംസ്‌കാരികപ്രവര്‍ത്തകരും ഈ കുടുംബത്തെ തെരുവിലേക്ക് ഇറക്കിവിടരുതെന്നു പറഞ്ഞിട്ടും അതു കേള്‍ക്കാത്ത ഭാവത്തില്‍ കോടതി ഉത്തരവ് നടപ്പാക്കും എന്നു പറയുന്നത്; ഒരു വലിയ പോലിസ് സംഘത്തെ അതിനായി ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി സമരങ്ങള്‍ ആ വീട്ടുമുറ്റത്തു നടന്നിരിക്കുന്നു. മേധാ പട്കര്‍ അടക്കമുള്ളവരും കേരളത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക സമരനേതൃത്വങ്ങളും ആ വീട്ടുമുറ്റത്തേക്ക് എത്തി സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഷൈജു കണ്ണന്‍ ചെയര്‍മാനായ മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതിയും സര്‍ഫാസി വിരുദ്ധ ജനകീയപ്രസ്ഥാനത്തിന്റെ നേതാവ് വി സി ജെന്നിയും സുഹൃത്തുക്കളും പ്രീത ഷാജിയുടെ സമരത്തിനു പിന്തുണയുമായുണ്ട്. ട്രൈബ്യൂണലില്‍ നിയമനടപടികള്‍ തുടങ്ങിവച്ചത് ലോര്‍ഡ് കൃഷ്ണ ബാങ്കാണെന്നും തങ്ങള്‍ നിസ്സഹായരാണെന്നും പറഞ്ഞാണ് എച്ച്ഡിഎഫ്‌സി കൈകഴുകുന്നത്. ഏറ്റെടുത്തപ്പോള്‍ നിയമനടപടികള്‍ തുടര്‍ന്നു എന്നു മാത്രമേയുള്ളൂ എന്നും അവര്‍ പറയുന്നു.
രണ്ടുലക്ഷത്തിന്റെ ലോണ്‍ 2.7 കോടിയായതെങ്ങനെ എന്നും 2.5 കോടി വിലമതിക്കുന്ന ഷാജിയുടെ കിടപ്പാടം എങ്ങനെ 37 ലക്ഷത്തിന് ലേലംചെയ്‌തെന്നും അന്വേഷിക്കുക, ഡിആര്‍ടി നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിലേലങ്ങള്‍ അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തുക, റിക്കവറി ഓഫിസര്‍ രംഗനാഥ് നടത്തിയ മുഴുവന്‍ ലേലങ്ങളും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി മുന്നോട്ടുവയ്ക്കുന്നുണ്ട്. ഷാജിയെയും കുടുംബത്തെയും തെരുവിലേക്ക് ഇറക്കിവിടാന്‍ നാട്ടുകാരോ സമരസമിതിയോ അനുവദിക്കില്ല. എന്തായാലും അവരുടെ മുറ്റത്തൊരുക്കിയ ആ ചിത അവരുടെ വീട്ടുമുറ്റത്ത് എത്തിയവരുടെയെല്ലാം മനസ്സില്‍ എരിഞ്ഞുകൊണ്ടേയിരിക്കുകയാണ്.              ി
Next Story

RELATED STORIES

Share it