Dont Miss

ആ ഗാനരചയിതാവ് ഇതാ ഇവിടെയുണ്ട്

ആ ഗാനരചയിതാവ് ഇതാ ഇവിടെയുണ്ട്
X
റിയാദ്: ഒരൊറ്റ ദിവസം കൊണ്ട് ലക്ഷക്കണക്കിനു മലയാളികളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് 'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന മധുരമനോഹര ഗാനം. അര്‍ഥപൂര്‍ണമായ വരികളും ഇമ്പമേറിയ ഈണവും കൊണ്ട് വര്‍ഷങ്ങളായി മാപ്പിളപ്പാട്ട് ആരാധകരുടെ ചുണ്ടുകളിലും മനസ്സിലും വിലസുന്ന ഗാനത്തിന്റെ റീമിക്‌സ് രൂപമാണ് ഷാന്‍ റഹ്മാന്‍-വിനീത് ശ്രീനിവാസന്‍ ടീം സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്.



അരകോടിയിലേറെ ആളുകള്‍ ഇതിനകം കണ്ടുകഴിഞ്ഞ പാട്ടിന്റെ വീഡിയോ അക്ഷരാര്‍ഥത്തില്‍ വൈറലായിരിക്കുകയാണ്. ഒരേസമയം ന്യൂജനറേഷന്‍ ചെറുപ്പക്കാരുടെയും പഴയ തലമുറയുടെയും ഹരമായി മാറിയ ഈ ഗാനത്തിന്റെ യഥാര്‍ഥ രചയിതാവ് ആരെന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞു. ഉത്തരം ചെന്നെത്തുന്നത് കൊടുങ്ങല്ലൂര്‍ സ്വദേശിയായ പി എം എ ജബ്ബാര്‍ കരൂപ്പടന്നയിലേക്കാണ്. ഇപ്പോള്‍ റിയാദിലെ ഒരു ബഖാലയില്‍ ജോലി ചെയ്തുവരുന്ന ജബ്ബാര്‍ 40 വര്‍ഷം മുമ്പ് നാട്ടില്‍ മദ്‌റസാ അധ്യാപകനായി ജോലി ചെയ്യവേയാണ് ബന്ധുവും ഗായകനുമായ തലശ്ശേരി റഫീഖിനു വേണ്ടി ഈ ഗാനം എഴുതുന്നത്്. റഫീഖ് ഈണമിട്ടു പാടിത്തുടങ്ങിയ ഗാനം ചുരുങ്ങിയ നാള്‍ കൊണ്ടുതന്നെ ഹിറ്റായി മാറി. പിന്നീട് മൂസ എരഞ്ഞോളി റഫീഖില്‍ നിന്നു ഗാനം ആലപിക്കാനുള്ള സമ്മതം നേടിയത് വഴിത്തിരിവായി. മൂസ എരഞ്ഞോളിയുടെ ശബ്ദത്തിലൂടെ ഗാനം കൂടുതല്‍ പേരിലേക്കെത്തി. അക്കാലത്ത് ആകാശവാണിയിലൂടെയും ഗാനമേളകളിലൂടെയുമൊക്കെ ഗാനം ജനഹൃദയങ്ങ ള്‍ കീഴടക്കി. ഇപ്പോഴിതാ സിനിമയിലും എടുത്തു. എന്നാല്‍, പാട്ട് ഹിറ്റാകുമ്പോഴും പാട്ടെഴുത്തുകാരന്‍ ജീവിതപ്രാരബ്ധങ്ങള്‍ക്കിടയിലാണ്. ഗള്‍ഫിലെത്തിയിട്ട് മൂന്നു പതിറ്റാണ്ടാകുന്ന ജബ്ബാര്‍ ഇപ്പോള്‍ റിയാദിലെ മലാസ് 40 തെരുവിലെ ബഖാലയില്‍ ജോലി ചെയ്യുകയാണ്. താന്‍ ജന്മം നല്‍കിയ പാട്ട് തരംഗമായി മാറിയപ്പോഴും ജബ്ബാര്‍ തികച്ചും സാധാരണക്കാരനായി ജീവിക്കുകയായിരുന്നുവെന്ന് റിയാദിലെ ജബ്ബാറിന്റെ സുഹൃത്ത് അബ്ദുല്‍ റഫീഖ് പാലക്കയില്‍ പറയുന്നു. മാപ്പിളപ്പാട്ട് ഗവേഷകനായ ഫൈസല്‍ എളേറ്റില്‍ റിയാദിലെത്തിയപ്പോള്‍ ജബ്ബാറിനെ കണ്ടത് ഓര്‍മിക്കുന്നു. ഈ പാട്ടിന്റെ രചയിതാവ് നിങ്ങളിലൊരാളായി ഇവിടെയെവിടെയോ ഉണ്ടെന്ന് ഒരു വേദിയില്‍ വച്ചു പറഞ്ഞപ്പോള്‍ സദസ്സില്‍ ഉണ്ടായിരുന്നവര്‍ അമ്പരന്നു. ഇതേത്തുടര്‍ന്ന് ജബ്ബാര്‍ ഫൈസലിനെ കാണാനെത്തുകയായിരുന്നു. തന്റെ പാട്ട് പാടി പ്രസിദ്ധമാക്കിയ മൂസ എരഞ്ഞോളിയെ കാണാന്‍ ജബ്ബാര്‍ അന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് ഫൈസല്‍ പറഞ്ഞു. ജബ്ബാറിന്റെയും ഈണം നല്‍കിയ തലശ്ശേരി റഫീഖിന്റെയും സമ്മതം വാങ്ങിയാണ് പാട്ട് സിനിമയില്‍ എടുത്തത്. വേറൊരു സിനിമയ്ക്കു വേണ്ടി താന്‍ ഈ പാട്ട് ചോദിച്ചപ്പോഴാണ് ജബ്ബാര്‍ പാട്ട് മറ്റൊരു സിനിമയ്ക്കു വേണ്ടി നല്‍കിയ കാര്യം വെളിപ്പെടുത്തിയതെന്നും ഫൈസല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it