wayanad local

ആ കര്‍ഷക നേതാവ് ഇവിടുണ്ട് ; സംഘര്‍ഷഭരിതമായ മനസ്സുമായി, സ്വപ്‌നങ്ങള്‍ കണ്ട്

കല്‍പ്പറ്റ: യൗവനാരംഭത്തില്‍ കല്ലും മുള്ളും നിറഞ്ഞ ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് നടന്നടുക്കുമ്പോള്‍ ഒന്നുമായിരുന്നില്ല നടവയല്‍ ആനിക്കല്‍ ചാക്കോ-റോസ ദമ്പതികളുടെ മൂത്തമകന്‍ വര്‍ക്കി. പത്താം ക്ലാസില്‍ പഠനം നിര്‍ത്തി തയ്യല്‍ പഠിക്കാന്‍ പോയ വര്‍ക്കിക്ക് ആ വിദ്യ കരഗതമാക്കാനായില്ല. ക്ലാസിലെ പിഴവുകളില്‍ ഒന്നിന് കരണത്ത് ആഞ്ഞടിച്ചാണ് ആശാന്‍ ശിഷ്യനെ ശിക്ഷിച്ചത്.
അതോടെ സൂചിയും നൂലും മാറ്റിവച്ച് വര്‍ക്കി തപാല്‍ വകുപ്പില്‍ ഇഡി മെയില്‍ കാരിയറായി. ഈ തൊഴിലും പച്ചപിടിച്ചില്ല. മയില്‍വാഹനം എന്ന പേരു വീണതു മിച്ചം. പിന്നീട് യൗവനത്തിന്റെ തിളപ്പില്‍ വര്‍ക്കിക്ക് കമ്പം കയറിയതു പൊതുപ്രവര്‍ത്തനത്തില്‍. സമൂഹികസേവനത്തിനു യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, കോണ്‍ഗ്രസ് (എസ്) ഒക്കെയായെങ്കിലും വര്‍ക്കിയുടെ മനസ്സിലെ നീറ്റല്‍ അടങ്ങിയില്ല. കാര്‍ഷികത്തകര്‍ച്ചയുടെ ആഘാതം മരക്കൊമ്പുകളിലും വിഷക്കുപ്പികളിലും കൃഷിക്കാര്‍ ഇറക്കിവയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കരള്‍ പിടഞ്ഞു. ആ പിടച്ചലില്‍നിന്നു പിറവിയെടുത്ത ഫാര്‍മേഴ്‌സ് റിലീഫ് ഫോറം എന്ന തീപ്പൊരി പ്രസ്ഥാനം ഒന്നുമല്ലാതായിരുന്ന വര്‍ക്കിയെ എല്ലാമാക്കി. ദുരിതസാഗരത്തില്‍ മൂക്കോളം മുങ്ങിയ ആയിരക്കണക്കിനു കര്‍ഷകരുടെ മിത്രവും ധനകാര്യസ്ഥാപനങ്ങളുടെ പ്രഖ്യാപിത ശത്രുവുമായി അദ്ദേഹം മാറി. നടവയല്‍ എന്ന കുഗ്രാമത്തില്‍ രൂപമെടുത്ത് വയനാട്ടിലാകെയും കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാര്‍ഷിക മേഖലകളിലും വേരോടിയ എഫ്ആര്‍എഫ് എന്ന കര്‍ഷക പ്രസ്ഥാനത്തിന്റെ പിതാവായാണ് 62കാരനായ വര്‍ക്കി ഇന്നറിയപ്പെടുന്നത്.
കര്‍ഷക സമരമുഖങ്ങളില്‍ സജീവമായിരിക്കെ, മൂന്നു വര്‍ഷം മുമ്പ് വര്‍ക്കിയെ രോഗം തളര്‍ത്തി. തുടരുന്ന ചികില്‍സയ്ക്ക് വര്‍ക്കിയ കിടപ്പുദീനക്കാരന്‍ എന്ന അവസ്ഥയില്‍നിന്നു മോചിപ്പിക്കാനായെങ്കിലും ആരോഗ്യം വീണ്ടെടുത്തു കൊടുക്കാനായില്ല.
ഇതോടെ എഫ്ആര്‍എഫിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ വര്‍ക്കി നടവയലിലെ വീട്ടില്‍ സംഘര്‍ഷഭരിതമായ മനസ്സുമായി സ്വപ്‌നങ്ങള്‍ കണ്ട് കഴിയുകയാണ്. റെയില്‍വേ ബജറ്റിന്റെ മാതൃകയില്‍ കാര്‍ഷിക ബജറ്റ്- ഇതാണ് വര്‍ക്കിയുടെ ഇപ്പോഴത്തെ കിനാവുകളില്‍ മുഖ്യം. കാലം ഇതും യാഥാര്‍ഥ്യമാക്കുമെന്നാണ് വര്‍ക്കിയുടെ വിശ്വാസം. കാര്‍ഷിക കടാശ്വാസ പദ്ധതിയും തെങ്ങ് ചെത്തി നീര ഉല്‍പാദിപ്പിച്ചു വില്‍ക്കാന്‍ കര്‍ഷക കൂട്ടായ്മകള്‍ക്കുള്ള അവകാശവും ഒരുകാലത്ത് എഫ്ആര്‍എഫിന്റെയും വര്‍ക്കിയുടെയും സ്വപ്‌നങ്ങളായിരുന്നു. ഇതു യാഥാര്‍ഥ്യമായെങ്കില്‍ കാര്‍ഷിക ബജറ്റ് എന്ന കിനാവും അചിരേണ പൂവണിയുമെന്നാണ് വര്‍ക്കിയുടെ പക്ഷം. കാര്‍ഷികരാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാര്‍ഷിക ബജറ്റ് അനിവാര്യതയാണെന്ന് അദ്ദേഹം പറയുന്നു.
1992ല്‍ നടവയല്‍ ആസ്ഥാനമായി പ്രവര്‍ത്തമാരംഭിച്ചതാണ് ഫാര്‍മേഴ്‌സ് റീലീഫ് ഫോറം. പേര് സൂചിപ്പിക്കുന്നതു പോലെ, കടക്കെണിയിലകപ്പെട്ട് ജപ്തിഭീഷണിയിലും ആത്മഹത്യാ മുനമ്പിലുമായ കര്‍ഷകര്‍ക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സംഘടനയുടെ രൂപീകരണം. നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനു പലചരക്ക് കടകളും നോട്ട്ബുക്ക്, കുട നിര്‍മാണ യൂനിറ്റുകളും മറ്റും തുടങ്ങിയാണ് ഫോറം കര്‍ഷകര്‍ക്കിടയില്‍ പിച്ചവച്ചത്. കൃഷിക്കാരില്‍നിന്നു മൂലധനം സമാഹരിച്ചായിരുന്നു സംരംഭങ്ങളുടെ തുടക്കം.
ബാങ്ക് വായ്പകള്‍ അടച്ചുപുതുക്കുന്നതില്‍ സഹായിക്കുന്നതിനായി 1994ല്‍ ആവിഷ്‌കരിച്ച പ്രാദേശിക വായ്പാ നിധിയാണ് (ലോക്കല്‍ ലോണ്‍ ഫണ്ട്) കര്‍ഷകരെ ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിലേക്ക് കൂട്ടത്തോടെ ആകര്‍ഷിച്ചത്. ആയിരക്കണക്കിനു കര്‍ഷകരാണ് നിധി ഉപയോഗപ്പെടുത്തി വായ്പ അടച്ചുപുതുക്കി ജപ്തി നടപടികളില്‍നിന്നു ഒഴിവായത്.
ബാങ്കുകളുടെ ജപ്തി നടപടികളെക്കെതിരേയും കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടും നീര ഉല്‍പാദന അവകാശത്തിനായും ഫാര്‍മേഴ്‌സ് റിലീഫ് ഫോറം നടത്തിയ പ്രക്ഷോഭങ്ങള്‍ കര്‍ഷകസമര ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെടേണ്ടതാണെന്നാണ് വര്‍ക്കിയുടെ അഭിപ്രായം.
1999 ഡിസംബറിലായിരുന്നു നീര ഉല്‍പാദന അവകാശത്തിനായുള്ള സമരം. ഈ സമരത്തിനു നേതൃത്വം നല്‍കിയ വര്‍ക്കി അബ്കാരി നിയമലംഘനത്തിന് 28 ദിവസമാണ് റിമാന്‍ഡില്‍ കഴിഞ്ഞത്. സമരത്തില്‍ വര്‍ക്കിക്കു പിന്നില്‍ അണിനിരന്നവര്‍ക്കും അനുഭവിക്കേണ്ടിവന്നു ജയില്‍വാസം. ജപ്തി പ്രതിരോധ പ്രക്ഷോഭത്തിന്റെ ഭാഗമായി എഫ്ആര്‍എഫ് വയനാട് കലക്ടറേറ്റ് പടിക്കല്‍ ആഴ്ചകള്‍ നീണ്ട സമരമാണ് നടത്തിയത്. 2006 നവംബര്‍ ഒന്നിന് ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം ഡിസംബര്‍ ഒന്നിനു നിരാഹാരസമരമാക്കി. സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ 2007 ജനുവരി 26നാണ് ഈ പ്രക്ഷോഭം ഒത്തുതീര്‍ന്നത്. കര്‍ഷകര്‍ ലക്കിടിയില്‍നിന്നു ചുരത്തിലൂടെ അടിവാരത്തേക്ക് നടത്തിയ ശയനപ്രദക്ഷിണവും ഈ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു.
വാഴവറ്റ തെറ്റിത്താനം ജോര്‍ജ്-കാതറിന്‍ ദമ്പതികളുടെ മകള്‍ ഗ്രേസിയാണ് വര്‍ക്കിയുടെ ഭാര്യ. 1981ലാണ് ഗ്രേസിയെ വര്‍ക്കി ജീവിതസഖിയാക്കിയത്. അരുണ്‍, അജയ്, അമ്പിളി എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
Next Story

RELATED STORIES

Share it