ആസ്‌ത്രേലിയയില്‍ മരിച്ച സഹോദരിമാര്‍ക്ക് ജന്മനാടിന്റെ വിട

കുറവിലങ്ങാട്(കോട്ടയം): ആസ്‌ത്രേലിയയിലെ ബ്രിസ്ബനില്‍ വാഹനാപകടത്തില്‍ മരിച്ച സഹോദരങ്ങളായ കോട്ടയം കാണക്കാരി പ്ലാപ്പള്ളില്‍ മാത്യുവിന്റെ (ബേബി) മക്കളായ അഞ്ജു മാത്യു (24), ആശ മാത്യു (18) എന്നിവര്‍ക്ക് ജന്മനാട് കണ്ണീരോടെ വിട നല്‍കി. കഴിഞ്ഞമാസം 23ന് ഇവര്‍ സഞ്ചരിച്ച കാര്‍ മാലിന്യം കയറ്റിവന്ന ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചത്.
ഇന്നലെ രാവിലെയാണ് മൃതദേഹങ്ങള്‍ കാണക്കാരിയിലെ വീട്ടിലെത്തിച്ചത്. മാത്യുവിന്റെയും ആലിസിന്റെയും മക്കളായ നാലു പേരും ആസ്‌ത്രേലിയയിലാണ്. അഞ്ചു വര്‍ഷം മുമ്പ് ബിഎസ്‌സി നഴ്‌സിങ് പൂര്‍ത്തിയാക്കി അഞ്ജുവാണ് ആദ്യം ആസ്‌ത്രേലിയയില്‍ എത്തിയത്. പിന്നാലെ മൂത്ത സഹോദരിമാരായ അനുവിനെയും എബിമോളെയും കൊണ്ടുപോയി. മൂവരും അവിടെ നഴ്‌സുമാരാണ്. ഇളയ മകളായ ആശ മാത്യു (18) രണ്ട് മാസം മുമ്പാണ് നഴ്‌സിങ് പഠനത്തിന് ബ്രിസ്ബനില്‍ എത്തിയത്. അനുവിനെ ജോലിസ്ഥലത്ത് എത്തിച്ച ശേഷം തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം.
എബിമോളുടെ ഭര്‍ത്താവായ അനീഷും ആസ്‌ത്രേലിയയില്‍ നഴ്‌സാണ്. സഹോദരിമാരായ എബിമോളും അനുവും രണ്ടുദിവസം മുമ്പ് ആസ്‌ത്രേലിയയില്‍ നിന്നും നാട്ടിലെത്തിയിരുന്നു. പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് മുരിക്കന്‍ സംസ്‌കാര ശുശ്രൂശഷയ്ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. സുരേഷ് കുറുപ്പ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it