Flash News

ആസ്‌ത്രേലിയയില്‍ ഭരണ പ്രതിസന്ധി : ഉപപ്രധാനമന്ത്രിയെ കോടതി അയോഗ്യനാക്കി



കാന്‍ബറ: ആസ്‌ത്രേലിയയില്‍ ഭരണ പ്രതിസന്ധി രൂക്ഷമായി. ഉപപ്രധാനമന്ത്രി ബാര്‍നബി ജോയ്‌സിക്ക് പാര്‍ലമെന്റില്‍ തുടരാന്‍ യോഗ്യതയില്ലെന്ന കോടതി വിധിയാണു പ്രതിസന്ധിക്കു കാരണം. ഇരട്ട പൗരത്വമുള്ളയാളെ അയോഗ്യനാക്കണമെന്ന 116 വര്‍ഷം പഴക്കമുള്ള ഭരണഘടനാ അനുച്ഛേദം ചൂണ്ടിക്കാട്ടിയാണു വിധി പുറപ്പെടുവിച്ചത്. ഭരണപക്ഷത്തെ നാലു സെനറ്റര്‍മാരെയും കോടതി അയോഗ്യരാക്കിയിട്ടുണ്ട്.ഇതേത്തുടര്‍ന്ന് ഒരു സീറ്റ് മാത്രം മുന്‍തൂക്കമുള്ള ഭരണപക്ഷം ഉപതിരഞ്ഞെടുപ്പു നടത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. അതേസമയം, കോടതിവിധി പ്രധാനമന്ത്രി മാല്‍കം ടേണ്‍ബല്‍ സ്വാഗതം ചെയ്തു. എന്നാല്‍ പുതിയ ഉപപ്രധാനമന്ത്രി ആരാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ടേണ്‍ബല്‍ നേതൃത്വം നല്‍കുന്ന ലിബറല്‍ പാര്‍ട്ടി ജോയ്‌സി നേതൃത്വം നല്‍കുന്ന നാഷനല്‍ പാര്‍ട്ടിയുമായി യോജിച്ചാണു ഭരണം നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ മൂന്നു സ്വതന്ത്ര പ്രതിനിധികളില്‍ ഒരാളുടെ പിന്തുണ ടേണ്‍ബലിന് അത്യാവശ്യമാണ്. രണ്ടുപേര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം ജോയ്‌സിയുടെ അവസാന തിരഞ്ഞെടുപ്പു മുതലുള്ള തീരുമാനങ്ങളില്‍ നിയമ നടപടിക്കൊരുങ്ങുകയാണു പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടി. ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ഒരാഴ്ചത്തെ ഇസ്രായേല്‍ സന്ദര്‍ശനത്തിനു പുറപ്പെടുമെന്നു നേരത്തെ അറിയിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ യാത്ര നീട്ടിവച്ചതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it