Flash News

ആസ്‌ത്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് : കെ ശ്രീകാന്ത് സെമിയില്‍



സിഡ്‌നി: ആസ്‌ത്രേലിയന്‍ ഓപണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സന്തോഷവും നിരാശയും. ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ കെ ശ്രീകാന്ത് ജയിച്ചപ്പോള്‍ വനിതാ കിരീട പ്രതീക്ഷകളായിരുന്ന പി വി സിന്ധുവും സെയ്‌ന നെഹ് വാളും സെമി കാണാതെ പുറത്തായി. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സായി പ്രണീതിനെ 43 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് സെമിയില്‍ പ്രവേശിച്ചത്. സ്‌കോര്‍: 25-23, 21-17. ഒപ്പത്തിനൊപ്പം മുന്നേറിയ ആദ്യ ഗെയിമില്‍ പതിനൊന്ന് പോയിന്റ് വരെ സായ് പ്രണീതിനായിരുന്നു മുന്‍തൂക്കം. പിന്നീട് മികച്ച വോളികളുമായി തിരിച്ചുവന്ന് ഗെയിം പിടിക്കുകയായിരുന്നു ശ്രീകാന്ത്. ഈ സീസണില്‍ മൂന്നാം സെമിഫൈനലില്‍ മല്‍സരിക്കുന്ന ശ്രീകാന്ത്, സിങ്കപ്പൂര്‍ ഓപണ്‍ ഫൈനലില്‍ സായിയോട് തോറ്റ് പുറത്തായിരുന്നു. ചൈനയുടെ നാലാം സീഡ് ഷി യുക്കി ആണ് ശ്രീകാന്തിന്റെ സെമിയിലെ എതിരാളി. വനിതാ സിംഗിള്‍സില്‍ നിലവിലെ ചാംപ്യയായ സൈന ആറാം സീഡായ ചൈനീസ് താരം സണ്‍ യുവിനോടാണ് പരാജയപ്പെട്ടത്. ഒരു മണിക്കൂറും 19 മിനിറ്റും നീണ്ടു നിന്ന മല്‍സരത്തില്‍ മൂന്ന് ഗെയിമില്‍ രണ്ടെണ്ണത്തില്‍ തോറ്റതാണ് സെയ്‌നയ്ക്ക് തിരിച്ചടിയായത്. സ്‌കോര്‍: 21-17, 10-21, 21-17. ആദ്യ സെറ്റില്‍ പൊരുതി തോറ്റ സെയ്‌ന, രണ്ടാം സെറ്റ് അനായാസം സ്വന്തമാക്കി. എന്നാല്‍, മൂന്നാം സെറ്റില്‍ സമാന തന്ത്രങ്ങള്‍ തന്നെ പയറ്റിയത് മുന്‍ ചാംപ്യന് തിരിച്ചടിയായി. കഴിഞ്ഞ വര്‍ഷം ആസ്‌ത്രേലിയന്‍ ഓപണ്‍ ഫൈനലില്‍ സണ്‍ യുവിനെ തോല്‍പിച്ചാണ് സെയ്‌ന കിരീടം സ്വന്തമാക്കിയത്.  അഞ്ചാം സീഡായ ഇന്ത്യയുടെ പി വി സിന്ധു ഒന്നാം സീഡായ ചൈനീസ് തായ്‌പെയിയുടെ തായ് സു യിങ്ങിനോടാണ് പരാജയപ്പെട്ടത്. ഒരു മണിക്കൂര്‍ പിന്നിട്ട മല്‍സരത്തില്‍ വിജയത്തിന്റെ പടിവാതില്‍ക്കലാണ് സിന്ധു പരാജയം രുചിച്ചത്. സ്‌കോര്‍: 10-21, 22-20, 21-16. ആദ്യഗെയിം സ്വന്തമാക്കിയ സിന്ധു പക്ഷേ, രണ്ടാം ഗെയിമില്‍ കടുത്ത ചെറുത്തുനില്‍പ്പിനൊടുവില്‍ തളര്‍ന്നുപോയി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ സിന്ധുവിനെ നിഷ്പ്രയാസം മറികടന്നാണ് തായ്‌പെയ് താരം ക്വാര്‍ട്ടറില്‍ എത്തിയത്.
Next Story

RELATED STORIES

Share it