ആസ്‌ത്രേലിയന്‍ ഓപണ്‍: പേസ്, ബൊപ്പണ്ണ സഖ്യങ്ങള്‍ക്ക് ജയം; ജോകോവിച്ച്, ഫെഡറര്‍, സെറീന ക്വാര്‍ട്ടറില്‍

മെല്‍ബണ്‍: നിലവിലെ ചാംപ്യന്‍മാരായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ച്, അമേരിക്കയുടെ സെറീന വില്യംസ്, മുന്‍ ജേതാക്കളായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍, റഷ്യയുടെ മരിയ ഷറപ്പോവ എന്നിവര്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
നാല് മണിക്കൂറും 32 മിനിറ്റും നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തില്‍ 14ാം സീഡായ ഫ്രാന്‍സിന്റെ ഗില്ലസ് സിമോണിനെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പര്‍ താരമായ ജോകോവിച്ച് അവസാന എട്ടിലേക്ക് ടിക്കറ്റെടുത്തത്. സ്‌കോര്‍: 6-3, 6-7, 6-4, 4-6, 6-3.
മൂന്നാം റാങ്കുകാരനായ ഫെഡറര്‍ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെതിരേയും (6-2, 6-1, 6-4) ലോക ഒന്നാം റാങ്കുകാരിയായ സെറീന റഷ്യയുടെ മാര്‍ഗരിറ്റ ഗാസ്പര്യനെതിരേയും (6-2, 6-1) അനായാസ ജയമാണ് കൈക്കലാക്കിയത്. അഞ്ചാം സീഡായ ഷറപ്പോവ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്ത ബെന്‍സിക്കിനെയാണ് മറികടന്നത്. സ്‌കോര്‍: 7-5, 7-5.
മിക്‌സിഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പോസ്, ബൊപ്പണ്ണ സഖ്യങ്ങള്‍ ജയത്തോടെ രണ്ടാം റൗണ്ടിലേക്ക് കടന്നു. നിലവിലെ ജേതാക്കള്‍ കൂടിയായ പേസ്-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം റഷ്യയുടെ അനാസ്റ്റസിയ പവ്‌ലുചെന്‍കോവ-ബ്രിട്ടന്റെ ഡൊമിനിക് ഇന്‍ഗ്ലോട്ട് സഖ്യത്തെയാണ് ഒന്നാം റൗണ്ടില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 7-5.
ചൈനീസ് തായ്‌പേയിയുടെ യുങ് ജാനിനൊപ്പം റാക്കറ്റേന്തിയ ബൊപ്പണ്ണ ആസ്‌ത്രേലിയയുടെ ജോഹന്‍ മില്‍മാന്‍-കിംബേളി ബിറെല്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-5, 6-1.
Next Story

RELATED STORIES

Share it