ആസ്തി സംരക്ഷിക്കാത്ത പഞ്ചായത്തുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടി

എച്ച്  സുധീര്‍
പത്തനംതിട്ട: ഗ്രാമപ്പഞ്ചായത്തുകളുടെ കൈവശമുള്ള ഭൂമി കൈയേറ്റത്തിലൂടെയും മറ്റ് അനധികൃത ഇടപെടലുകളിലൂടെയും നഷ്ടപ്പെടുന്നതു തടയാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാല്‍ പല പഞ്ചായത്തുകളുടെയും വസ്തുവകകള്‍ കൈയേറ്റം വഴിയോ അല്ലാതെയോ അന്യാധീനപ്പെടുന്ന സ്ഥിതി വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.
പഞ്ചായത്ത് ആസ്തി സംരക്ഷിക്കാത്ത ഗ്രാമപ്പഞ്ചായത്തുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണു തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഡയറക്ടര്‍ പി മേരിക്കുട്ടി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പഞ്ചായത്ത് വകയോ നിയന്ത്രണത്തിലുള്ളതോ ആയ ഭൂമി ഗ്രാമപ്പഞ്ചായത്തിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ആരെങ്കിലും കൈവശം വച്ചാല്‍ അതു കൈയേറ്റമായി കണക്കാക്കണമെന്ന് സര്‍ക്കുലര്‍ പറയുന്നു. കൈയേറ്റക്കാരന്‍ ഭൂമി കൈവശം വച്ച കാലയളവില്‍ പിഴയൊടുക്കാന്‍ ബാധ്യസ്ഥനാണ്. കൈയേറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ പഞ്ചായത്ത് സെക്രട്ടറി കാലതാമസമില്ലാതെ കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കി ഭൂമി ഒഴിപ്പിക്കണം.
പഞ്ചായത്തിന് സ്വന്തമല്ലാത്തതും എന്നാല്‍ പഞ്ചായത്തില്‍ നിക്ഷിപ്തമായതുമായ വസ്തു വ്യവസ്ഥകള്‍ ലംഘിക്കാതെ പാട്ടത്തിനു നല്‍കാമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, 166ാം വകുപ്പ് ആറാം ഉപവകുപ്പ് പ്രകാരം സര്‍ക്കാര്‍ പഞ്ചായത്തിനു നല്‍കിയ ഭൂമി വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ അന്യാധീനപ്പെടുത്താനോ പാടില്ലെന്നും നിര്‍ദേശമുണ്ട്.
സംസ്ഥാനത്തുടനീളം വന്‍തോതില്‍ തോട് കൈയേറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തോട് പുറമ്പോക്കുകള്‍ പതിച്ചുനല്‍കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നു. ഗ്രാമപ്പഞ്ചായത്തിലെ എല്ലാ കൈയേറ്റ ഭൂമിയും അളന്നു തിട്ടപ്പെടുത്തി ഒഴിപ്പിക്കാന്‍ പഞ്ചായത്തുകള്‍ നടപടി സ്വീകരിക്കണമെന്നും ഡയറക്ടര്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it